”ഇത് പക്കാ നെല്‍സണ്‍ പടം”; വിജയ് ചിത്രം ബീസ്റ്റ് തിയേറ്ററുകളില്‍

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഇളയദളപതി വിജയ് ചിത്രം ബീസ്റ്റ് തിയേറ്ററുകളില്‍. ചിത്രത്തെ വന്‍ ആഘോഷമായി ഏറ്റെടുത്ത് ആരാധകര്‍. ആദ്യദിനപ്രദര്‍ശനത്തില്‍ സിനിമക്ക് സമ്മിശ്ര പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. പുലര്‍ച്ചയോടെ തന്നെ വിജയ് ആരാധകര്‍ പ്രദര്‍ശനശാലകളില്‍ തിങ്ങിനിറഞ്ഞു.

വിതരണക്കാരും തിയേറ്റര്‍ ഉടമകളും വന്‍ ഇനിഷ്യല്‍ പ്രതീക്ഷിക്കുന്ന ചിത്രം പ്രദര്‍ശനങ്ങളുടെ എണ്ണത്തിലും വന്‍ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. വിജയ് ചിത്രങ്ങള്‍ക്ക് കേരളത്തില്‍ ഏറ്റവുമധികം സ്‌ക്രീന്‍ കൌണ്ട് ഉണ്ടാവാറുള്ള തിരുവനന്തപുരത്ത് ആദ്യ ദിനം ചിത്രത്തിന് 208 പ്രദര്‍ശനങ്ങളാണ്.

ആക്ഷന്‍ എന്റര്‍ടെയ്‌നറായ ചിത്രം മികച്ചൊരു ദൃശ്യ വിരുന്നാകുമെന്നും കുടുംബപ്രേക്ഷകരുള്‍പ്പെടെ എല്ലാവര്‍ക്കും ചിത്രം ഇഷ്ടപ്പെടുമെന്നും സിനിമ കണ്ടിറങ്ങിയവര്‍ പറയുന്നു.

ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പുതിയ പ്രൊമോ വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

ശിവകാര്‍ത്തികേയന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ഡോക്ടറിനു ശേഷം സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്. വീരരാഘവന്‍ എന്ന സ്‌പൈ ഏജന്റിനെയാണ് ചിത്രത്തില്‍ വിജയ് അവതരിപ്പിക്കുന്നത്. നഗരത്തിലെ ഒരു ഷോപ്പിംഗ് മാള്‍ പിടിച്ചെടുത്ത് സന്ദര്‍ശകരെ ബന്ദികളാക്കുന്ന തീവ്രവാദികളില്‍ നിന്ന് സന്ദര്‍ശകര്‍ക്കിടയില്‍ ഉള്‍പ്പെട്ടുപോകുന്ന വിജയ് കഥാപാത്രം അവരുടെ രക്ഷകനാവുന്നതാണ് ട്രെയ്‌ലറില്‍ വന്ന ദൃശ്യങ്ങള്‍.

ബീസ്റ്റിന്റെ റിലീസ് ആദ്യം ഏപ്രില്‍ 14നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും യാഷിന്റെ കെജിഎഫും അന്നേദിവസം റിലീസ് ചെയ്യുന്നതിനാല്‍ ബീസ്റ്റ് ഒരു ദിവസം മുമ്പ് റിലീസ് ചെയ്യാന്‍ സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറും സംഘവും പിന്നീട് തീരുമാനിക്കുകയായിരുന്നു.

വിജയ്‌യുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ് എന്ന പ്രത്യേകതയുമുണ്ട്. അതുകൊണ്ട് തന്നെ ദളപതി 65 എന്നാണ് ചിത്രം അറിയപ്പെടുന്നത്. മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോയും അപര്‍ണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News