മരണം വരെ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് നിസ്വാര്‍ത്ഥ സേവനം നടത്തിയ സഖാവാണ് എം സി ജോസഫൈന്‍: എ വിജയരാഘവന്‍

എം സി ജോസഫൈന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സി പി ഐ എം പി ബി അംഗം എ വിജയരാഘവന്‍.

സഖാവ് എം സി ജോസഫൈന്റെ അപ്രതീക്ഷിത നിര്യാണം ഏറെ വേദനാജനകമാണ്. സിപിഐഎം ക്രൂരമായ വേട്ടയാടല്‍ നേരിട്ട അടിയന്തരാവസ്ഥക്കാലത്താണ് പ്രതികൂല സാഹചര്യങ്ങളെയെല്ലാം അവഗണിച്ചും അതിജീവിച്ചും സഖാവ് പുരോഗമന രാഷ്ട്രീയത്തിന്റെ കൊടി പിടിക്കുന്നത്. മഹിളാ-യുവജന പ്രസ്ഥാനങ്ങളിലൂടെയായിരുന്നു ജോസഫൈന്റെ രാഷ്ട്രീയ പ്രവേശനം. 1978 ല്‍ പാര്‍ട്ടി അംഗമായി. തുടര്‍ന്നിങ്ങോട്ട് മരണം വരെ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് അഹോരാത്രം നിസ്വാര്‍ത്ഥ സേവനം നടത്തിയ സഖാവാണ് എം സി ജോസഫൈന്‍. ദരിദ്ര പശ്ചാത്തലത്തില്‍ നിന്ന് കഠിനപ്രയത്‌നം കൊണ്ട് ഉന്നതവിദ്യാഭ്യാസം നേടി. ഉയര്‍ന്ന ശമ്പളമുള്ള അധ്യാപകജോലി വേണ്ടെന്ന് വച്ചാണ് സഖാവ് മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്കിറങ്ങുന്നത്. 1986 മുതല്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമാണ്. 2017 മുതല്‍ 2021 വരെ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയെന്ന നിലയിലും പ്രവര്‍ത്തിച്ചു. ജീവിതത്തില്‍ ഉടനീളം മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാനും അത് സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനും സഖാവ് തയ്യാറായി. പതിനാലാം പാര്‍ട്ടി കോണ്‍ഗ്രസ് മുതല്‍ എല്ലാ പാര്‍ട്ടി കോണ്‍ഗ്രസുകളിലും സഖാവ് പ്രതിനിധിയായിരുന്നു.

പാര്‍ട്ടിയുടെ ഊര്‍ജ്വസ്വലമായ വളര്‍ച്ചയ്ക്ക് കരുത്ത് പകര്‍ന്ന ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിനും നേതൃപരമായ പങ്കാളിത്തം വഹിച്ച ശേഷമാണ് സഖാവിന്റെ വിയോഗം. പാര്‍ട്ടിയുടെ ഭാവി സമര സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് സഖാവിന്റെ ഓര്‍മ്മകള്‍ കരുത്താകും.

അന്ത്യാഭിവാദ്യങ്ങള്‍ സഖാവേ

എ വിജയരാഘവന്‍

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here