നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഓഡിയോ ക്ലിപ്പുകളിൽ നിന്ന് ശബ്‌ദം തിരിച്ചറിഞ്ഞ് നടി മഞ്‌ജു വാര്യർ. ശബ്‌ദം തിരിച്ചറിഞ്ഞതായി മഞ്ജുവാര്യരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. തുടരന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.
ഓഡിയോ സന്ദേശങ്ങളിലെ ശബ്‌ദം ദിലീപിന്റേതാണോ എന്ന് സ്ഥിരീകരിക്കുകയായിരുന്നു ലക്ഷ്യം. കൊച്ചി നഗരത്തിലെ ഹോട്ടലിൽ വച്ചാണ് മൊഴി എടുത്തത്. ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജ്, സഹോദരൻ അനൂപ്, ആലുവയിലെ ഡോ. ഹൈദരലി തുടങ്ങിയവരുടെ ഫോൺ സംഭാഷണങ്ങളിലെ ശബ്‌ദം തിരിച്ചറിയുകയായിരുന്നു ലക്ഷൃം.
മൊഴിയെടുക്കൽ നാല് മണിക്കൂർ നീണ്ടു. സൗണ്ട് സിസ്റ്റം ഉപയോഗിച്ചാണ് മൊഴിയെടുത്തത്. ദിലീപിന്റെ ഉൾപ്പെടെ എല്ലാവരുടെയും ശബ്‌ദം മഞ്ജു തിരിച്ചറിഞ്ഞു.
നടൻ ദിലീപിന്റേതെന്ന് സംശയിക്കുന്ന നിർണായക ശബ്‌ദരേഖ ശനിയാഴ്‌ച പുറത്തു വന്നിരുന്നു. ദിലീപ് 2017 നവംബർ 15ന് ആലുവയിലെ പത്മസരോവരം വീട്ടിൽ സുഹൃത്ത് ബൈജു ചെങ്ങമനാടുമായി നടത്തിയ 10 സെക്കൻഡ് നീളുന്ന സംഭാഷണമാണ് പുറത്തുവന്നത്.
‘‘ഈ ശിക്ഷ ഞാൻ അനുഭവിക്കേണ്ടതല്ല, വേറെ പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു. അത്… അവരെ നമ്മൾ രക്ഷിച്ച് രക്ഷിച്ച് കൊണ്ടുപോയിട്ട് ഞാൻ ശിക്ഷിക്കപ്പട്ടു.’’ എന്നാണ് ദിലീപ് സുഹൃത്തിനോടു പറയുന്നത്. സംവിധായകൻ ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്‌ത സംഭാഷണമാണ് ഇത്.
വെള്ളിയാഴ്‌ച ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ച ആറ് ശബ്‌ദതെളിവുകളിൽ ഈ ശബ്‌ദരേഖയും സമർപ്പിച്ചിരുന്നു. ഈ ശബ്‌ദരേഖ തന്റേതല്ലെന്ന് ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യംചെയ്യലിൽ ദിലീപ് പറഞ്ഞിരുന്നു.
എന്നാൽ, ഇത് ദിലീപിന്റെ ശബ്‌ദംതന്നെയാണെന്ന് മറ്റ് സാക്ഷികളിൽ ചിലരും തിരിച്ചറിഞ്ഞിട്ടുണ്ട്. ശബ്‌ദരേഖ ശാസ്‌ത്രീയ പരിശോധനയ്‌ക്ക് ഫോറൻസിക് ലാബിൽ നൽകിയിരിക്കുകയാണ്.
നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ നാളെ ചോദ്യം ചെയ്യും. തുടരന്വേഷണത്തിന്‍റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍. സംഭവത്തില്‍ കാവ്യയ്ക്ക് പങ്കുണ്ടെന്ന തരത്തില്‍ ദിലീപിന്‍റെ സഹോദരീ ഭര്‍ത്താവ് പറയുന്നതായ ഫോണ്‍ സംഭാഷണം പുറത്തു വന്നിരുന്നു.ഈ സാഹചര്യത്തിലാണ് കാവ്യയെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യുന്നത്.
ദിലീപിന്‍റെ സഹോദരീ ഭര്‍ത്താവ് സുരാജും വ്യവസായി ശരത്തും തമ്മിലുളള ഫോണ്‍ സംഭാഷണത്തിലാണ് കാവ്യയുടെ പങ്ക് വ്യക്തമാക്കുന്ന സൂചനകളുണ്ടായിരുന്നത്. തന്നെ കുടുക്കാന്‍ ശ്രമിച്ച സുഹൃത്തുക്കൾക്ക് കാവ്യ തിരിച്ചു കൊടുത്ത പണിയാണിതെന്നായിരുന്നു സുരാജ് ശരത്തിനോട് പറഞ്ഞത്.
ജയിലില്‍ നിന്നും വന്ന ഫോണ്‍ കോള്‍ നാദിര്‍ഷ എടുത്തതോടെയാണ് ദിലീപിലേക്ക് തിരിയുന്നത്. അല്ലെങ്കില്‍ കാവ്യ മാത്രമായിരുന്നു കേസില്‍ ഉണ്ടാകേണ്ടിയിരുന്നത്. ദിലീപ് അത് ഏറ്റെടുത്തതാണെന്നും സുരാജ് ഫോണ്‍സംഭാഷണത്തില്‍ പറയുന്നുണ്ട്. ഇതോടെയാണ് തുടരന്വേഷണം കാവ്യയിലേക്ക് എത്തിയത്.
ചെന്നൈയിലുള്ള കാവ്യയോട് തിങ്കളാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ക്രൈംബ്രാഞ്ച് നിര്‍ദേശം.ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് മുന്‍പായി ചോദ്യം ചെയ്യലിനെത്തേണ്ട സ്ഥലം പറയാമെന്നും ക്രൈംബ്രാഞ്ച് കാവ്യയെ അറിയിച്ചിട്ടുണ്ട്.കാവ്യയെയും അമ്മയെയും അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു.
ഇവരുടെ ഫ്ലാറ്റുകളിലും ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ലക്ഷ്യയിലും പരിശോധനയും നടത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഡിസംബറില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലോടെയാണ് കേസില്‍ തുടരന്വേഷണമാരംഭിക്കുന്നത്.
കാവ്യയെ സംവിധായകൻ ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തി ചോദ്യം ചെയ്യാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.കേസില്‍ വിചാരണ അവസാന ഘട്ടത്തിലെത്തി നില്‍ക്കെയാണ് കേസില്‍ തുരന്വേഷണം ആരംഭിക്കുകയും പുതിയ തെളിവുകള്‍ അന്വേഷണ സംഘത്തിനു ലഭിക്കുകയും ചെയ്തത്.
ഈ സാഹചര്യത്തില്‍ തുരന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.