കൽക്കരിപ്പാടങ്ങളും വിറ്റ് തുലയ്ക്കും; സ്വകാര്യ കുത്തകൾക്ക് തീറെഴുതാൻ കേന്ദ്ര നീക്കം

രാജ്യത്തെ കൂടുതൽ കൽക്കരിപ്പാടങ്ങൾ സ്വകാര്യ കുത്തകൾക്ക് തീറെഴുതാൻ കേന്ദ്രം. നിലവിൽ കച്ചവടമായ 47 ഖനികൾക്ക് പുറമെ കൂടുതൽ കൽക്കരിപ്പാടങ്ങളുടെ വിൽപനയാണ് കേന്ദ്രലക്ഷ്യം. വൈദ്യുതി പ്രതിസന്ധിയുടെ പേര് പറഞ്ഞാണ് കൽക്കരിപ്പാടങ്ങൾ സ്വകാര്യ മേഖലക്ക് കൊള്ളയടിക്കാൻ അവസരം ഒരുക്കുന്നത്.

ധനമന്ത്രി നിർമലാ സീതാരാമൻ വിളിച്ച് ചേർത്ത അവലോകന യോഗത്തിലാണു കൂടുതൽ കൽക്കരിപ്പാടങ്ങൾ കൂടി വിറ്റ് തുലയ്ക്കാനായി തീരുമാനം എടുത്തത്. നാഷണൽ മൊണിട്ടൈസേഷൻ പൈപ്പ്‌ലൈൻ എന്ന് പേരിട്ട വൻകിട വിറ്റ് തുലയ്ക്കൽ പദ്ധതിയിലൂടെ ലക്ഷ്യം വെച്ച 88,000 കോടി ലക്ഷ്യം മറികടന്ന് 96,000 കോടി സ്വരൂപിക്കാൻ കഴിഞ്ഞെന്ന് യോഗം വിലയിരുത്തി.

കൽക്കരിപ്പാടങ്ങളുടെ വിൽപനയിലൂടെ മാത്രം കഴിഞ്ഞ സാമ്പത്തിക വർഷം നേടിയത് നാൽപതിനായിരം കോടിയാണ്. റെയിൽവേ, റോഡ്, ഊർജ മേഖലയുടെ കൂടി വിൽപനയിലൂടെയാണ് കേന്ദ്ര ലക്ഷ്യം നിറവേറ്റാൻ കഴിഞ്ഞത്.

അഞ്ച് വർഷം കൊണ്ട് ആറ് ലക്ഷം കോടി രൂപ സ്വരൂപിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യം വയ്ക്കുന്നത്. എന്നാൽ, പൊതുമേഖലാ ആസ്തി വില്പനയിലൂടെ പണം കണ്ടെത്തുന്നതിൽ പ്രതിപക്ഷ കക്ഷികൾ കടുത്ത പ്രതിഷേധത്തിലാണ്.

വൻകിട തൊഴിൽ ദാതാക്കളായ പൊതുമേഖലാ സ്ഥാപനങ്ങളെ തകർത്ത് കേന്ദ്രം രാജ്യത്തിൻ്റെ ആസ്തി സ്വകാര്യ കുത്തകൾക്കു വീതം വെയ്ക്കുയാണെന്നാണ് ഉയരുന്ന വിമർശനം.

നിലവിൽ സ്വകാര്യ മേഖലക്ക് തുറന്ന് കൊടുത്ത 47 കൽക്കരി ഖനികൾക്ക് പുറമെ ഈ സാമ്പത്തിക വർഷത്തിൽ ആകെ 60 കൽക്കരിപ്പാടങ്ങൾ തുറക്കുകയാണ് കേന്ദ്ര ലക്ഷ്യം. രാജ്യം നേരിടുന്ന വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമെന്ന ന്യായം ഉയർത്തിയാണ് കേന്ദ്ര ഇടപെടൽ.

എന്നാൽ, മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പൊതുമേഖലയുടെ അവസരം നഷ്ടപ്പെടുത്തി സ്വകാര്യ കമ്പനികൾക്ക് അവസരം നൽകുന്ന കേന്ദ്ര നയം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel