അഞ്ച് പതിറ്റാണ്ട് നീണ്ട സമര ഇതിഹാസത്തിന് വിട… ജോസഫൈന് അന്ത്യാഭിവാദ്യമർപ്പിക്കാൻ എത്തിയത് നിരവധി പേര്‍

എം.സി ജോസഫൈന് നാട് വിട നൽകി. സമൂഹത്തിൻ്റെ വിവിധ തുറകളിൽ നിന്നുള്ള നൂറുകണക്കിന് പ്രവർത്തകർ പ്രീയ നേതാവിന് അന്ത്യാഭിവാദ്യമർപ്പിക്കാൻ അങ്കമാലിയിലേക്ക് ഒഴുകിയെത്തിയിരുന്നു. ജോസഫൈൻ്റെ ജീവിതാഭിലാഷ പ്രകാരം മൃതദേഹം മെഡിക്കൽ വിദ്യാർഥികൾക്ക് വിട്ടുനൽകി.

സി.പി.ഐ.എം നേതാക്കളും കുടുംബാഗങ്ങളും ചേർന്നാണ് കളമശേരി മെഡിക്കൽ കോളജ് സൂപ്രണ്ടിന് മൃതദേഹം കൈമാറിയത്. രാഷ്ട്രീയവും ജീവിതവും രണ്ടല്ലാത്ത അഞ്ച് പതിറ്റാണ്ട് നീണ്ട സമരേതിഹാസത്തിനാണ് സംസ്ഥാനം വിട നൽകിയത്.

കണ്ണൂരിൽ നിന്നും വിലാപയാത്രയായി അങ്കമാലിയിലേക്കെത്തിച്ച ജോസഫൈൻ്റെ മൃതദേഹം ആദ്യം സ്വവസതിയിലാണ് പൊതുദർശനത്തിന് വെച്ചത്. തുടർന്ന് സി.പി.ഐ.എം ഏരിയാ കമ്മിറ്റി ഓഫീസിലേക്കും അവിടെ നിന്ന് സി.എസ്.എ ഓഡിറ്റോറിയത്തിലേക്കും കൊണ്ടുവന്നു.

പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ നാനാതുറകളിൽ നിന്നുള്ള നൂറുകണക്കിനാളുകൾ മണിക്കൂറുകളോളം നിലക്കാതെ ഒഴുകിയെത്തി. കക്ഷിരാഷ്ട്രീയ, ജാതി മത പ്രായഭേദമന്യേ നിരവധി പേർ അന്ത്യാഭിവാദ്യമർപ്പിച്ചു.

നഷ്ടപ്പെട്ടത് ജ്യേഷ്ഠസഹോദരി തന്നെയെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗം കെ.കെ ശൈലജ ടീച്ചർ പറഞ്ഞു. സ്ത്രീ വിമോചനാശയങ്ങളിൽ അവിശ്വസനീയമായ പാണ്ഡിത്യമുണ്ടായിരുന്ന നേതാവെന്ന് ജനാധിപത്യ മഹിള അസോസിയേഷൻ സെക്രട്ടറി സി.എസ് സുജാത.

പാഠപുസ്തകം പോലെ പഠിക്കേണ്ടതാണ് ജോസഫൈൻ്റെ ജീവിതമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.സ്വരാജും പ്രതികരിച്ചു. പൊതുദർശനം പൂർത്തിയാക്കി കൃത്യം രണ്ടു മണിക്ക് തന്നെ ജോസഫൈൻ്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിന് കൈമാറി. വികാരനിർഭരമായിരുന്നു അങ്കമാലി ജോസഫൈന് നൽകിയ വിടവാങ്ങൽ.

സി.പി.ഐ.എം പി.ബി അംഗം എ. വിജയരാഘവൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങൾ, സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മിറ്റിയംഗങ്ങൾ, മന്ത്രിമാർ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തുടങ്ങി നിരവധി നേതാക്കളും പ്രവർത്തകരും അന്ത്യാഭിവാദ്യമർപ്പിക്കാനെത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here