പാർട്ടിയെ നയിക്കാൻ സീതാറാം യെച്ചൂരി

മൂന്നാം തവണയും സിപിഐഎം ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരിയെ തെരഞ്ഞെടുത്തു.

രാജ്യത്തെ രാഷ്ട്രീയ നേതാക്കളിലെ മികച്ച വാഗ്മികളിലൊരാൾ. മാർക്സിസം അടക്കമുള്ള വൈജ്ഞാനിക മണ്ഡലങ്ങളിൽ ഗാഢമായ അറിവ്. മികച്ച പാർലമെന്റേറിയൻ. എഴുത്തുകാരൻ. രാഷ്ട്രീയത്തിലെ ധിഷണാശാലിയെന്ന് എതിരാളികൾപോലും അംഗീകരിക്കുന്ന സീതാറാം യെച്ചൂരിക്ക് കൂടുതൽ വിശേഷണങ്ങൾ വേണ്ട.

1952 ആഗസ്ത് 12ൽ ചെന്നൈയിലായിരുന്നു യെച്ചൂരിയുടെ ജനനം.ജനനം ചെന്നൈയിലാണെങ്കിലും ബാല്യം ഹൈദരാബാദിൽ.

മികച്ച ടെന്നീസ് കളിക്കാരനായിരുന്ന യെച്ചൂരി ജെഎൻയുവിൽ പഠിക്കുമ്പോൾ ടെന്നീസ് ടീം ക്യാപ്റ്റനായിരുന്നു. ടെന്നീസിനൊപ്പം ബാഡ്മിന്റണിലും പ്രതിഭ തെളിയിച്ചു.സീതാറാം പഠനത്തിലും രാഷ്ട്രീയപ്രവർത്തനത്തിലും ഒരുപോലെ മികവ് തെളിയിച്ചു.

ചെന്നൈയിലെ പ്രസിഡന്റ്സ് എസ്റ്റേറ്റ് സ്കൂളിൽ ഹയർ സെക്കൻഡറിക്ക് പഠിക്കുമ്പോൾ സിബിഎസ്‌ഇ പരീക്ഷയിൽ രാജ്യത്ത് ഒന്നാംറാങ്ക് നേടിയിരുന്നു. അച്ഛന് ഡൽഹിക്ക് സ്ഥലം മാറ്റം ലഭിച്ചപ്പോൾ യെച്ചൂരിയും കൂടെ വന്നു. തുടർന്ന് ഡൽഹിയിലെ പ്രശസ്തമായ സെന്റ് സ്റ്റീഫൻസ് കോളേജിൽ ബിഎ ഓണേഴ്സ് പഠനം. എംഎ ഇക്കോണമിക്സിന് ജെഎൻയുവിൽ ചേർന്നതോടെ ജീവിതം തന്നെ മാറിമറിഞ്ഞു.

1974ൽ എസ്എഫ്ഐയിൽ അംഗമായി. 1975ൽ സിപിഐ എം അംഗത്വം. എംഎയ്ക്കുശേഷം സാമ്പത്തികശാസ്ത്രത്തിൽ ഗവേഷണം തുടങ്ങിയെങ്കിലും അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായതോടെ ഗവേഷണം മുടങ്ങി.

ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ എസ്എഫ്ഐ നേതാവായിരുന്ന യെച്ചൂരി ഭാവിയിൽ സിപിഐ എമ്മിനെ നയിക്കാൻ പ്രാപ്തിയുള്ള നേതാവാണെന്ന് കണ്ടെത്തിയത് ഇ എം എസും സുന്ദരയ്യയുമാണ്.

അടിയന്തരാവസ്ഥക്കാലത്തിന്റെ തീച്ചൂളയിൽ നിന്നാണ് യെച്ചൂരിയിലെ രാഷ്ട്രീയപ്രവർത്തകന്റെ തുടക്കം.

1974ൽ ജെഎൻയു കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട യെച്ചൂരി പിന്നീട് മൂന്നുവട്ടം സർവകലാശാല യൂണിയൻ പ്രസിഡന്റായി.

1984ൽ അഖിലേന്ത്യാ പ്രസിഡന്റ്. ഇതേവർഷം സിപിഐ എം കേന്ദ്ര കമ്മിറ്റിയിൽ ക്ഷണിതാവായി. 1985ൽ കൊൽക്കത്തയിൽ ചേർന്ന 12-ാം പാർട്ടി കോൺഗ്രസിൽ പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രൻപിള്ള എന്നിവർക്കൊപ്പം കേന്ദ്ര കമ്മിറ്റിയിൽ.

തിരുവനന്തപുരത്ത് ചേർന്ന 13-ാം പാർട്ടി കോൺഗ്രസിൽ കേന്ദ്ര സെക്രട്ടറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1992ൽ മദ്രാസിൽ ചേർന്ന 14-ാം പാർട്ടി കോൺഗ്രസിൽ പിബി അംഗമായി. പാർട്ടിയുടെ അന്താരാഷ്ട്ര വിഭാഗത്തിന്റെ ചുമതല യെച്ചൂരിക്കായിരുന്നു.

