‘ഒരുപാട് പീഡനം സഹിച്ചാണ് എന്റെ മകൾ അവിടെ കഴിയുന്നത്’; കണ്ണീരോടെ നിമിഷപ്രിയയുടെ അമ്മ

‘ഒരുപാട് പീഡനം സഹിച്ചാണ് എന്റെ മകൾ അവിടെ കഴിയുന്നത്. അതൊന്നും ഓർക്കാൻപോലും കഴിയുന്നില്ല’, നിറകണ്ണുകളോടെയും, ഇടറുന്ന ശബ്ദത്തോടെയുമാണ് നിമിഷപ്രിയയുടെ അമ്മ ഇത് പറഞ്ഞത്.

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് അമ്മ പ്രേമയും എട്ടു വയസ്സുകാരിയായ മകളും.. നിമിഷയെ തിരികെയെത്തിക്കാനുള്ള ഇടപെടല്‍ ഉണ്ടാകില്ലെന്ന് കേന്ദ്രം കോടതിയില്‍ ആവര്‍ത്തിച്ചതോടെ ഇനിയെന്ത് എന്ന ചോദ്യചിഹ്നമാണ് ഇവര്‍ക്ക് മുന്നിലുള്ളത്.

നൊന്തു പെറ്റ മകളാണ് നാല് വര്‍ഷത്തിലധികമായി യമനിലെ ജയിലില്‍ നരകയാതന അനുഭവിക്കുന്നത്. തിരികെയെത്തിക്കാൻ മുട്ടാത്ത വാതിലുകളില്ല, കയറിയിറങ്ങാത്ത ഓഫീസുകളുമില്ല.

പ്രായാധിക്യത്തിന്‍റെ അവശതകള്‍ക്കിടയിലും പ്രതീക്ഷയോടെ വീണ്ടും വീണ്ടും സഞ്ചരിച്ചുകൊണ്ടേയിരിക്കുകയാണ് ഈ അമ്മ.. കേന്ദ്ര ഇടപെടല്‍ ഉണ്ടാകില്ലെന്ന് ഉറപ്പായതോടെ കൊല്ലപ്പെട്ട യമൻ പൗരന്‍റെ കുടുംബത്തിന് ബ്ലഡ് മണി നല്‍കാനുളള അവസാന കച്ചിത്തുരുമ്പിലാണ് ഈ കുടുംബം ഇപ്പോള്‍ പ്രതീക്ഷയർപ്പിക്കുന്നത്.

മകളുടെ ജീവന്‍റെ വില സമാഹരിക്കാനുള്ള ഓട്ടത്തിനിടയില്‍ കേരളക്കരയ്ക്ക് മുന്നില്‍ കൈകൂപ്പി അപേക്ഷിക്കുകയാണ്. അവര്‍ക്ക് ശിക്ഷ നടപ്പാക്കണമെങ്കില്‍ അവര്‍ എന്നെ വധിച്ചോട്ടെ. നിമിഷ പ്രിയയുടെ കുഞ്ഞിനെ ഓര്‍ത്തെങ്കിലും അവളെ വെറുതെ വിടണം. എന്‍റെ മകളെ കാണാൻ എന്നെ സഹായിക്കണം.

അമ്മയെ അന്വേഷിച്ചുകൊണ്ടിരിക്കുന്ന മകളോട് കള്ളങ്ങള്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടേയിരിക്കുകയാണ് പ്രേമ. ഇതിനിടയില്‍ നിമിഷ പ്രിയ ജയലില്‍ നിന്നും എ‍ഴുതിയ കത്തും കൈരളി ന്യൂസിന് ലഭിച്ചു.

മരിച്ചുപോയ തലാലിന്‍റെ കുടുംബവും യമൻ രാജ്യത്തെ ആളുകളും എന്നോട് ക്ഷമിച്ചാല്‍, എന്‍റെ മാപ്പ് അവര്‍ സ്വീകരിച്ചാല്‍ അതിനുള്ള വ‍ഴി തുറന്നു കിട്ടിയാല്‍ ഞാൻ താ‍ഴ്മയോടെ മറ്റൊരു മാതൃക സൃഷ്ടിച്ചുകൊണ്ട് ജീവിച്ചോളാം.

ഇപ്പോള്‍ ഈ ജയിലിലും ഞാൻ അത് തന്നെ ചെയ്യുന്നു. നിമിഷ പ്രിയ എ‍ഴുതുന്നു… ദുരിത പൂര്‍ണമായ ജീവിതത്തിലേക്ക് തള്ളി വിടാനിടയായ യുദ്ധത്തെ പ‍ഴിച്ചു കൊണ്ട്, പ്രാര്‍ത്ഥിച്ചുകൊണ്ട് നിമിഷപ്രിയ ജയിലില്‍ തുടരുകയാണ്.. അമ്മയെ കാത്ത് എട്ടു വയസ്സുള്ള മകളടക്കമുള്ള കുടുംബം നാട്ടിലും.

നിമിഷപ്രിയയുടെ അമ്മയുടെ വാക്കുകൾ

എന്റെ മകൾക്കായി കേന്ദ്ര സർക്കാരിന്റെയും കേരള സർക്കാരിന്റെയും സഹായം വേണം. ‘സേവ്‌ നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ’ സംഘടന പതിനെട്ട് മാസമായി പ്രവർത്തിക്കുന്നു. അവർ ഒത്തിരി കാര്യങ്ങങ്ങൾ ചെയ്തിട്ടുണ്ട്.

എല്ലാവരുടെയും സഹായമുണ്ടെങ്കിലേ കൗൺസിലിന് മുന്നോട്ട് പോകാൻ പറ്റുകയുള്ളൂ. ഒരുപാട് പീഡനം സഹിച്ചാണ് എന്റെ മകൾ അവിടെ കഴിയുന്നത്. അതൊന്നും ഓർക്കാൻപോലും കഴിയുന്നില്ല. മാർച്ച് 7ന് വിധിവന്ന ശേഷം ഒരു ദിവസം അവളോട് സംസാരിച്ചു. ധൈര്യായിട്ടിരിക്കണം, ഞാൻ വരുന്നുണ്ട് എന്നവൾ പറഞ്ഞു.

അവളുടെ കുഞ്ഞിന് 8 വയസാണ്‌. നിമിഷയുടെ ഭർത്താവ് ഒരിടത്തു താമസിപ്പിച്ചു പഠിപ്പിക്കുന്നു. മമ്മി എപ്പോ വിളിക്കുമെന്നവൾ തിരക്കാറുണ്ട്. എന്തോ ഒരു പ്രശ്നത്തിലാണ് അമ്മ എന്നവൾക്കറിയാം. കാര്യം എന്താണെന്ന് അവൾക്കറിയില്ല. അതുകൊണ്ട് മമമ്മിയെ രക്ഷിച്ചുകൊണ്ടുവരണം എന്നവൾ പറയാറുണ്ട്. എല്ലാവരും ചേർന്ന് എന്റെ മകളെ രക്ഷപ്പെടുത്തണമെന്നാണ് ഞാൻ അപേക്ഷിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel