നടിയെ ആക്രമിച്ച കേസ് ; കാവ്യയുടെ ആവശ്യം ക്രൈംബ്രാഞ്ച് തള്ളി

നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ വീട്ടില്‍ വച്ച് ചോദ്യം ചെയ്യാനാവില്ലെന്ന് ക്രൈംബ്രാഞ്ച്. എന്നാല്‍ മറ്റൊരിടത്ത് എത്താനാവില്ലെന്ന് കാവ്യയും അറിയിച്ചു. സാക്ഷിയായതിനാല്‍ തനിക്ക് ഉചിതമായ തീരുമാനം എടുക്കാമെന്ന നിലപാടിലാണ് കാവ്യ. ഇതോടെ ചോദ്യം ചെയ്യല്‍ എവിടെ എന്നത് സംബന്ധിച്ച അനിശ്ചിതത്വം നീളുകയാണ്.

ബുധനാഴ്ചയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നടി കാവ്യാ മാധവന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്.തിങ്കളാഴ്ച ഹാജരാകാനാണ് നേരത്തേ ആവശ്യപ്പെട്ടതെങ്കിലും കാവ്യ അസൗകര്യം അറിയിച്ചതോടെ ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

പിന്നാലെയാണ് ചോദ്യം ചെയ്യുന്ന സ്ഥലം സംബന്ധിച്ച് അനിശ്ചിതത്വം ഉണ്ടായിരിക്കുന്നത്. ആലുവ പത്മസരോവരത്തിലെ വീട്ടിലെത്തി ചോദ്യം ചെയ്യാമെന്നായിരുന്നു കാവ്യ ക്രൈംബ്രാഞ്ചിനെ അറിയിച്ചത്. എന്നാല്‍ വീട്ടിലെത്തി ചോദ്യം ചെയ്യാനാകില്ലെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

സാക്ഷിയായതിനാൽ തനിക്ക് ഉചിതമായ സ്ഥലം തെരഞ്ഞെടുക്കാമെന്ന നിലപാടിലാണ് കാവ്യ. നിയമാനുസൃതമായി ചോദ്യം ചെയ്യാമെന്നും മറ്റൊരിടത്ത് എത്താനാകില്ലെന്നും കാവ്യ മറുപടി നല്‍കി.

വീട്ടിലല്ലാതെ സ്വകാര്യ ഹോട്ടലിലോ സൗകര്യമുളള മറ്റൊരിടമോ ആകാമെന്ന് ക്രൈംബ്രാഞ്ചും അറിയിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍  കാവ്യയെയും അമ്മയെയും നേരത്തേ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു.

പിന്നാലെ പൊലീസ് തന്‍റെ അമ്മയെ ഉപദ്രവിച്ചുവെന്ന് ആരോപിച്ച് കാവ്യ കോടതിയില്‍ പരാതി നല്‍കി. ഇതോടെയാണ് തുടരന്വേഷണത്തിന്‍റെ ഭാഗമായുളള ചോദ്യം ചെയ്യല്‍ വീട്ടില്‍ വേണ്ടെന്ന തീരുമാനം ക്രൈംബ്രാഞ്ച് എടുത്തത്.

നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന ചില ശബ്ദരേഖകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മുഖ്യപ്രതി പൾസർ സുനിലിന്‍റെ മൊഴികളനുസരിച്ചും കാവ്യ മാധവനിലേക്ക് വിരൽ ചൂണ്ടുന്ന ചില സൂചനകളുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here