സൗദിയിൽ ഉപഭോക്താക്കൾക്കായി സാമ ഏർപ്പെടുത്തിയ വിലക്കുകൾ ഒഴിവാക്കി; സേവനങ്ങൾ പുനഃസ്ഥാപിച്ചു

സൗദിയിൽ ബാങ്ക് അകൗണ്ട് തുറക്കുന്നതിനും പണമിടപാടുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി കഴിഞ്ഞ രണ്ടുദിവസം മുമ്പ് നടപ്പിലാക്കിയ തീരുമാനം തിരുത്തിയതായി സൗദി സെൻട്രൽ ബാങ്ക് അറിയിച്ചു.

സൗദിയിൽ ഓൺലൈനായി ബാങ്ക് അകൗണ്ടുകൾ തുറക്കുന്നതു താൽകാലികമായി നിർത്തിവെച്ചിരുന്നു. വ്യക്തികളുടെയും വ്യക്തികളുടെ പേരിലുള്ള സ്വകാര്യ സ്ഥാപനങ്ങളുടെയും പേരിലുള്ള അകൗണ്ടുകളിലേക്ക് ഒരു ദിവസം ആറായിരം റിയാൽ വരെ മാത്രമേ ട്രാൻസ്ഫർ ചെയ്യാൻ അനുവദിക്കുകയുള്ളുവെന്നും സൗദി സെൻട്രൽ ബാങ്ക് നിർദേശം നൽകിയിരുന്നു.

ഈ തീരുമാനങ്ങളാണ് സൗദി സെൻട്രൽ ബാങ്ക് ഒഴിവാക്കിയതായി അറിയിച്ചത്. സാമ്പത്തിക തട്ടിപ്പിൽ നിന്ന് ബാങ്ക് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള താൽക്കാലിക മുൻകരുതൽ നടപടികൾക്കുള്ള നിർദ്ദേശങ്ങളുടെ ഭാഗമായിരുന്നു ആ നടപടി എന്നു സൗദി സെൻട്രൽ ബാങ്കായ സാമ വിശദീകരിച്ചു.

ബാങ്ക് ഉപഭോക്താക്കൾക്കുള്ള പ്രതിദിന ട്രാൻസ്ഫർ പരിധി അവർ മുമ്പുണ്ടായിരുന്ന രൂപത്തിലേക്ക് ഉയർത്തിയതും പുനർ നടപടിയിൽ ഉൾപ്പെടുന്നുവെന്ന് സാമ വിശദീകരിച്ചു.

ബാങ്കുമായി ആശയവിനിമയം നടത്തി ഉപഭോക്താവിന് ഈ പരിധി കുറയ്ക്കാം എന്നും അറിയിപ്പിൽ പറയുന്നു. ഓൺലൈനായി ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനുള്ള സേവനം നൽകലും പുതിയ തീരുമാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News