എത്ര തെറി വിളികളാവും മറികടന്നത്? തുറിച്ച് നോക്കിയവർക്കിടയിലൂടെ തലയുയർത്തിപ്പിടിച്ച് നടന്നു പോയ ജോസഫൈൻ; ലിജീഷ് കുമാറിന്റെ വാക്കുകൾ വൈറൽ

സഖാവ് ജോസഫൈൻ വിപ്ലവ ഓർമയായി ജ്വലിച്ചു നിൽക്കുമ്പോൾ എഴുത്തുകാരൻ ലിജീഷ് കുമാറിന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു. റിമയുടെ തുടകൾ കാണുമ്പോൾ ഇപ്പോഴും അസ്വസ്ഥരാകുന്നവരാണ് മലയാളികൾ. എന്നാൽ ഈ കാണുന്ന പുരോഗമന ചിന്തകൾ വ്യാപകമാകുന്നതിന് മുൻപ് തുറിച്ച് നോക്കിയവർക്കിടയിലൂടെ തലയുയർത്തിപ്പിടിച്ച് നടന്നു പോയ ആളാണ് ജോസഫൈനെന്ന് ലിജീഷ് കുറിച്ചു.

ഫേസ്‌ബുക് കുറിപ്പ്

‘ഒരാളും ഉടനീളം അയാളല്ല !’ എന്നൊരു പ്രയോഗമുണ്ട്, കല്പറ്റ നാരായണൻ മാഷിൻ്റെ. ഒരിക്കൽ സ്നേഹിച്ചിരുന്നവരോടെല്ലാം പിന്നീട് കലഹിക്കേണ്ടി വരുമ്പോൾ ഞാനിതോർക്കും. പണ്ടിയാൾ ഇങ്ങനെയായിരുന്നില്ലല്ലോ എന്ന്, നാളെ ഇങ്ങനെയായിരിക്കാനിടയില്ല എന്ന്, ഈ കലഹവും കടന്ന് പോകും എന്ന്. അപ്പോഴൊന്നും ഈ മനുഷ്യനും കടന്ന് പോകും എന്ന് ചിന്തിച്ചില്ലല്ലോ എന്നാണ് ഞാനിപ്പോഴോർക്കുന്നത്.

എം.സി.ജോസഫൈൻ മടങ്ങുകയാണ്. ആവോളം നാം തിരുത്തിയിട്ടും, ആവോളം നാം നമ്മെ നവീകരിച്ചിട്ടും, നാമിപ്പോഴും റിമയുടെ തുടകളിൽ തട്ടിയുടഞ്ഞുപോകുന്ന നാമാണ്. അപ്പോഴൊന്നോർത്തു നോക്കിയേ ഇതിനും പണ്ട്, പണ്ടു പണ്ട്, ഈ പുതിയ നമ്മളൊക്കെ ഉണ്ടാകും മുമ്പ്, തുറിച്ച് നോക്കിയവർക്കിടയിലൂടെ തലയുയർത്തിപ്പിടിച്ച് നടന്നു പോയ ഒരു ജോസഫൈനെ ! സഖാവ് ജോസഫൈൻ എന്ന് വിളിക്കപ്പെടും മുമ്പ് എത്ര മാത്രം തെറി വിളികളെയാവും, ഏതെല്ലാം പിൻവിളികളെയാവും, ഉൾവിളിയുടെ മാത്രം ബലം കൊണ്ട് അവർ മറികടന്ന് പോന്നിട്ടുണ്ടാവുക !! സങ്കടം ഡിയർ കോമ്രേഡ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here