‘എം സി ജോസഫൈന്‍ തന്റെ ശരീരത്തിന്റെ സാമൂഹികധര്‍മ്മം നിറവേറ്റിയാണ് ജീവിതത്തില്‍ നിന്നും മടങ്ങുന്നത്’: ദീപാ നിശാന്ത്

‘പ്രണാമം’ എന്ന ഒറ്റവാക്കിട്ട് എം സി ജോസഫൈന്റെ ചിത്രം പങ്കുവെച്ച സാഹിത്യകാരി ദീപാ നിശാന്തിന് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ധാരാളം മോശം കമന്റുകളാണ് നേരിടേണ്ടി വന്നത്. അത്തരത്തിലുള്ള കമന്റുകളുടെ പശ്ചാത്തലത്തില്‍ ദീപാ നിശാന്ത് എം സി ജോസഫൈനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ എഴുതിയ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.

എം സി ജോസഫൈന്‍ തന്റെ ശരീരത്തിന്റെ സാമൂഹികധര്‍മ്മം നിറവേറ്റിയാണ് ജീവിതത്തില്‍ നിന്നും മടങ്ങുന്നതെന്നും അവരുടെ ജീവിതത്തിലുടനീളം അവര്‍ സ്വീകരിച്ച ‘വര്‍ഗമുദ്ര’ ആ മരണത്തിലുണ്ടെന്നും ദീപാ നിശാന്ത് കുറിക്കുന്നു. വരുംകാലത്ത് തന്റെ മൃതശരീരത്തിന്റെ സാധ്യതകളെക്കൂടി മുന്‍കൂട്ടിക്കണ്ട് സ്വന്തം ശരീരത്തെ പഠനാവശ്യാര്‍ത്ഥം വിട്ടുകൊടുക്കുന്ന പേപ്പറില്‍ ഒപ്പുവെച്ചാണ് എം സി ജോസഫൈന്‍ തന്റെ ഇച്ഛാശക്തി തെളിയിക്കുന്നതെന്നും ആ വിട്ടുകൊടുക്കല്‍ സാംസ്‌കാരികമായ ഒരാവിഷ്‌കാരം കൂടിയാണ് ..അന്തസ്സുറ്റ മടക്കം തന്നെയാണത്… മരണത്തെപ്പോലും പരിഹസിക്കുന്ന ‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും ‘ എന്ന മട്ടിലുള്ള മനുഷ്യരേക്കാള്‍ ആയിരമിരട്ടി മൂല്യം അവരുടെ മൃതശരീരത്തിനുണ്ടെന്നും ദീപാ നിശാന്ത് തന്റെ ഫേസ്ബുക്കില്‍ കുറിക്കുന്നു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘മൃതശരീരത്തെ ദഹിപ്പിക്കുകയാണോ മറവു ചെയ്യുകയാണോ നല്ലത്’ – എന്ന ചോദ്യത്തിന് മറുപടിയായി മരിച്ചാല്‍ ചക്കിലാട്ടി തെങ്ങിന് വളമായി ഇടാനാണ് ശ്രീനാരായണ ഗുരു പറഞ്ഞത്. മരിച്ചാല്‍ നിങ്ങളുടെ മൃതശരീരം വൈദ്യപഠനത്തിന് നല്‍കാനാണ് ശാസ്ത്രം അഭ്യര്‍ത്ഥിക്കുന്നത്.

മരണത്തോടുള്ള മനുഷ്യരുടെ സമീപനങ്ങള്‍ വ്യത്യസ്തമായിരിക്കും. ജീവിച്ചിരിക്കുമ്പോള്‍ ജാതിമതരഹിതരായി ജീവിച്ച പലരും മരിക്കുമ്പോള്‍ സ്വജാതിയില്‍ത്തന്നെ മരിക്കുന്നതും സമുദായറീത്തുകള്‍ നെഞ്ചില്‍ ചുമന്ന് കിടക്കുന്നതും സ്വര്‍ഗപ്രാപ്തിക്കോ മോക്ഷത്തിനോ വേണ്ടി സമുദായശ്മശാനത്തില്‍ തന്നെ അടക്കപ്പെടുന്നതുമായ കാഴ്ചകള്‍ ചുറ്റും സുലഭമാണ്. അതിന് മരിച്ചവരെ പഴിച്ചിട്ട് കാര്യവുമില്ല.

എം സി ജോസഫൈന്‍ തന്റെ ശരീരത്തിന്റെ സാമൂഹികധര്‍മ്മം നിറവേറ്റിയാണ് ജീവിതത്തില്‍ നിന്നും മടങ്ങുന്നത്.അവരുടെ ജീവിതത്തിലുടനീളം അവര്‍ സ്വീകരിച്ച ‘വര്‍ഗമുദ്ര’ ആ മരണത്തിലുമുണ്ട്. വരുംകാലത്ത് തന്റെ മൃതശരീരത്തിന്റെ സാധ്യതകളെക്കൂടി മുന്‍കൂട്ടിക്കണ്ട് സ്വന്തം ശരീരത്തെ പഠനാവശ്യാര്‍ത്ഥം വിട്ടുകൊടുക്കുന്ന പേപ്പറില്‍ ഒപ്പുവെച്ചാണ് തന്റെ ഇച്ഛാശക്തി അവര്‍ തെളിയിക്കുന്നത്.ആ വിട്ടുകൊടുക്കല്‍ സാംസ്‌കാരികമായ ഒരാവിഷ്‌കാരം കൂടിയാണ് ..അന്തസ്സുറ്റ മടക്കം തന്നെയാണത്… മരണത്തെപ്പോലും പരിഹസിക്കുന്ന ‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും ‘ എന്ന മട്ടിലുള്ള മനുഷ്യരേക്കാള്‍ ആയിരമിരട്ടി മൂല്യം അവരുടെ മൃതശരീരത്തിനുണ്ട്. താന്‍ കൊന്ന മനുഷ്യരുടെ തലയോടു കൊണ്ട് പേപ്പര്‍ വെയിറ്റുണ്ടാക്കിക്കളിക്കുന്ന ഹിറ്റ്‌ലറിന്റെ മനോഗതിക്കാര്‍ക്കത് മനസ്സിലാകണമെന്നില്ല. മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടും കാര്യമില്ല. സാമൂഹ്യവളര്‍ച്ചയുടെ ഒരു വികസിതഘട്ടം വിദൂരഭാവിയിലെങ്കിലും അവര്‍ക്കുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയേ നിര്‍വ്വാഹമുള്ളൂ.

‘ പ്രണാമം ‘ എന്ന ഒറ്റവാക്കിട്ട് സഖാവ് ജോസഫൈന്റെ ചിത്രം പങ്കുവെച്ച എന്റെ പോസ്റ്റിനു താഴെ കണ്ട കമന്റുകള്‍ സത്യത്തില്‍ പേടിപ്പെടുത്തി.. ‘അവസാനനിമിഷം ഒരിറ്റുവെള്ളം പോലും നേരെ ചൊവ്വേ കുടിക്കാന്‍ പറ്റിക്കാണില്ല. കാലത്തിന്റെ കാവ്യനീതി ‘ എന്നാണ് ഒരാള്‍ കമന്റിട്ടത്.നെഞ്ചില്‍ വെടിയേറ്റും ബോംബ് സ്‌ഫോടനത്തിലും മരിച്ച സ്വന്തം നേതാക്കളുടെ മരണത്തെ അയാള്‍ എങ്ങനെയാകും കാണുന്നുണ്ടാകുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here