ജാര്‍ഖണ്ഡില്‍ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരുക്ക്

ജാര്‍ഖണ്ഡിലെ ദിയോഘര്‍ ബാബ ബൈദ്യനാഥ് ക്ഷേത്രത്തിന് സമീപമുള്ള ത്രികുട്ട് കുന്നുകളില്‍ റോപ്പ്‌വേയിലെ കേബിള്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് കേബിള്‍ കാറില്‍ നിന്ന് ചാടാന്‍ ശ്രമിച്ച ദമ്പതികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.റോപ്പ്‌വേയിലെ 12 ക്യാബിനുകളിലായി 50 പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും ദൃസാക്ഷികള്‍ പറയുന്നു.

സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) ഒരു സംഘത്തെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ‘സ്ഥിതിഗതികള്‍ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാണ്. ചിലര്‍ ഇപ്പോഴും റോപ്പ്വേയിലെ കേബിള്‍ കാറുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. അവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന്’ ഡെപ്യൂട്ടി കമ്മീഷണര്‍ മഞ്ജുനാഥ് ഭജന്‍ത്രി പറഞ്ഞു. എല്ലാ വിനോദസഞ്ചാരികളെയും സുരക്ഷിതമായി ഒഴിപ്പിക്കുകയാണെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കുടുങ്ങിക്കിടക്കുന്നവര്‍ക്ക് വെള്ളവും ലഘുഭക്ഷണവും നല്‍കിയിട്ടുണ്ട്. അവരെ രക്ഷിക്കാന്‍ എന്‍ഡിആര്‍എഫിന് കഴിയുന്നില്ലെങ്കില്‍ ഇന്ത്യന്‍ വ്യോമസേനയുടെ സഹായം തേടുമെന്നും അധികൃതര്‍ പറഞ്ഞു. അപകടവിവരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ജാര്‍ഖണ്ഡ് ചീഫ് സെക്രട്ടറി സുഖ്ദിയോ സിങ്ങിനെയും അറിയിച്ചിട്ടുണ്ടെന്നും എന്‍ഡിആര്‍എഫ് ടീമുകളെ വിന്യസിക്കാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും ഗോഡ്ഡ എംപി നിഷികാന്ത് ദുബെ പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ലംബമായ റോപ്പ്‌വേയാണ് ത്രികുട്ട് റോപ്പ്‌വേയെന്ന് ജാര്‍ഖണ്ഡ് ടൂറിസം വകുപ്പ് പറയുന്നു. ബാബ ബൈദ്യനാഥ് ക്ഷേത്രത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള റോപ്പ്‌വേയില്‍ 766 മീറ്റര്‍ നീളമുണ്ട്. കുന്നിന് 392 മീറ്റര്‍ ഉയരമുണ്ട്. 25 ക്യാബിനുകളാണ് റോപ്പ് വേയിലുള്ളത്. ഓരോ ക്യാബിനിലും നാല് പേര്‍ക്ക് ഇരിക്കാം. സംഭവത്തിന് ശേഷം റോപ്പ് വേ മാനേജരും മറ്റ് ജീവനക്കാരും സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here