ദുരനുഭവങ്ങളെക്കുറിച്ചുള്ള യുസവേന്ദ്ര ചഹലിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ചഹലിനെതിരെ അതിക്രമം കാണിച്ച താരങ്ങളില്‍ ഒരാളെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
മുംബൈ ഇന്ത്യന്‍സ് താരമായിരിക്കെ ടീം ക്യാമ്പില്‍ തനിക്ക് നേരിടേണ്ടി വന്ന ഭയാനകമായ അനുഭവങ്ങളെക്കുറിച്ച് യുസവേന്ദ്ര ചഹല്‍ തുറന്നു പറഞ്ഞതാണ് ഇപ്പോള്‍ വലിയ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
മുംബൈ ഇന്ത്യന്‍സ് ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായതിന്റെ ആഘോഷത്തിനിടെ മദ്യപിച്ച് ലക്കുകെട്ടെത്തിയ സഹതാരം തന്നെ വിളിച്ചു കൊണ്ടുപോയി ടീം ഹോട്ടല്‍ കെട്ടിടത്തിന്റെ പതിനഞ്ചാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് തൂക്കിയിട്ടെന്നായിരുന്നു ചഹലിന്റെ വെളിപ്പെടുത്തല്‍. പെട്ടെന്ന് മറ്റുള്ളവര്‍ വന്ന് സാഹചര്യം നിയന്ത്രിച്ചു. ചെറിയ രീതിയിലെങ്കിലും പിഴവ് വന്നിരുന്നെങ്കില്‍ താന്‍ പതിനഞ്ചാം നിലയില്‍ നിന്നും താഴെ വീഴുമായിരുന്നെന്നും താരത്തിന്റെ പേര് വ്യക്തമാക്കാതെയുള്ള ചഹലിന്റെ തുറന്നു പറച്ചിലില്‍ വ്യക്തമാക്കുന്നു.
രാജസ്ഥാന്‍ റോയല്‍സിലെ സഹതാരങ്ങളായ ആര്‍ അശ്വിന്‍, കരുണ്‍ നായര്‍ എന്നിവരുമൊത്തുള്ള ചര്‍ച്ചക്കിടെയായിരുന്നു ചഹലിന്റെ തുറന്നു പറച്ചില്‍. ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിലാക്കിയ ഈ സംഭവത്തിന് പിന്നിലെ താരങ്ങളിലൊരാളെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ചഹലിനെതിരെ അതിക്രമം കാണിച്ച താരങ്ങളിലൊരാളായി റിപ്പോര്‍ട്ട് ചെയ്യുന്നത് മുന്‍ ന്യൂസിലന്‍ഡ് ഓള്‍ റൌണ്ടറും ഇപ്പോള്‍ ഇംഗ്ലീഷ് കൌണ്ടി ക്ലബ്ബ് ദര്‍ഹത്തിന്റെ മുഖ്യ പരിശീലകനുമായ ജെയിംസ് ഫ്രാങ്ക്‌ളിനാണ്. ചഹലിന്റെ ആരോപണത്തില്‍ ഫ്രാങ്ക്‌ളിനുമായി ഇക്കാര്യം സംസാരിക്കുമെന്ന് ക്ലബ്ബ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതിക്രമം കാണിച്ച മറ്റൊരാള്‍ ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ സൈമണ്ട്‌സാണെന്ന രീതിയിലും വാര്‍ത്തകള്‍ ഉണ്ട്. ഏതായാലും സംഭവത്തിന് കാരണക്കാരായ വ്യക്തികള്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യവുമായി ഇന്ത്യന്‍ ടീം മുന്‍ പരിശീലകന്‍ രവി ശാസ്ത്രി ഉള്‍പ്പെടെ ഉള്ളവര്‍ രംഗത്തെത്തി കഴിഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.