ഇടുക്കിക്കാര്‍ക്കിനി സ്‌ട്രോബറി കാലം…

ഇടുക്കിയില്‍ ഇത് സ്‌ട്രോബറിയുടെ വിളവെടുപ്പ് കാലം. കൊവിഡില്‍ പ്രതിസന്ധിയിലായിരുന്ന സ്‌ട്രോബറി കൃഷി ഇത്തവണ വിലയും വിപണി സാധ്യതയും ഉള്ളതിനാല്‍ മികച്ച നേട്ടം കൊയ്യുകയാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മുടങ്ങാതെ സ്‌ട്രോബറി കൃഷി ചെയ്ത് വരികയാണ് ചിന്നക്കനാല്‍ സ്വദേശി പി എ സോജന്‍. ജില്ലയിലെ മികച്ച സ്ട്രോബറി കര്‍ഷകനുള്ള പുരസ്‌ക്കാരവും മുമ്പ് സോജനെ തേടി എത്തിയിരുന്നു.

കര്‍ഷക കുടുംബത്തിലെ അംഗമായ ബി എല്‍ റാം പള്ളിവാതുക്കല്‍ സോജന്‍ ഏഴ് വര്‍ഷം മുമ്പാണ് സ്ട്രോബറി കൃഷിയിലേക്ക് തിരിയുന്നത്. പൂനയില്‍ നിന്നും എത്തിച്ച അത്യുല്‍പ്പാദന ശേഷിയുള്ള നെബുല ഇനത്തില്‍പെട്ട ഹൈബ്രീഡ് തൈകളിലായിരുന്നു ആദ്യം മുതല്‍ പരീക്ഷണം. ഇപ്പോള്‍ പരിപാലിക്കുന്നത് അയ്യായിരത്തിലധികം തൈകളായി മാറി. പൂനെയില്‍ നിന്ന് വിമാന മാര്‍ഗ്ഗമാണ് ഇപ്പോള്‍ തൈകള്‍ എത്തിക്കുന്നത്. സ്‌ട്രോബറി ഹബ് എന്ന പേജിലൂടെ സോഷ്യല്‍ മീഡിയ വഴി കൃഷിവിശേഷങ്ങള്‍ പങ്കു വയ്ക്കുന്നുമുണ്ട് ഈ കര്‍ഷകന്‍. കോവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷം കൃഷി നഷ്ടമായിരുന്നു. എന്നാല്‍ ഇത്തവണ പഴങ്ങള്‍ക്കായി ധാരാളം സഞ്ചാരികള്‍ എത്തുന്നുണ്ട്.

സ്റ്റോബറി കൂടാതെ ഏലം, മീന്‍, തേന്‍ തുടങ്ങിയ കൃഷികളും സോജന്‍ ചെയ്തു വരുന്നു. ലാഭകരമായ കൃഷിയാണിതെന്നും ശ്രമിച്ചാല്‍ കൂടുതല്‍ സ്‌ട്രോബറി കൃഷി വ്യാപിപ്പിക്കാന്‍ കഴിയുമെന്നും ഇദ്ദേഹം പറയുന്നു. ഭാവിയില്‍ കര്‍ഷകരുടെ കൂട്ടായ്മ രൂപീകരിച്ച് കൂടുതല്‍ കൃഷി വ്യാപിപ്പിക്കുവാനും സ്ട്രോബറിയും മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളും കയറ്റി അയക്കുന്നതിനുള്ള ശ്രമത്തിലുമാണ് ഇദ്ദേഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here