നേപ്പാളിൽ പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള മാവോയിസ്റ്റുകൾ ജനാധിപത്യത്തിലേക്ക് മടങ്ങിയതിനുപിന്നിലും പ്രധാന പങ്കുണ്ടായിരുന്നു.

വിവിധ ഭാഷകളിൽ യെച്ചൂരിക്കുള്ള പ്രാവീണ്യം പ്രസിദ്ധം. താങ്കൾ ഒരപകടകാരിയാണെന്ന് നർമംചാലിച്ച് യെച്ചൂരിയെ വിശേഷിപ്പിച്ചത് ജ്യോതിബസു.

ചൈന സന്ദർശിച്ച സിപിഐ എം സംഘത്തിലെ ബസവപുന്നയ്യയോട് തെലുങ്കിലും പി രാമമൂർത്തിയോട് തമിഴിലും ജ്യോതിബസുവിനോട് ബംഗാളിയിലും ഹർകിഷൻ സിങ് സുർജിത്തിനോട് ഹിന്ദിയിലും ഒരേസമയം സംസാരിച്ചതാണ് ജ്യോതിബസുവിന്റെ പരാമർശത്തിന് കാരണം.

രാഷ്ട്രപതിയുടെ നന്ദിപ്രമേയത്തിന് ഭേദഗതി അവതരിപ്പിച്ച് ചരിത്രത്തിൽ ഇടംനേടി. അതിനുമുമ്പ് രാഷ്ട്രപതിയുടെ പ്രസംഗം രാജ്യസഭയിൽ ഭേദഗതി ചെയ്യപ്പെട്ടത് മൂന്നുതവണമാത്രം.

2005 മുതൽ ബംഗാളിൽനിന്നുള്ള രാജ്യസഭാംഗമായ യെച്ചൂരി, മോദി സർക്കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ ഏകോപിപ്പിച്ചുള്ള പ്രവർത്തനത്തിന്റെ മുന്നണിയിലുണ്ട്.

2004ൽ ഒന്നാം യുപിഎ സർക്കാരിന്റെ രൂപീകരണത്തിലും സുർജിത്തിനൊപ്പം പ്രധാന പങ്കുവഹിച്ചു. യുപിഎ സർക്കാരിന്റെ പൊതുമിനിമം പരിപാടിക്ക് രൂപംനൽകിയ സമിതിയിലെ സിപിഐ എം പ്രതിനിധിയായിരുന്നു. ആണവകരാർ വിഷയത്തിൽ സർക്കാരും ഇടതുപക്ഷപാർട്ടികളും തമ്മിൽ രൂപീകരിച്ച ഏകോപനസമിതിയിൽ പ്രകാശ് കാരാട്ടിനൊപ്പം യെച്ചൂരിയും അംഗമായിരുന്നു.

മുതിർന്ന മാധ്യമപ്രവർത്തക സീമ ചിഷ്തിയാണ് ഭാര്യ. മൂന്നു മക്കൾ.

ലെഫ്റ്റ് ഹാൻഡ് ഡ്രൈവ്, വാട്ട് ഈസ് ഹിന്ദുരാഷ്ട്ര, സോഷ്യലിസം ഇൻ ട്വന്റിഫസ്റ്റ് സെഞ്ചുറി, സ്യൂഡോ ഹിന്ദൂയിസം എക്സ്പോസ്ഡ്; സാഫ്രൺ ബ്രിഗേഡ് മിത്ത് ആൻഡ് റിയാലിറ്റി, കാസ്റ്റ് ആൻഡ് ക്ലാസ് ഇൻ ഇന്ത്യൻ പൊളിറ്റിക്സ് ടുഡേ, ഓയിൽപൂൾ ഡെഫിസിറ്റ് ആൻഡ് സെസ്പൂൾ ഡെഫിസിറ്റ്, സോഷ്യലിസം ഇൻ ചെയിഞ്ചിങ് വേൾഡ്, കമ്യൂണലിസം വേഴ്സ്സ് സെക്യുലറിസം, ഘൃണ കി രാജ്നീതി (ഹിന്ദി) എന്നിവ പ്രധാന കൃതികൾ.

പീപ്പിൾസ് ഡയറി ഓഫ് ഫ്രീഡം സ്ട്രഗിൾ, ദ ഗ്രേറ്റ് റിവോൾട്ട് എ ലെഫ്റ്റ് അപ്രൈസൽ, ഗ്ലോബൽ ഇക്കോണമിക് ക്രൈസിസ്: എ മാർക്സിസ്റ്റ് പേർസ്പെക്ടീവ് എന്നീ പുസ്തകങ്ങൾ എഡിറ്റ് ചെയ്തു. ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, ബംഗാളി ഭാഷകളിൽ പാണ്ഡിത്യമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News