
തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപം
റെഡ് കെയർ – പി.ബിജു ഓർമ്മ മന്ദിര നിർമ്മാണത്തിന് വ്യത്യസ്ത ധനശേഖരണപരിപാടിയുമായി ഡി വൈ എഫ് ഐ . കേരളീയ ഭാവുകത്വത്തെ ആഴത്തിൽ സ്പർശിച്ച 25 പ്രതിഭകളുടെ യൗവനകാല സ്മരണകൾ ഒരു പുസ്തകമായി പ്രസിദ്ധീകരിക്കുകയും അതിന്റെ വിൽപ്പനയിലൂടെ ലഭിക്കുന്ന പണം മന്ദിര നിർമ്മാണത്തിനായി ഉപയോഗിക്കുകയും ചെയ്യും.
‘യൗവനത്തിന്റെ പുസ്തകം ‘ എന്ന് പേരിട്ട, പ്രശസ്ത വ്യക്തികളുടെ ഓർമ്മകളുടെ സമാഹാരം ഏപ്രിൽ 12 ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി പ്രകാശനം ചെയ്യുമെന്ന് ഡി വൈ എഫ് ഐ ജില്ല പ്രസിഡന്റ് വി.വിനീത്, സെക്രട്ടറി കെ പി പ്രമോഷ് എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
വൈകിട്ട് 5 ന് സ്റ്റുഡന്റ്സ് സെന്ററിലാണ് പരിപടി .മലയാള പുസ്തക പ്രസാധന ചരിത്രത്തിൽ അപൂർവ റെക്കോർഡുമായാണ് യൗവനത്തിന്റെ പുസ്തകം പുറത്തിറങ്ങുന്നത്. ഇതിനോടകം കാൽലക്ഷം കോപ്പികൾ പ്രി ബുക്കിംഗ് നടന്നു.300 രൂപയാണ് വില.
സി പി ഐ (എം ) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പ്രീബുക്കിംഗിന് തുടക്കം കുറിച്ചത്. തിരുവനന്തപുരം ജില്ലയിലെ ഡി വൈ എഫ് ഐ ബ്ലോക്ക് – മേഖല – യൂണിറ്റു തല പ്രവർത്തകർ വായനക്കാരുടെ വീടുകളിലെത്തിയാണ് ഒരു മാസം നീണ്ടു നിന്ന പ്രീബുക്കിംഗ് ക്യാമ്പയിൻ സംഘടിപ്പിച്ചത്.
ലൈബ്രറികൾ, പൊതു സ്ഥാപനങ്ങൾ, സാംസ്കാരിക-സാഹിത്യ പ്രവർത്തകർ എന്നിവരും ക്യാമ്പയിനിൽ അണിചേർന്നു. വ്യത്യസ്ത മേഖലകളിലെ 25 പ്രതിഭകളുടെ യൗവനകാല സ്മരണകളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
പിണറായി വിജയൻ , മമ്മൂട്ടി ,കോടിയേരി ബാലകൃഷ്ണൻ , മോഹൻലാൽ എം.എ.ബേബി, സാറാ ജോസഫ്,അടൂർഗോപാലകൃഷ്ണൻ, എം.കെ.സാനു, റിട്ട.ജസ്റ്റിസ് .കെ.ടി.തോമസ്, സച്ചിദാനന്ദൻ, സി.രാധാകൃഷ്ണൻ, എം.മുകുന്ദൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, ബാലചന്ദ്ര മേനോൻ, സെബാസ്റ്റ്യൻ പോൾ, സുനിൽ.പി. ഇളയിടം, ഖദീജാ മുംതാസ്, അശോകൻ ചരുവിൽ, ഷാജി.എൻ.കരുൺ കുരീപ്പുഴ ശ്രീകുമാർ, കമൽ,ജോൺ ബ്രിട്ടാസ്, ഗോപിനാഥ് മുതുകാട്, സി.കെ.വിനീത്,സന്തോഷ് ഏച്ചിക്കാനം എന്നിവരുടെ ഓർമ്മകൾ സമാഹരിച്ചിരിക്കുന്നു.ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡോ: ഷിജൂഖാനാണ് എഡിറ്റർ.
ഗവേഷകരും ഡി വൈ എഫ് ഐ പ്രവർത്തകരുമായ ജെ എസ് സമ്പത്ത്, ശരത് കുമാർ വി എന്നിവരടങ്ങിയ എഡിറ്റോറിയൽ ടീമാണ് പുസ്തകത്തിന് പിന്നിൽ. പുസ്തകം ആവശ്യമുള്ള ഡിസ്ട്രിബ്യൂട്ടേഴ്സും വായനക്കാരും ഡി വൈ എഫ് ഐ ജില്ലാകമ്മിറ്റി ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here