തൊഴിലാളികൾക്കെതിരായ വിധിപറയാൻ കോടതികൾക്ക് പ്രത്യേക താൽപര്യം: എളമരം കരീം എം പി

തൊഴിലാളികൾക്കെതിരായ വിധിപറയാൻ കോടതികൾക്ക് പ്രത്യേക താൽപര്യമെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം പി. പണിമുടക്കാനുള്ള തൊഴിലാളികളുടെ നിയമപരമായ അവകാശം നിരോധിച്ച ഉത്തരവിനെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ഹൈക്കോടതിയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ചല്ല സമരം ചെയ്യുന്നത്. നിയമം നടപ്പിലാക്കലാണ് കോടതിയുടെ ചുമതല. നിയമപ്രകാരമാണ് ദേശീയ പണിമുടക്ക് നടത്തിയത്. എല്ലാ കമ്പനികൾക്കും 14 ദിവസം മുമ്പ് നോട്ടീസ് നൽകിയിരുന്നു. ജനങ്ങൾ നീതി കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് നിയമത്തെ ബഹുമാനിക്കുന്നത്. നിമയത്തെ ബഹുമാനിക്കുന്നത് ഒരാളെയും പേടിച്ചിട്ടല്ല. ഇത്  ബഹുമാനപ്പെട്ട കോടതി മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടനയെ ബഹുമാനിക്കുന്ന വരാണ് എല്ലാവരുമെന്നും എന്നാല്‍ വിധി ജനങ്ങളുടെ അവകാശം നിഷേധിക്കുന്നതാണെങ്കില്‍ പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ചരിത്രപരമായ ഒട്ടേറെ ഉത്തരവുകള്‍ കോടതികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

എന്നാല്‍ അടുത്ത കാലത്തായി തൊഴിലാളികള്‍ക്ക് എതിരായി വിധി പറയാന്‍ കോടതികള്‍ പ്രത്യേക താല്‍പര്യം കാണിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് കോടതിയില്‍ നിന്നും നീതി ലഭിക്കാതെ വരുമ്പോഴാണ് അരാജകത്വം ഉണ്ടാവുകയെന്നും എളമരം കരീം എം പി പറഞ്ഞു.

മാർച്ച് 28, 29 തീയതികളിൽ നടന്ന ദേശീയ പണിമുടക്കിൽ പങ്കെടുക്കാനുള്ള തൊഴിലാളികളുടെ അവകാശത്തെ ചോദ്യംചെയ്‌ത് ഹൈക്കോടതി ഉത്തരവിറക്കിയതിനെതിരായാണ് സംയുക്ത ട്രേഡ് യൂണിയൻ സമരം നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News