പിബിയില്‍ പുതുതായി തെരെഞ്ഞെടുക്കപ്പെട്ട രണ്ട് പുതുമുഖങ്ങളും ഡോക്ടര്‍മാര്‍; പിബിയില്‍ എംബിബിഎസുകാര്‍ മൂന്നായി

സിപിഐ എം പോളിറ്റ് ബ്യുറോയിലേക്ക് പുതുതായി തെരെഞ്ഞെടുക്കപ്പെട്ട മൂന്നുപേരില്‍ രണ്ടുപേരും ഡോക്ടര്‍മാര്‍. പശ്ചിമ ബംഗാളില്‍ നിന്നുള്ള രാമചന്ദ്ര ഡോമും മഹാരഷ്ട്രയില്‍ നിന്നുള്ള അശോക് ധാവ്ളെയും എംബിബിഎസ് നേടി ഡോക്ടര്‍മാരായി പ്രവര്‍ത്തിച്ച ശേഷമാണ് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞത്.

ഇവര്‍ കൂടി എത്തിയതോടെ പതിനേഴംഗ പിബിയില്‍ മൂന്നു ഡോക്ടര്‍മാരായി. നിലവില്‍ പി ബി അംഗമായ മുന്‍ പശ്ചിമ ബംഗാള്‍ ജനറല്‍ സെക്രട്ടറി സൂര്യകാന്ത മിശ്ര എംബിബിഎസ് ബിരുദധാരിയാണ്.

അശോക് ധാവ്ളെ എംബിബിഎസ് നേടിയ ശേഷം 1976 മുതല്‍ 1983വരെ വൈദ്യസേവനം നടത്തി. പിന്നീട് ആ മേഖല വിട്ട് പൊളിറ്റിക്സില്‍ എംഎ നേടി മുഴുവന്‍സമയ രാഷ്ട്രീയപ്രവര്‍ത്തകനായി.

എസ്എഫ്ഐ അഖിലേന്ത്യാ വൈസ്പ്രസിഡന്റ്, ഡിവൈഎഫ്ഐ മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റ്, സിപിഐ എം മഹാരാഷ്ട്ര സംസ്ഥാനസെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിച്ചു. ഐതിഹാസികമായ കര്‍ഷകമാര്‍ച്ചിനും ചരിത്രം കുറിച്ച കര്‍ഷകപ്രക്ഷോഭത്തിനും നേതൃത്വം നല്‍കി.

1959 ഫെബ്രുവരി എട്ടിന് പശ്ചിമ ബംഗാളിലെ ബിര്‍ഭൂം ജില്ലയില്‍ ജനിച്ച ഡോ രാമചന്ദ്ര ഡോം കൊല്‍ക്കട്ട എന്‍ആര്‍എസ് മെഡിക്കല്‍ കോളേജില്‍ നിന്നാണ് തന്റെ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയത്.

പട്ടിക വിഭാഗത്തില്‍ നിന്ന് പഠിച്ചുയര്‍ന്നു വന്ന ഡോം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായും വിവിധ സയന്‍സ് ക്ലബ്ബുകളുമായും അദ്ദേഹം അടുത്തബന്ധം പുലര്‍ത്തി. 1989 മുതല്‍ 2009 വരെ ലോക്സഭാംഗമായിരുന്ന അദ്ദേഹം ഇക്കാലയളവില്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമായി ബന്ധപ്പെട്ട സമിതികളില്‍ അംഗമായിരുന്നു.

1989, 1991, 1996, 1998, 1999, 2004 വര്‍ഷങ്ങളില്‍ പശ്ചിമ ബംഗാളിലെ ബിര്‍ഭും മണ്ഡലത്തില്‍ നിന്നും 2009ല്‍ ബോല്‍പൂര്‍ മണ്ഡലത്തില്‍ നിന്നും അദ്ദേഹം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ലോക്സഭയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ (മാര്‍ക്സിസ്റ്റ്) ചീഫ് വിപ്പായിരുന്നു.

പശ്ചിമ മിഡ്നാപുര്‍ ജില്ലയിലെ നാരയന്‍ഗഡ് സ്വദേശിയായ സൂര്യകാന്ത മിശ്ര വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്കു കടന്നത്. കട്ടക് മെഡിക്കല്‍ കോളേജില്‍ പഠിക്കുമ്പോള്‍ എസ്എഫ്‌ഐ ഒഡിഷ സംസ്ഥാന കമ്മിറ്റി അംഗമായി. 1971ലാണ് പാര്‍ടി അംഗമായത്. വൈദ്യപഠനം പൂര്‍ത്തിയാക്കി മിഡ്നാപൂരില്‍ തിരികെയെത്തി യുവജനപ്രസ്ഥാനത്തില്‍ സജീവമായി. 1978 മുതല്‍ 1991 വരെ അവിഭക്ത മിഡ്‌നാപുര്‍ ജില്ലാപരിഷത്ത് പ്രസിഡന്റായിരുന്നു.

1991 മുതല്‍ നാരയന്‍ഗഡില്‍നിന്ന് തുടര്‍ച്ചയായി അഞ്ചുതവണ നിയമസഭാംഗമായി. 1996 മുതല്‍ ഇടതുമുന്നണി മന്ത്രിസഭയില്‍ അംഗമായി. 2011 മുതല്‍ 2016വരെ പ്രതിപക്ഷ നേതാവായി. 1988ലാണ് പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗമായത്. 1995ല്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായി.

2002ല്‍ ഹൈദരബാദില്‍ നടന്ന 17ാം പാര്‍ടി കോണ്‍ഗ്രസില്‍ കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 20ാം പാര്‍ടി കോണ്‍ഗ്രസില്‍ പൊളിറ്റ്ബ്യൂറോ അംഗമായി. ഭാര്യ ഉഷ മിശ്ര പാര്‍ടി പ്രവര്‍ത്തകയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവുമാണ്. രണ്ട് മക്കളുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here