ലവ് ജിഹാദില്ല ;തെറ്റായ പ്രചരണം തള്ളണം : സിപിഐഎം

കോടഞ്ചേരിയിൽ രണ്ട് വ്യത്യസ്‌ത മതത്തിൽപ്പെട്ടവർ തമ്മിൽ വിവാഹം ചെയ്‌തതിൽ അസ്വാഭാവികത കാണേണ്ടതില്ലെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്. പ്രണയ വിവാഹത്തിന്റെ പേരിൽ സാമുദായിക ധ്രുവീകരണം ഉണ്ടാക്കാനുള്ള ചില ശക്തികളുടെ കുത്സിത ശ്രമങ്ങൾ ജനങ്ങൾ തിരിച്ചറിയണം.

പ്രായ പൂർത്തിയായവർക്ക് ഏത് മത വിഭാഗത്തിൽപെട്ടവരിൽ നിന്നും വിവാഹം ചെയ്യാൻ രാജ്യത്തെ നിയമ വ്യവസ്ഥ അനുവാദം നൽകുന്നുണ്ട്. മാത്രവുമല്ല വിവാഹം ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്.

കോടഞ്ചേരി വിഷയത്തിൽ സ്വന്തം ഇഷ്‌ട‌പ്രകാരമാണ് വീട് വിട്ട് ഇറങ്ങി വിവാഹം ചെയ്‌തത് എന്ന് പെൺകുട്ടി കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്‌. ഇതോടെ ഈ വിഷയം അവസാനിക്കേണ്ടതായിരുന്നു. എന്നാൽ രാഷ്‌‌ട്രീയ ലക്ഷ്യം മുൻനിർത്തി ചിലർ ഇപ്പോഴും പ്രചരണങ്ങൾ തുടരുകയാണ്.

സിപിഐഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ശ്രമമാണ് ചില മാധ്യമങ്ങളും തൽപ്പര കക്ഷികളും നടത്തുന്നത്. അതോടൊപ്പം വ്യത്യസ്‌ത മതസ്ഥർക്കിടയിൽ സ്‌പർധ ഉണ്ടാക്കാനും ശ്രമിക്കുന്നുണ്ട്. ഇത്തരം നീക്കങ്ങളെ ചെറുത്ത് പരാജയപ്പെടുത്തേണ്ടതുണ്ട്.

വിവാഹവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടയിൽ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോർജ്ജ് എം തോമസ് നടത്തിയ പരാമർശങ്ങളിൽ ചില പിശകുകൾ പറ്റിയതായി ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി. ഈ പിശകുകൾ ജോർജ്ജ് എം തോമസ് തന്നെ അംഗീകരിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്.

ലവ് ജിഹാദ് എന്നത് ആർഎസ്എസ് സൃഷ്‌ടിയാണെന്ന നിലപാട് സിപിഐ എം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.ആർഎസ്എസ് മത ന്യൂനപക്ഷങ്ങളെ അക്രമിക്കാനും വേട്ടയാടാനും നടത്തുന്ന പ്രചരണവും പ്രയോഗവുമാണിത്. ഇതുമായി ബന്ധപ്പെട്ടും ആശയക്കുഴപ്പവും തെറ്റിധാരണയും സൃഷ്‌ടിക്കാൻ ചില ശക്തികൾ ശ്രമിക്കുന്നുണ്ട്.

കോടഞ്ചേരി വിവാഹത്തെ മുൻനിർത്തി സാമുദായിക സൗഹാർദ്ദം തകർക്കാനുള്ള എല്ലാ ശ്രമങ്ങളെയും ജനങ്ങൾ ഒന്നിച്ച് നിന്ന് പരാജയപ്പെടുത്തണം. പുരോഗമന മൂല്യങ്ങൾ ഉയർത്തിപിടിച്ച് മതമൈത്രിയും സമാധാനവും കാത്തു സൂക്ഷിക്കാൻ എല്ലാവരും രംഗത്ത് വരണമെന്നും കുപ്രചരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News