ആഘോഷങ്ങളെ വർഗീയ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുകയാണ് ആർഎസ്‌എസ്‌ : സിപിഐ എം പിബി

രാമനവമിയോടനുബന്ധിച്ച്‌ ഏഴുസംസ്ഥാനങ്ങളിൽ അരങ്ങേറിയ വർഗീയ സംഘർഷങ്ങളെ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അപലപിച്ചു. ആഘോഷങ്ങളെ വർഗീയ രാഷ്‌ട്രീയത്തിനായി ആർഎസ്‌എസും സംഘപരിവാറും ദുരുപയോഗം ചെയ്യുകയാണെന്നും പിബി പത്രക്കുറിപ്പിൽ കുറ്റപ്പെടുത്തി.

കല്ലേറും അക്രമവും ന്യൂനപക്ഷങ്ങൾ താമസിക്കുന്നിടത്താണ്‌ അരങ്ങേറിയത്‌. മധ്യപ്രദേശിലെ ഖാർഗോണിലാണ്‌ ആദ്യത്തെ അക്രമം റിപ്പോർട്ട്‌ ചെയ്‌ത്‌‌ത്‌. ഡൽഹി കലാപത്തിനു മുന്നോടിയായി വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ്‌ കപിൽശർമയുടെ പ്രദേശം കൂടിയാണ്‌ എന്നതിനാൽ ഇതിൽ അത്ഭുതമില്ല.

ബീഹാറിലെ മുസ്ലീം പള്ളി ആക്രമിക്കപ്പെട്ടത്‌ പൊലീസ്‌ നോക്കിനിൽക്കേയാണ്‌. മാംസാഹാരം വിലക്കിയ എബിവിപിക്കാർജെഎൻയു കാമ്പസിലും അക്രമം അഴിച്ചുവിട്ടു. ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾക്ക്‌ മധ്യപ്രദേശിലെയും ബീഹാറിലെയും ഗുജറാത്തിലെയും സർക്കാരുകൾ പിന്തുണ നൽകിയോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. മുന്നറിയിപ്പുണ്ടായിരുന്നിട്ടും മതിയായ സുരക്ഷയൊരുക്കാത്തത്‌ ഇതിനുള്ള തെളിവാണ്‌.

ഇതിനിടെ നിയമവാഴ്‌ചയെ നോക്കുകുത്തിയാക്കി മധ്യപ്രദേശിൽ അക്രമം നടത്തിയെന്ന്‌ ഭരണകൂടം ആരോപിക്കുന്നവരുടെ വീടും ഇടിച്ചുനിരത്തി. ഇത്‌ ഭരണഘടനയെ തകർക്കുന്നതിന്‌ തുല്യമാണ്‌. പ്രധാനമന്ത്രി നരേന്ദ്രമേദി അക്രമങ്ങളിൽ മൗനം തുടരുന്നത്‌ ഭരണകൂടത്തിന്റെ പിന്തുണയ്‌ക്കും തെളിവാണ്‌. എല്ലാ വിഭാഗം ആളുകളും സമാധാനം പാലിക്കണമെന്നും വർഗീയമായി ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കണമെന്നും പൊളിറ്റ്‌ ബ്യൂറോ പ്രസ്‌താവനയിൽ അഭ്യർഥിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here