സംസ്ഥാനത്ത് സ്പോർട്സ് ഇക്കോണമി മിഷൻ നടപ്പാക്കും: മന്ത്രി വി. അബ്ദുറഹിമാൻ

സംസ്ഥാനത്തിന്റെ കായികരംഗത്തെ നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി സ്പോർസ് ഇക്കോണമി മിഷൻ നടപ്പാക്കുമെന്നു കായിക മന്ത്രി വി. അബ്ദുറഹിമാൻ. അടുത്തമാസം പ്രഖ്യാപിക്കുന്ന കായിക നയത്തിൽ സ്പോർസ് ഇക്കോണമി മിഷൻ എന്ന ആശയത്തിനു പ്രാധാന്യം നൽകും.

കായിക രംഗത്തെ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാകും ഇതു നടപ്പാക്കുകയെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കായിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1200 കോടിയോളം രൂപ സംസ്ഥാന സർക്കാർ ഇതിനോടകം ചെലവഴിച്ചിട്ടുണ്ട്.

ഇതിനു പുറമേ സ്വകാര്യ മേഖലയിൽ 20,000 കോടി രൂപയുടെ നിക്ഷേപം നിലവിലുണ്ട്. 1250 ഓളം ടർഫുകൾ, അക്കാദമികൾ, സ്റ്റേഡിയങ്ങൾ തുടങ്ങിയവയിലടക്കം വൻ നിക്ഷേപമാണു സ്വകാര്യ മേഖലയിലുള്ളത്. ഇതിനെ കൂടുതൽ പ്രോത്സാഹിപ്പിക്കും. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ വലിയ പങ്കുവഹിക്കാൻ ശേഷിയുള്ളതാണു കായിക രംഗം.

കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും കളിക്കളം നിർമിക്കും. ആദ്യഘട്ടത്തിൽ 50 ഓപ്പൺ ജിമ്മുകൾ തുറക്കും. ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ ആവശ്യം അനുസരിച്ച് പിന്നീട് കൂടുതൽ നിർമ്മിക്കാനും ധാരണയായിട്ടുണ്ട്. ഇതുവഴി എല്ലാവർക്കും കായികക്ഷമത ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

സന്തോഷ് ട്രോഫി, ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സ്, സൂപ്പർ കപ്പ് തുടങ്ങിയ ദേശീയ കായിക മത്സരങ്ങൾക്ക് കൂടി വേദിയാകുന്നതോടെ കേരളത്തിന്റെ കായികരംഗവും സൗകര്യങ്ങളും രാജ്യം മുഴുവൻ ശ്രദ്ധിക്കപ്പെടും. ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷനുമായി ചേർന്ന് അഞ്ച് ലക്ഷം കുട്ടികൾക്ക് ജൂൺ മുതൽ പരിശീലനം നൽകാനുള്ള പദ്ധതിയുടെ നടപടിക്രമങ്ങൾ സർക്കാർ പൂർത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News