രാമനവമി ആഘോഷം; സംഘപരിവാരം രാജ്യത്ത് അണിനിരത്തിയത് വന്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്

രാമനവമി ആഘോഷങ്ങളുടെ പേരില്‍ സംഘപരിവാരം രാജ്യത്ത് അണിനിരത്തിയത് വന്‍ ആക്രമണ പരമ്പരയെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനങ്ങളിലെ ഭരണം ഉപയോഗിച്ച് ആക്രമണവും വിദ്വേഷ പ്രചരണവും കടുപ്പിച്ച് ബിജെപി. മതപരമായ ആഘോഷങ്ങളെ അവസരമാക്കി ന്യൂനപക്ഷ വേട്ട നടത്താനാണ് ശ്രമം നടന്നതെന്ന് വിമര്‍ശനം.

രാമനവമി ആഘോഷങ്ങളുടെ ഭാഗമായി സംഘപരിവാര്‍ സംഘടനകള്‍ കടുത്ത ആക്രമണം രാജ്യത്താകമാനം അഴിച്ചുവിട്ടുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പ്രകടനങ്ങള്‍ക്കിടെ നടന്ന കലാപ ശ്രമങ്ങളെല്ലാം ന്യൂനപക്ഷ വിഭാഗത്തെ ലക്ഷ്യം വെച്ചായിരുന്നു.

രാജസ്ഥാനിലെ കരോളിയില്‍ ആരംഭിച്ച കലാപശ്രമം പിന്നീട് കൂടുതല്‍ സംസ്ഥാനങ്ങളിലേക്കും നീളുകയായിരുന്നു. മധ്യപ്രദേശിലെ ഘാര്‍ഗോണിലും ബിഹാര്‍, മഹാരാഷ്ട്ര, ബംഗാള്‍, ജാര്‍ഖണ്ഡ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും വിദ്വേഷ പ്രചരണവും ആക്രമണവും അരങ്ങേറി.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അക്രമത്തിന് സര്‍ക്കാര്‍ മൗനാനുവാദവും ലഭിച്ചു. സായുധ പ്രകടനവും കലാപാഹ്വാനങ്ങളും നടത്തുന്ന സംഘപരിവാര്‍ സംഘടനകള്‍ക്ക് നേരെ നടപടി എടുക്കാതെ ബിജെപി സര്‍ക്കാരുകളെല്ലാം ആക്രമണത്തിന് കുടപിടിച്ചു.

ബിഹാറില്‍ മസ്ജിദിന് മുന്നില്‍ കാവിക്കൊടി കെട്ടിയുള്ള കലാപശ്രമം പൊലീസ് നോക്കിനില്‍ക്കെ ആയിരുന്നുവെന്നും ആരോപണമുണ്ട്. മധ്യപ്രദേശ് സര്‍ക്കാര്‍ ഒരു പടി കൂടി കടന്ന് ന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്നവരുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും തകര്‍ത്തു. ഇരകളെ കലാപകാരികളാക്കി കൊണ്ടായിരുന്നു നിയമ വിരുദ്ധമായ സര്‍ക്കാര്‍ ഇടപെടല്‍.

ആഘോഷങ്ങളെ ഉപയോഗിച്ച് വര്‍ഗീയ രാഷ്ട്രീയം പ്രചരിപ്പിക്കാനുള്ള തീവ്ര ഹിന്ദുത്വ വാദികളുടെ ശ്രമത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണുയരുന്നത്. ഘാര്‍ഗോണിലെ പ്രകടനത്തില്‍ ബിജെപി നേതാവ് കപില്‍ മിശ്രയും പങ്കെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.

നേരത്തെ ദില്ലി കലാപകാലത്തും കലാപാഹ്വാനങ്ങളുമായി കപില്‍ മിശ്ര തെരുവില്‍ അക്രമകാരികള്‍ക്കൊപ്പം ഉണ്ടായിരുന്നു. അതുകൊണ്ട്, ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണോ കലാപ ശ്രമങ്ങളെന്നും പ്രതിപക്ഷ കക്ഷികള്‍ സംശയം ഉയര്‍ത്തിയിട്ടുണ്ട്. ഏഴ് സംസ്ഥാനങ്ങളില്‍ വലിയ അക്രമ സംഭവങ്ങള്‍ നടന്നിട്ടും ഇപ്പോഴും മൗനം തുടരുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നേതൃത്വവും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News