നടിയെ ആക്രമിച്ച കേസ്; സുരാജ് ഹൈക്കോടതിയെ സമീപിച്ചു

നടിയെ ആക്രമിച്ച കേസില്‍ സുരാജ് ഹൈക്കോടതിയെ സമീപിച്ചു. മാധ്യമവിചാരണ തടയണമെന്നാണ് സുരാജിന്റെ ആവശ്യം. ദിലീപിന്റെ സഹോദരീ ഭര്‍ത്താവാണ് സുരാജ്.

അതേസമയം നടിയെ ആക്രമിച്ച കേസ്സില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കി. ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് അപേക്ഷ. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു തെളിവ് നശിപ്പിച്ചു എന്നും അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട് .

ഇതിനിടെ സൈബര്‍ ഹാക്കര്‍ സായ് ശങ്കറെ മാപ്പുസാക്ഷിയാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. കോടതി രേഖകള്‍ ചോര്‍ന്ന സംഭവുമായി ബന്ധപ്പെട്ട് ഡി വൈ എസ് പി ബൈജു പൗലോസ് വിചാരണക്കോടതിയില്‍ ഹാജരാക്കി.

ദിലീപ് നേരിട്ടും ബന്ധുക്കള്‍ മുഖേനയും അഭിഭാഷകരെ ഉപയോഗിച്ചും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നതാണ് ഒന്നാമത്തെ ആരോപണം . ഇക്കാര്യം തെളിയിക്കാനാവശ്യമായ മൊഴികള്‍ ക്രൈംബ്രാഞ്ച് ഇതിനകം ശേഖരിച്ചു. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ് രണ്ടാമത്തെ ആരോപണം. മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ച സംഭാഷണങ്ങള്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ഡിജിറ്റല്‍ തെളിവുകള്‍ എന്നിവ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തും.

2018 ല്‍ ദിലീപിന് ഹൈക്കോടതി ജാമ്യം നല്‍കിയത് സാക്ഷികളെ സ്വാധീനിക്കരുത് , അന്വേഷണം തടസ്സപ്പെടരുതെന്ന് എന്നീ ഉപാധികളോടെയായിരുന്നു. ഈ ജാമ്യവ്യവസ്ഥകള്‍ ദിലീപ് ലംഘിച്ചു എന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. 2018 ല്‍ അറസ്റ്റിലായ ദിലീപിന് 85 ദിവസത്തിന് ശേഷമാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം നല്‍കിയത്.

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍പ് ഒരു തവണ ക്രൈബ്രാഞ്ച് കോടതിയില്‍ എത്തിയിരുന്നു. എന്നാല്‍ അപേക്ഷ കോടതി തള്ളി. പുതിയ സാഹചര്യത്തില്‍ ജാമ്യം റദ്ദാക്കല്‍ അനിവാര്യമാണെന്ന് ക്രൈംബ്രാഞ്ച് വാദിക്കുന്നു.

ഇതിനിടെ വധഗൂഢാലോചനാ കേസില്‍ സൈബര്‍ ഹാക്കര്‍ സായ് ശങ്കറെ മാപ്പ്‌സാക്ഷിയാക്കാന്‍ ക്രൈം ബ്രാഞ്ച് നീക്കം തുടങ്ങി. ദിലീപിനെതിരായ നിര്‍ണ്ണായക തെളിവായി ഇത് മാറുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

ഇന്ന് നിശ്ചയിച്ചിരുന്ന സായ് ശങ്കറിന്റെ ചോദ്യം ചെയ്യലും നടന്നില്ല. അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി ബൈജു പൗലോസിന് വിചാരണക്കോടതിയില്‍ ഹാജരാകേണ്ടതിനാലാണ് ചോദ്യം ചെയ്യല്‍ മാറ്റിയത്.

കോടതി രേഖകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയെന ആരോപണവുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാനാണ് ബൈജു പൗലോസ് കോടതിയില്‍ എത്തിയത്. കോടതി രേഖകള്‍ ചോര്‍ന്ന സംഭവത്തില്‍ കോടതി ജീവനക്കാരെയടക്കം ചോദ്യം ചെയ്യണം എന്നാണ് ക്രൈംബ്രാഞ്ച് നിലപാട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel