അമിത് ഷായുടെ ഹിന്ദി വാദത്തിനെതിരെ വലിയ പ്രതിഷേധം; ഹിന്ദിയോട് ‘ജാവോ’ പറഞ്ഞ് കൂടുതല്‍ സംസ്ഥാനങ്ങള്‍

അമിത് ഷായുടെ ഹിന്ദി വാദത്തിനെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. അരുണാചല്‍ പ്രദേശില്‍ മാത്രമാണ് നിലവില്‍ ഹിന്ദി നിര്‍ബന്ധിത്യ പാഠ്യവിഷയമാണുള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍ എട്ടാം ക്ലാസ് വരെയാണ് ഹിന്ദി ഉള്ളത്. മറ്റ് സംസ്ഥാനങ്ങളിലും ഹിന്ദി പത്താം ക്ലാസ് വരെ നിര്‍ബന്ധമാക്കണമെന്നും ഇതിനായി 2,200 ഓളം ഹിന്ദി അധ്യാപകരെ നിയമിച്ചിട്ടുണ്ടെന്നും അമിത്ഷാ പറഞ്ഞിരുന്നു. ഈ പ്രസ്താവനയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ പ്രകോപിച്ചത്. അസം സാഹിത്യ സഭയും മണിപ്പൂര്‍ ഭാഷാ സംരക്ഷണ സമിതിയും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും വിദ്യാര്‍ത്ഥി സംഘടനകളും തീരുമാനത്തിനെതിരെ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്.

‘ഭരണഭാഷ ഔദ്യോഗിക ഭാഷയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചിട്ടുണ്ട്. ഇത് തീര്‍ച്ചയായും ഹിന്ദിയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കും. ഔദ്യോഗിക ഭാഷയെ രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രധാന ഭാഗമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞിരുന്നു. മറ്റ് ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ പൗരന്മാര്‍ പരസ്പരം ആശയവിനിമയം നടത്തുമ്പോള്‍ അത് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയിലായിരിക്കണമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്ററി ഔദ്യോഗിക ഭാഷാ സമിതിയുടെ 37-ാമത് യോഗത്തിലാണ് അമിത് ഷായാുടെ പ്രതികരണം. പ്രാദേശിക ഭാഷകളല്ല, ഇംഗ്ലീഷിന് പകരമായി ഹിന്ദിയാണ് ഉപയോഗിക്കേണ്ടതെന്നും അമിത് ഷാ പറഞ്ഞു. പ്രാദേശിക ഭാഷകളില്‍ നിന്നുള്ള വാക്കുകളും കൂട്ടിച്ചേര്‍ത്ത് ഹിന്ദി കൂടുതല്‍ ലളിതമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണം എന്ന കേന്ദ്രമന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും രംഗത്ത് വന്നിരുന്നു. ഇന്ത്യയുടെ ഐക്യത്തെ വേട്ടയാടാനുള്ള ശ്രമമാണിതെന്നും രാജ്യത്തിന്റെ വൈവിദ്ധ്യത്തെ തകര്‍ക്കാനാണ് ബിജെപി നേതാക്കള്‍ ശ്രമിക്കുന്നതെന്നും സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു. ഒറ്റ ഭാഷ മതിയെന്ന വാദം ഏകത്വമുണ്ടാക്കില്ല. ഒരേ തെറ്റ് ബിജെപി ആവര്‍ത്തിക്കുകയാണ്. പക്ഷേ അവര്‍ക്കിതില്‍ വിജയിക്കാനാകില്ലെന്നും സ്റ്റാലിന്‍ ട്വീറ്ററിലൂടെ പറഞ്ഞു.

ഹിന്ദി വാദത്തിനെതിരെ വലിയ പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ അലയടിക്കുന്നത്. തമിഴ് നാട്ടില്‍ തുടങ്ങിയ ‘ഹിന്ദി തെരിയാത് പോടാ’ എന്ന ഹാഷ് ടാഗ് ക്യാമ്പയില്‍ ദേശീയ തലത്തിലും പ്രചരിക്കുകയാണ്. ഒരു രാജ്യം ഒരു ഭാഷ എന്ന അജണ്ട നടപ്പാക്കാനുള്ള ബിജെപി നീക്കമാണ് അമിത്ഷായുടെ പ്രസ്താവനക്ക് പിന്നിലെന്നും ആക്ഷേപമുണ്ട്. വിലക്കയറ്റമടക്കം രാജ്യം നേരിടുന്ന നീറുന്ന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള കൗശലമായും വിലയിരുത്തപ്പെടുന്നു. രാഷ്ട്രീയ വിവാദമായതോടെ, ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളെ ഉദ്ദേശിച്ചാണ് അമിത്ഷാ പറഞ്ഞതെന്ന ന്യായീകരണമാണ് ബിജെപി ഉന്നയിക്കുന്നത്.

ഹിന്ദി രാഷ്ട്രമെന്ന വാദമുയര്‍ത്തി ചിലര്‍ രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരീര്‍ പ്രതികരിച്ചത്. രാജ്യത്തെ വിഘടിപ്പിക്കാനാണ് ഇവരുടെ ശ്രമം. എല്ലാവര്‍ക്കും ഒരേ അവകാശമാണുള്ളത്. തെരഞ്ഞെടുപ്പുകള്‍ ജയിച്ചെങ്കിലും മുഴുവന്‍ ഭാരതീയരുടെയും പിന്തുണ അവര്‍ക്കില്ലെന്ന കാര്യം ഓര്‍ക്കണമെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. ദക്ഷിണേന്ത്യന്‍ പാര്‍ട്ടികളും, തൃണമൂല്‍ കോണ്‍ഗ്രസും ഹിന്ദിവാദത്തെ എതിര്‍ത്ത് രംഗത്ത് വന്നതിന് പിന്നാലെ കോണ്‍ഗ്രസും എതിര്‍പ്പ് ശക്തമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News