ഒടുവില്‍ ഇമ്രാൻഖാൻ ഔട്ട്; പാകിസ്ഥാനിൽ അവിശ്വാസ പ്രമേയം പാസായി

അധികാരത്തിൽ തുടരാൻ മെനഞ്ഞ തന്ത്രങ്ങളെല്ലാം പാളിയതോടെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ പുറത്തായി. രാജ്യം നേരിടുന്ന സാമ്പത്തിക തകർച്ച ഉന്നയിച്ച് അവിശ്വാസപ്രമേയം കൊണ്ടുവന്ന പ്രതിപക്ഷത്തിനൊപ്പം സ്വന്തം പാളയത്തിൽനിന്നും ആളുകൂടിയതോടെയാണ് ഇമ്രാൻഖാൻ വീണത്. 342 അംഗ ദേശീയ അസംബ്ലിയിൽ 172 പേരുടെ പിന്തുണയായിരുന്നു ആവശ്യം. അവിശ്വാസം മറികടക്കാനാകില്ലെന്ന് മനസ്സിലാക്കി വോട്ടെടുപ്പ് അനുവദിക്കാതെ അസംബ്ലി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയ ഇമ്രാന്റെ രാഷ്ട്രീയ ഗൂഗ്ലി സുപ്രീംകോടതിയുടെ പ്രതിരോധത്തിലാണ് തകർന്നത്.

അസംബ്ലി പിരിച്ചുവിട്ടത് റദ്ദാക്കിയ കോടതി ശനിയാഴ്ച സഭചേരാൻ ഉത്തരവിട്ടു. ഇമ്രാൻ വീണതോടെ, പ്രതിപക്ഷ നേതാവ് ഷഹബാസ് ഷെരീഫ് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുമെന്നാണ് റിപ്പോർട്ട്. പാകിസ്ഥാനിൽ ഒരു പ്രധാനമന്ത്രിക്കും അഞ്ചുവർഷ കാലാവധി പൂർത്തിയാക്കാനായിട്ടില്ലെന്ന ചരിത്രം തിരുത്താൻ ഇമ്രാൻഖാനുമായില്ല. അവിശ്വാസം വിജയിച്ച് വോട്ടെടുപ്പിലൂടെ പുറത്തായ ആദ്യ പാകിസ്ഥാൻ പ്രധാനമന്ത്രിയുമായി ഇമ്രാൻഖാൻ. സുപ്രീംകോടതി നിർദേശപ്രകാരം ശനി പകൽ 10.30ന് ചേർന്ന സഭ ഒരു ദിവസംനീണ്ട അനിശ്ചിതാവസ്ഥയ്ക്കെക്കൊടുവിൽ അർധരാത്രിയിലാണ് അവിശ്വാസപ്രമേയത്തിൽ വോട്ടെടുപ്പിലേക്ക് കടന്നത്.

വോട്ടെടുപ്പിനു തൊട്ടുമുമ്പ് സ്പീക്കർ ആസാദ് ഖെെസറും ഡെപ്യൂട്ടി സ്പീക്കർ ഖാസിം സൂരിയും രാജിവച്ചു. തുടർന്ന് പ്രതിപക്ഷ അംഗം അയാസ് സാദിഖാണ് സഭ നയിച്ചത്.  ഭരണ പ്രതിപക്ഷ വാക്കേറ്റത്തിൽ മണിക്കൂറുകളോളം സ്തംഭിച്ചു. വോട്ടെടുപ്പ് വൈകിപ്പിക്കാനുള്ള തന്ത്രം ഇമ്രാന്റെ പാർടിയായ തെഹ്‌രികി ഇൻസാഫിന്റെ (പിടിഐ) അംഗങ്ങൾ പയറ്റി. നാലുതവണ സഭ നിർത്തിവച്ചു. ഇമ്രാൻഖാൻ അർധരാത്രിയിൽ മാത്രമാണ് സഭയിലെത്തിയത്. പാകിസ്ഥാന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാനുള്ള അമേരിക്കൻ ഗൂഢാലോചന വെളിപ്പെടുത്തുന്ന കത്ത് ചീഫ് ജസ്റ്റിസിന് കെെമാറുമെന്ന് ഇമ്രാൻ പറഞ്ഞു.

ശനിയാഴ്ച വോട്ടെടുപ്പ് നടന്നില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി ഉണ്ടാകുമെന്ന സ്ഥിതിയുമുണ്ടായി. സുപ്രീംകോടതി അർധരാത്രി തുറക്കുമെന്ന് ചീഫ് ജസ്റ്റിസ് ഉമർ അതാ ബന്ദിയാൽ വ്യക്തമാക്കി. പട്ടാള അട്ടിമറിയുടെ ചരിത്രമുള്ള പാകിസ്ഥാനിൽ അനിശ്ചിതാവസ്ഥ തുടർന്നത് അഭ്യൂഹങ്ങൾക്കും വഴിവച്ചു. ഇതിനിടെ ഇമ്രാൻ മന്ത്രിസഭായോഗം വിളിച്ചത് അഭ്യൂഹം സൃഷ്ടിച്ചു. രാജ്യത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here