
ആധുനിക കേരളത്തിനും മലയാള ഭാഷയ്ക്കും എണ്ണമറ്റ സംഭാവനകള്‍ നല്‍കിയ മഹാകവി കുമാരനാശാന്റെ 150ാം ജന്മദിനം ഇന്ന്.
മലയാളകവിതയുടെ കാല്പനികവസന്തത്തിനു തുടക്കംകുറിച്ച കവിയാണ് മഹാകവി കുമാരനാശാന്‍. ആശാന്റെ കൃതികള്‍ കേരളീയ സാമൂഹിക ജീവിതത്തില്‍ വമ്പിച്ച പരിവര്‍ത്തനങ്ങള്‍ വരുത്തുവാന്‍ സഹായകമായി.
ആധുനിക കവിത്രയത്തിലൊരാളുമാണ് കുമാരനാശാന്‍. മലയാള സാഹിത്യത്തിലെ ആശയഗംഭീരന്‍, സ്‌നേഹഗായകന്‍ എന്നിവ അദ്ദേഹത്തിന്റെ വിശേഷണങ്ങളായി പറയാറുണ്ട്.
മലയാളകാവ്യാന്തരീക്ഷത്തില്‍ തികച്ചും നൂതനമായൊരനുഭവമായിരുന്നു അദ്ദേഹത്തിന്റെ വീണപൂവ് എന്ന ഖണ്ഡകാവ്യം. വിഷൂചികപിടിപെട്ട്, ആലുവയിലെ വീട്ടില്‍ കിടപ്പിലായിരുന്ന ശ്രീനാരായണഗുരുവിന്റെ അവസ്ഥയില്‍നിന്നാണ് വീണപൂവിന്റെ ആദ്യവരികള്‍ രൂപംകൊണ്ടതെന്നു കരുതപ്പെടുന്നു.
”
ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ നീ!
ശ്രീഭൂവിലസ്ഥിര- അസംശയം- ഇന്നു നിന്റെ-
യാഭൂതിയെങ്ങു പുനരിങ്ങു കിടപ്പിതോര്‍ത്താല്‍
”
എന്നാരംഭിക്കുന്ന വീണപൂവില്‍, പൂവിന്റെ ജനനംമുതല്‍ മരണംവരെയുള്ള അതീവസൂക്ഷ്മമായ ഘട്ടങ്ങള്‍ മനുഷ്യജീവിതത്തിന്റെ നൈമിഷികതയെ ഓര്‍മ്മിപ്പിച്ചുകൊണ്ട്, കേവലം നാല്പത്തിയൊന്നു ശ്ലോകങ്ങളിലൂടെ ഹൃദയസ്പര്‍ശിയാംവിധം ചിത്രീകരിച്ചിരിക്കുന്നു.
തുടര്‍ന്ന് അക്കാലത്തെ പ്രധാനപ്പെട്ട സാഹിത്യമാസികയായ ഭാഷാപോഷിണിയിലും അതു പ്രസിദ്ധീകരിച്ചു. അതോടെ ശ്രദ്ധേയനായ കവിയെന്ന നിലയ്ക്ക് ആശാന്റെ സ്ഥാനമുറച്ചു. വീണപൂവിന്റെ പ്രസിദ്ധീകരണത്തോടുകൂടെലഭിച്ച അംഗീകാരം, ആശാനിലെ കവിയ്ക്കു കൂടുതല്‍ പ്രചോദനമരുളി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here