സംഘടനാ രംഗത്തും ഭരണ രംഗത്തും പുലർത്തിയ മികവിനുള്ള അംഗീകാരം ; കേന്ദ്ര കമ്മിറ്റിയിൽ പി രാജീവ്

സംസ്ഥാനത്തെ വ്യവസായ നിയമ വകുപ്പുകളുടെ മന്ത്രിയും
സിപിഐ(എം) സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗവുമായ പി രാജീവാണ് കേന്ദ്ര കമ്മറ്റിയിൽ ഇടം നേടിയ പുതുമുഖങ്ങളിൽ ഒരാൾ .സംഘടനാ രംഗത്തും ഭരണ രംഗത്തും പുലർത്തിയ മികവിനുള്ള അംഗീകാരം കൂടിയായി രാജീവിന് പാർട്ടി നൽകിയ പുതിയ പദവി.

വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെയാണ് പി രാജീവ് എന്ന പൊതു പ്രവർത്തകൻ്റെ ഉദയം. പിന്നീട്, കടന്നുവന്ന വഴികളിലൊക്കെയും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് ഏവർക്കും ഒരുപോലെ സ്വീകാര്യനായി.
രാഷ്ട്രിയ ഭേദമന്യേ ജനങ്ങൾക്ക് ഇഷ്ടപ്പെട്ടവനായി.

എസ്‌എഫ്‌ഐ ജില്ലാസെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌, ഡിവൈഎഫ്‌ഐ ജില്ലാസെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. 2015ലും 2018ലും സിപിഐ എം എറണാകുളം ജില്ലാസെക്രട്ടറി.
പിന്നീട് സംസ്ഥാന സെക്രട്ടറിയേറ്റംഗം , ആദ്യം ദേശാഭിമാനി റസിഡൻ്റ് എഡിറ്റർ പീന്നീട് ചീഫ് എഡിറ്റർ എന്നീ പദവികളും വഹിച്ചു.

ത്യാഗോജ്ജ്വലമായ സമരപാതകൾ താണ്ടിയാണ് പി രാജീവ് എന്ന കമ്യൂണിസ്റ്റ് നേതാവിൻ്റെ രാഷ്ട്രീയ വളർച്ച . ബഹുജന പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയതിൻ്റെ നിരവധി പോലീസ് മർദ്ദനവും ജയിൽവാസവും അനുഭവിക്കേണ്ടി വന്നു.

2009 മുതൽ 2015 വരെ രാജ്യസഭാംഗവും അഷ്വറൻസ്‌ കമ്മിറ്റി ചെയർമാനും പാനൽ ഓഫ്‌ ചെയർമാനുമായിരുന്നു. സിപിഐ എം പാർലമെന്ററി പാർടി ഡെപ്യൂട്ടി ലീഡർ, രാജ്യസഭയിൽ ചീഫ്‌ വിപ്പ്‌ എന്നീ സ്ഥാനങ്ങളും വഹിച്ചു. കാലാവധി പൂർത്തിയാക്കി പിരിഞ്ഞ വേളയിൽ രാജീവിന് രാജ്യസഭ നൽകിയ യാത്രയയപ്പ് മറ്റൊരംഗത്തിനും ലഭിച്ചിട്ടില്ലാത്ത വികാരവായ്പോടെ ആയിരുന്നു. രാജീവിൻ്റെ പാടവം ദേശീയ നേതാക്കൾ മറയില്ലാതെ പുകഴ്ത്തിയത് കേരളത്തിന് അഭിമാന നിമിഷങ്ങൾ സമ്മാനിച്ചു.

യു ഡി എഫ് കുത്തക മണ്ഡലം എന്ന് അവകാശപ്പെടുന്ന കളമശ്ശേരിയിൽ നിന്നും അട്ടിമറി വിജയം നേടിയാണ് ഇക്കുറി നിയമസഭയിലെത്തിയത്.
നിയമ വ്യവസായ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയെന്ന നിലയിലും അദ്ദേഹം പ്രാഗത്ഭ്യം തെളിയിച്ചു. രാഷ്ട്രീയ നേതാവെന്ന പോലെ ഗ്രന്ഥകാരൻ എന്ന നിലയിലും പേരെടുത്തു.

‘ഭരണഘടന: ചരിത്രവും സംസ്‌കാരവും’, ‘ആഗോളവൽക്കരണകാലത്തെ കാമ്പസ്’, ‘വിവാദങ്ങളിലെ വൈവിധ്യങ്ങൾ’, ‘കാഴ്ചവട്ടം’, ‘പുരയ്ക്കുമേൽ ചാഞ്ഞ മരം’ (മറ്റുള്ളവരുമായി ചേർന്ന്), ‘1957- ചരിത്രവും വർത്തമാനവും’ (എഡിറ്റർ) തുടങ്ങി ഒട്ടേറെ പ്രശസ്ത ഗ്രന്ഥങ്ങൾ രാജീവിൻ്റെതായുണ്ട്.

2017ൽ മികച്ച എംപിക്കുള്ള സൻസത്‌ രത്ന പുരസ്‌കാരം, മികച്ച പൊതുപ്രവർത്തകനുള്ള പി കെ വി പുരസ്‌കാരം, പി പി ഷണ്മുഖദാസ്‌ അവാർഡ്‌, മികച്ച മുഖപ്രസംഗത്തിനുള്ള പന്തളം കേരളവർമ പുരസ്‌കാരം എന്നിവ ലഭിച്ചു.

സ്വദേശം തൃശൂർ ജില്ലയിലെ മേലഡൂരാണ്. ദീർഘകാലമായി കളമശേരിയിലാണ് സ്ഥിരതാമസം. . കുസാറ്റ്‌ സ്‌കൂൾ ഓഫ്‌ ലീഗൽ സ്‌റ്റഡീസ്‌ വകുപ്പ് മേധാവി ഡോ. വാണി കേസരിയാണ് ഭാര്യ. ഹൃദ്യ, ഹരിത എന്നിവർ മക്കളാണ്. പാർട്ടിയുടെ ദേശീയ നേതൃനിരയിലേയ്ക്കുള്ള ഉയർച്ച,
സംഘടനാ രംഗത്തും ഭരണ രംഗത്തും രാജീവ്പുലർത്തിയ മികവിനുള്ള അംഗീകാരം കൂടിയായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News