സില്‍വര്‍ ലൈന്‍ പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് കോ-ലീ-ബി സഖ്യം: കോടിയേരി ബാലകൃഷ്ണന്‍

സില്‍വര്‍ ലൈന്‍ പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് കോ-ലീ-ബി സഖ്യമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കും. ജനങ്ങളാണ് പാര്‍ട്ടിയുടെ ശക്തി. 1383 ഹെക്ടര്‍ ഭൂമി മാത്രമാണ് പദ്ധതിക്കായി എടുക്കുന്നുന്നത്. ആ പ്രദേശത്തെ ജനങ്ങള്‍ക്ക് വീട് നഷ്ടമാകുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാരുണ്ടാകും. അതുകൊണ്ട് അവരെ ഇളക്കി വിട്ട് പദ്ധതി തകര്‍ക്കാമെന്ന് കോ-ലീ-ബി സഖ്യം കരുതരുത്.

കേന്ദ്ര ഗവണ്‍മെന്റ് 400 റെയില്‍വേ സ്‌റേഷനുകളും
1400 കീ.മി റെയില്‍വേ ട്രാക്കുകളുമാണ് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. എല്ലാം സ്വകാര്യ വത്കരിക്കുകയാണ്. ഇവിടെ പൊതുമേഖലയില്‍ ഒരു റെയില്‍വേ വരുമ്പോള്‍ അതിനെ എതിര്‍ക്കുന്നു. ഇത്തരക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരാണെന്നും അതുകൊണ്ടാണ് സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.

കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുകൂലമാണ്. അവരെ അണിനിരത്തികൊണ്ട് ഈ പദ്ധതി നടപ്പാക്കാന്‍ സാധ്യമാകുന്ന എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്ന് കോ-ലീ-ബി സഖ്യം മാനസിലാക്കുന്നതാണ് നല്ലതെന്ന് കോടിയേരി കൂട്ടിച്ചേര്‍ത്തു. പദ്ധതിയെ എതിര്‍ക്കുന്നവര്‍ ഒറ്റപ്പെടും. അവരുടെ കൂടെ നില്‍ക്കുന്നവര്‍ തന്നെ ഈ പദ്ധതിയെ അനുകൂലിച്ചുകൊണ്ടിരിക്കുകയാണ്. സില്‍വര്‍ ലൈന്‍ പദ്ധതി വേണമെന്ന് കെ വി തോമസ് ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞു, ഇതാണ് നാട്ടില്‍ ഉയര്‍ന്നുവരുന്ന വികാരമെന്നും അദ്ദേഹം വ്യക്തമാക്കി.

പിണറായി വിജയന്‍ സര്‍ക്കാര്‍ ഒരു കാര്യം പറഞ്ഞാല്‍ അത് ചെയ്യും. ഇച്ഛാശക്തിയുള്ള സര്‍ക്കാരാണ് കേരളത്തിലേത്. കൊവിഡ് കാലത്ത് അത് കണ്ടതാണ്. ദേശീയ പാത വികസനം നടക്കില്ലെന്ന് പറഞ്ഞു. എന്നിട്ടിപ്പോള്‍ എന്തായി. സിപിഐഎം ഒറ്റക്കെട്ടാണ്. പാര്‍ട്ടി കോണ്‍ഗ്രസില്‍ രണ്ടു ചേരി ഇല്ല. ബംഗാള്‍ ഒരു ചേരി കേരളം ഒരു ചേരി എന്ന് മാധ്യമങ്ങള്‍ പറഞ്ഞു. സി പിഐ എം ഒരു ചേരിയാണെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് തെളിയിച്ചു എന്നും കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here