”വഴക്ക് പറയുന്ന ജോസഫൈനെ ഓര്‍മ്മിച്ച് ശൈലജ ടീച്ചര്‍”…

ഏറെ ബഹുമാനം തോന്നിയ വ്യക്തിത്വമാണ് സഖാവ് ജോസഫൈനെന്ന് മുന്‍ ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍. തങ്ങള്‍ തമ്മില്‍ വായനയെ സംബന്ധിച്ച കാര്യങ്ങള്‍ പരസ്പരം പങ്കുവെയ്ക്കുമായിരുന്നുവെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു.

”ജോസഫൈന്‍ പുതിയൊരു പുസ്തകം വായിച്ചാല്‍ എന്നെ വിളിക്കും. എന്നിട്ട് പറയും ശൈലജേ, ഞാന്‍ ഇങ്ങനെയൊരു പുസ്തകം വായിച്ചു. ശൈലജ അത് വായിച്ചിട്ടുണ്ടോ എന്നും അതിനെക്കുറിച്ച് അഭിപ്രായവും ചോദിക്കും. അഥവാ വായിച്ചിട്ടില്ലെങ്കില്‍ അടിയന്തരമായി വായിക്കാന്‍ പറയും. കുറച്ച് ദിവസം കഴിഞ്ഞ് വീണ്ടും ചോദിക്കും ശൈലജ അത് വായിച്ചിരുന്നോയെന്ന്. വായിച്ചില്ലെന്ന് പറഞ്ഞാല്‍ വഴക്ക് പറയും. വായനയിലൂടെ കിട്ടുന്ന അറിവുകള്‍ ഞാനുമായി പങ്കുവെയ്ക്കുമായിരുന്നു”-ശൈലജ ടീച്ചര്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

ദീര്‍ഘകാലം സഖാവിന്റെ കൂടെ പ്രവര്‍ത്തിച്ച അനുഭവം തനിക്കുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലും തങ്ങള്‍ അടുത്തടുത്ത സീറ്റുകളിലായിരുന്നു. തന്റെ കയ്യില്‍ പിടിച്ചാണ് പല വേദികളിലും പോയിരുന്നത്. പൂര്‍ണമായും ഒരു കമ്മ്യൂണിസ്റ്റ് ആയിരുന്നു സഖാവ് ജോസഫൈന്‍.

പാര്‍ട്ടിയുടെ അച്ചടക്കത്തിന് വിധേയമായാണ് സഖാവ് ജോസഫൈന്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും പുറമെ പരുഷമാണെന്ന് തോന്നുന്ന സംസാരമാണെങ്കിലും സാധാരണക്കാരോടും സ്ത്രീകളോടുമെല്ലാം അകമഴിഞ്ഞ സ്‌നേഹമായിരുന്നുവെന്നും ശൈലജ ടീച്ചര്‍ ജോസഫൈനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചു. കര്‍ശന സ്വഭാവമായിരുന്നു സഖാവ് ജോസഫൈന്റേതെന്നും അത് ചിട്ടയായി കാര്യങ്ങള്‍ നടത്താന്‍ സഹായിക്കുമായിരുന്നുവെന്നും ശൈലജ ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here