കോടഞ്ചേരിയിലെ വിവാഹത്തിൽ അസ്വാഭാവികതയില്ല, ജോർജ്‌ എം തോമസിന്റേത്‌ പിശക്‌: പി മോഹനൻ

കോടഞ്ചേരിയിൽ വ്യത്യസ്‌ത മതസ്ഥർ തമ്മിൽ വിവാഹം ചെയ്‌തതിൽ അസ്വാഭാവികത കണേണ്ടതില്ലെന്ന്‌ സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനൻ. പ്രായപൂർത്തിയായവർക്ക്‌ ഏത്‌ മതവിഭാഗത്തിൽനിന്നും വിവാഹം കഴിക്കാൻ രാജ്യത്തെ നിയമവ്യവസ്ഥ അനുവാദം നൽകുന്നുണ്ട്‌.

വിവാഹം അവരുടെ വ്യക്തിപരമായ കാര്യമാണ്‌. അത്‌ പാർട്ടിയെ നേരിട്ട്‌ ബാധിക്കുന്ന കാര്യമല്ല. സ്വന്തം ഇഷ്‌ടപ്രകാരമാണ്‌ വീടുവിട്ടിറങ്ങിയത്‌ എന്ന്‌ പെൺകുട്ടി കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്‌. അതോടെ ഈ വിഷയം അടഞ്ഞു.

എന്നാൽ ആ പ്രദേശത്ത്‌ ചിലർ രാഷ്‌ട്രീയ താൽപര്യം മുൻനിർത്തി പ്രചാരണം നടത്തി. ഇതര മതസ്ഥർ തമ്മിൽ സ്‌പർദ്ധ ഉണ്ടാക്കുന്നതിന്‌ ഇത്‌ വഴിവെച്ചിട്ടുണ്ട്‌. ഇതിൽ പാർട്ടി ശക്തമായ നിലപാട്‌ സ്വീകരിക്കും. അത്‌ ജനങ്ങൾക്ക്‌ മുന്നിൽ തുറന്നുകാണിക്കും. അതിനാണ്‌ വിശദീകരണയോഗം സംഘടിപ്പിച്ചിരിക്കുന്നത്‌.

മാധ്യമങ്ങളോട്‌ പ്രതികരിക്കുന്നതിനിടെ ജില്ലാ സെക്രട്ടറിയറ്റംഗം ജോർജ്‌ എം തോമസ്‌ നടത്തിയ പരാമാർശങ്ങളിൽ പിശക്‌ പറ്റി.ഇതിനകത്ത്‌ ലവ്‌ ജിഹാദ്‌ ഒന്നും ഉൾപ്പെട്ടിട്ടല്ല. ലവ്‌ ജിഹാദ്‌ എന്നത്‌ ആർഎസ്‌എസും സംഘ്‌പരിവാറുമെല്ലാം രാജ്യത്തെ മതന്യൂനപക്ഷങ്ങളെ വേട്ടയാടാനും ആക്രമിക്കാനും കൊണ്ടുവരുന്ന പ്രയോഗങ്ങളാണ്‌.

ജോർജ്‌ എം തോമസിന്റെ ചില പരാമർശങ്ങളിൽ പിശക്‌ വന്നതായി പാർട്ടിക്ക്‌ ബോധ്യപ്പെട്ടിട്ടുണ്ട്‌. അദ്ദേഹത്തിനും അത്‌ ബോധ്യപ്പെട്ടിട്ടുണ്ട്‌. അത്‌ പാർട്ടിയെ അറിയിച്ചു. ലവ്‌ ജിഹാദ്‌ ആർഎസ്‌എസ്‌ സൃഷ്‌ടിയാണെന്ന നിലപാട്‌ സിപിഐ എം നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും പി മോഹനൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here