സ്ത്രീപ്രസ്ഥാനത്തിന്റെ പോരാട്ടവഴികളെ വിശാലമാക്കിയ സഖാവ്; എം സി ജോസഫൈന്റെ വിയോഗത്തില്‍ അനുശോചിച്ച് ഡോ. ആര്‍ ബിന്ദു

കേരളത്തിലെ മഹിളാപ്രസ്ഥാനത്തിന്റെ ഉജ്ജ്വലയായ കമ്യൂണിസ്റ്റ് സംഘാടകയായിരുന്നു സഖാവ് എം സി ജോസഫൈനെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. പ്രക്ഷോഭപ്രതീകമാണ് ആ ജീവിതം.

യുവജനപ്രസ്ഥാനം തൊട്ട്, കൈവെച്ച എല്ലാ സംഘാടനരംഗങ്ങളിലും ജോസഫൈന്‍ വേറിട്ട അടയാളമുണ്ടാക്കി. കെ.എസ്. വൈ.എഫ് നേതൃപദവി മുതല്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷപദവി വരേക്കുള്ള ഓരോ ഉത്തരവാദിത്തങ്ങളിലും രാജ്യത്തെ സ്ത്രീപ്രസ്ഥാനത്തിന്റെ പോരാട്ടവഴികളെ വിശാലമാക്കി. ഭരണനിര്‍വ്വഹണത്തിന്റെ ചുമതലകളിലും വിപ്ലവപ്രസ്ഥാനത്തിന്റെയും വനിതാപ്രസ്ഥാനത്തിന്റെയും കടമകള്‍ വിട്ടുവീഴ്ചയില്ലാതെ നിറവേറ്റി.

രക്തപതാകകളും ലക്ഷക്കണക്കിന് സഖാക്കളുടെ പ്രതീക്ഷകളും നിറഞ്ഞുനിന്ന പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലാണ് ജോസഫൈനൊപ്പം ഏറ്റവുമൊടുവില്‍ ഒരുമിച്ചിരുന്നത്. സമരതീക്ഷ്ണമായ സ്വന്തം ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവരോടൊപ്പം അവസാന മണിക്കൂറുകള്‍വരെ കര്‍മ്മോന്മുഖയായി നിന്നാണ് ജോസഫൈന്‍ അന്ത്യയാത്രയായിരിക്കുന്നത്. യൗവനം തൊട്ട് അവര്‍ നെഞ്ചേറ്റിയ സ്വപ്നങ്ങളുടെ കാവലാളുകള്‍ക്കെല്ലാം തീരാവേദന നല്‍കിയാണ് ജോസഫൈന്‍ വിട്ടുപിരിഞ്ഞിരിക്കുന്നത്. ദീപംപോലെ എന്നും അവരുടെ ഓര്‍മ്മകള്‍ വഴികാട്ടും – മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here