‘ചക്കിന് വച്ചത് കൊക്കിന് കൊണ്ടു’; കെഎം ഷാജിക്കെതിരെ ഒളിയമ്പെറിഞ്ഞ് കെ ടി ജലീൽ

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ എം.എല്‍.എയും ലീഗ് നേതാവുമായ കെ.എം ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ സ്വത്ത് ഇ.ഡി. കണ്ടുകെട്ടിയതിനു പിന്നാലെ ഷാജിക്കെതിരെ ഒളിയമ്പെറിഞ്ഞ് കെടി ജലീൽ എംഎൽഎ.

‘വിശുദ്ധ ഖുർആൻ അവതീർണ്ണമായ മാസമാണ് പരിശുദ്ധ റംസാൻ. നോമ്പിൻ്റെ ആദ്യ പത്തിൽ തന്നെ രണ്ട് വർഷം മുമ്പ് പച്ചക്കള്ളം വിളിച്ചു പറഞ്ഞവർക്ക് ശിക്ഷ കിട്ടുമെന്ന് സ്വപ്നമേവ കരുതിയില്ല’, അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. നിങ്ങളുടെ നാവിനെ നിങ്ങൾ സൂക്ഷിക്കുക എന്ന പ്രവാചക വചനം എത്ര അന്വർത്ഥമാണെന്നും കെടി ജലീൽ ഓർമിപ്പിച്ചു.

കെ ടി ജലീൽ എംഎൽഎയുടെ ഫേസ്ബുക്ക് കുറിപ്പ്

വിശുദ്ധ ഖുർആൻ്റെ മറവിൽ ഈയുള്ളവൻ സ്വർണ്ണം കള്ളക്കടത്തു നടത്തി എന്നും ഖുർആനല്ല കിട്ടിയ സ്വർണ്ണമാണ് തിരിച്ച് കൊടുക്കേണ്ടതെന്നും നിയമസഭയിൽ യാതൊരു അടിസ്ഥാനവുമില്ലാതെ എൻ്റെ പഴയ സുഹൃത്ത് പ്രസംഗിച്ചത് കേട്ടപ്പോൾ വല്ലാതെ മനസ്സ് വേദനിച്ചിരുന്നു.

സ്വർണ്ണക്കടത്ത് വിവാദത്തെ തുടർന്ന് ഇ.ഡി, കസ്റ്റംസ്, എൻ.ഐ.എ എന്നീ മൂന്ന് അന്വേഷണ ഏജൻസികളാണ് എനിക്ക് ചുറ്റും പത്മവ്യൂഹം തീർത്തത്. ഒരു നയാപൈസ പിഴ ചുമത്താനോ ഒരു രൂപ എന്നിൽ നിന്ന് കണ്ടുകെട്ടാനോ അവർക്ക് സാധിച്ചില്ല. ഒരു പൊതു പ്രവർത്തകനെന്ന നിലയിൽ ഏറെ അഭിമാനിച്ച നാളുകളായിരുന്നു അത്.

വിശുദ്ധ ഖുർആൻ അവതീർണ്ണമായ മാസമാണ് പരിശുദ്ധ റംസാൻ. നോമ്പിൻ്റെ ആദ്യ പത്തിൽ തന്നെ രണ്ട് വർഷം മുമ്പ് പച്ചക്കള്ളം വിളിച്ചു പറഞ്ഞവർക്ക് ശിക്ഷ കിട്ടുമെന്ന് സ്വപ്നമേവ കരുതിയില്ല. “നിങ്ങളുടെ നാവിനെ നിങ്ങൾ സൂക്ഷിക്കുക” എന്ന പ്രവാചക വചനം എത്ര അന്വർത്ഥമാണ്.

25 ലക്ഷം രൂപയുടെ സ്വത്താണ് ഇഡി ഇന്ന് കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് നടപടി.അഴീക്കോട് മണ്ഡലത്തിൽ ആശാ ഷാജിയുടെ പേരിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

അഴീക്കോട് എംഎൽഎ ആയിരുന്ന ഷാജിയുടെ പേരിൽ മണ്ഡലത്തിൽ വീടുകളും മറ്റു സ്വത്തുക്കളുമുണ്ട്.നേരത്തെ ഷാജിക്കെതിരെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നിരുന്നു. പലതവണ ഇ.ഡി ഷാജിയെ ചോദ്യം ചെയ്തിരുന്നു.

അഴീക്കോട് സ്‌കൂളിൽ പ്ലസ് ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസ് ഇ.ഡി അന്വേഷിക്കുന്നുണ്ട്. ഈ കേസിൽ ഷാജിയേയും ഭാര്യയേയും രണ്ട് മാസം മുമ്പ് ഇ.ഡി ചോദ്യം ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News