ഗീബല്‍സിയന്‍ തന്ത്രത്തിന്റെ മലയാള പതിപ്പായി മലയാള മനോരമയെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. നുണ വാര്‍ത്തകള്‍ നൂറാവര്‍ത്തി പ്രചരിപ്പിച്ചാല്‍ അത് സത്യമാണെന്ന ധാരണ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കാന്‍ കഴിയും എന്നതാണ് ഗീബല്‍സിയന്‍ തന്ത്രമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ:
നുണ വാര്‍ത്തകള്‍ നൂറാവര്‍ത്തി പ്രചരിപ്പിച്ചാല്‍ അത് സത്യമാണെന്ന ധാരണ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കാന്‍ കഴിയും എന്നതാണ് ഗീബല്‍സിയന്‍ തന്ത്രം. ലോകത്തെ മുഴുവന്‍ കീഴ്‌പെടുത്താന്‍ ശ്രമിച്ച അഡോള്‍ഫ് ഹിറ്റ്‌ലറുടെ ഫാസിസ്റ്റ് വാഴ്ചയുടെ വിജയത്തിനും നിലനില്‍പ്പിനും വേണ്ടി ഹിറ്റ്‌ലറുടെ പ്രോപഗണ്ട മന്ത്രിയായിരുന്ന ജോസഫ് ഗീബല്‍സ് ആണ് ഈ തന്ത്രം ലോകത്തിന് പരിചയപ്പെടുത്തി കുപ്രസിദ്ധി നേടിയത്.
ഫാസിസത്തിന്റെ ഒന്നാം നമ്പര്‍ ശത്രു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആയിരുന്നു. കമ്മ്യൂണിസ്റ്റ് ആശയങ്ങളെ നശിപ്പിച്ചാലെ ഫാസിസത്തിന് വേരൂന്നാന്‍ കഴിയു എന്ന് മനസ്സിലാക്കിയ ഹിറ്റ്‌ലര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്കെതിരെ ഈ തന്ത്രമാണ് ഉപയോഗിച്ചത്.
ജര്‍മ്മന്‍ പാര്‍ലമെന്റായ റീച്ച്സ്റ്റാഗ് തീവച്ച് അത് കമ്മ്യൂണിസ്റ്റുകാരുടെ തലയില്‍ കെട്ടിവച്ച് വന്‍തോതില്‍ പ്രചാരവേല നടത്തി കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ ഭരണകൂട ഭീകരത അഴിച്ച് വിടുകയായിരുന്നു ഹിറ്റ്‌ലര്‍ ചെയ്തത്. റീച്ച്സ്റ്റാഗിന് തീവച്ചത് ഫാസിസ്റ്റുകളുടെ പ്രവര്‍ത്തനമായിരുന്നു എന്ന സത്യം ലോകം പിന്നീട് മനസ്സിലാക്കി, എന്നാല്‍ അതിന് മുന്‍പ് തന്നെ ആയിരക്കണക്കിന് കമ്മ്യൂണിസ്റ്റുകാരെ ഹിറ്റ്‌ലറുടെ ഫാസിസ്റ്റ് ഭരണകൂടവും നാസി പടയും ഉന്മൂലനാശം വരുത്തിയിരുന്നു.
തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ ആക്രമിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം അവര്‍ക്കെതിരെ കള്ളപ്രചാരവേല നടത്തലാണ് എന്ന ഗീബല്‍സിയന്‍ തന്ത്രം മനോരമ കേരളത്തില്‍ നടപ്പാക്കുകയാണ്. കണ്ണൂരില്‍ ചേര്‍ന്ന 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ കെ റെയിലുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രി സ: പിണറായി വിജയന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നയങ്ങള്‍ക്ക് വിരുദ്ധമായ നിലപാടാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ: സീതാറാം യെച്ചൂരിയ്ക്ക് എന്ന് സ്ഥാപിക്കാന്‍ നട്ടാല്‍ കുരുക്കാത്ത നുണകളാണ് മനോരമ എഴുതിക്കൂട്ടിയത്.
ആവര്‍ത്തിച്ചാവര്‍ത്തിച്ച് സ: യെച്ചൂരി ഇത് നിഷേധിച്ചു. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനോട് സിപിഐ എം കേന്ദ്ര നേതൃത്വത്തിന് പൂര്‍ണ്ണയോജിപ്പാണ് എന്ന കാര്യം അദ്ദേഹം വീണ്ടും പലതവണ ചൂണ്ടികാണിച്ചു. ‘ നിങ്ങള്‍ക്ക് മനസ്സിലാകാന്‍ ഞാന്‍ ഇനി ഏത് ഭാഷയിലാണ് പറയേണ്ടത് ‘ എന്ന് സ: യെച്ചൂരി മലയാളത്തിലെ മാധ്യമ പ്രവര്‍ത്തകരോട് ചോദിക്കുന്ന അവസ്ഥയോളം കാര്യങ്ങള്‍ എത്തി. എന്നാലും കള്ളപ്രചാരവേല അവസാനിപ്പിക്കാന്‍ തയ്യാറല്ല എന്ന നിലപാടാണ് മനോരമ സ്വീകരിക്കുന്നത്.
ഇന്നത്തെ മനോരമ മുഖപ്രസംഗത്തിന്റെ അവസാനഭാഗം വായിച്ചാല്‍ അക്കാര്യം മനസിലാകും. ‘ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ പാര്‍ട്ടി വീണ്ടും സൂക്ഷമ പരിശോധന നടത്തും’ എന്നാണ് മനോരമയുടെ കണ്ടെത്തല്‍, പാര്‍ട്ടി കോണ്‍ഗ്രസ്സ് ഏകകണ്ഠമായി അംഗീകരിച്ച കാര്യങ്ങളില്‍ ഇനിയെന്ത് സൂക്ഷ്മ പരിശോധന എന്ന സാമാന്യയുക്തിയൊന്നും മനോരമയ്ക്ക് ബാധകമല്ല. ആടിനെ പട്ടിയാക്കി, അതിനെ പേപ്പട്ടിയാക്കി തല്ലികൊല്ലുന്ന പത്രപ്രവര്‍ത്തനശൈലി തങ്ങള്‍ ഉപേക്ഷിക്കില്ല എന്ന ദൃഢനിശ്ചയത്തിലാണ് മനോരമ. ഇത്തരം വ്യാജവാര്‍ത്തകളെ തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് കഴിയും എന്നതാണ് കേരളത്തിന്റെ രക്ഷ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
Get real time update about this post categories directly on your device, subscribe now.