എലിപ്പനിക്കെതിരെ അതീവ ജാഗ്രത: മൃത്യുഞ്ജയം ക്യാംപയിന്‍

സംസ്ഥാനത്ത് വ്യാപകമായി മഴ തുടരുന്ന സാഹചര്യത്തിൽ എലിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പ് ‘മൃത്യുഞ്ജയം’ എന്ന പേരിൽ ക്യാംപയിൻ ആരംഭിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ക്യാംപയിനിന്റെ ഉദ്ഘാടനവും പോസ്റ്റർ പ്രകാശനവും നിർവഹിച്ചു.

എലിപ്പനിയ്‌ക്കെതിരെ ബോധവത്ക്കരണത്തിനും ജാഗ്രതയ്ക്കും വേണ്ടിയാണ് ക്യാംപയിൻ ആരംഭിച്ചതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. വീട്ടിൽ ചെടി വച്ചുപിടിപ്പിക്കുന്നവർ ഉൾപ്പെടെയുള്ള മണ്ണുമായും, മലിനജലവുമായും സമ്പർക്കമുള്ള എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കണം. ഡോക്‌സിസൈക്ലിൻ എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭിക്കുന്നതാണ്.

പകർച്ചവ്യാധികൾക്കെതിരെ തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർന്ന് ആരോഗ്യ വകുപ്പ് ശുചീകരണ യജ്ഞം നടത്തി വരികയാണ്. വീടുകളിൽ എല്ലാ ഞായറാഴ്ചകളിലും ഡ്രൈ ഡേ ആചരിക്കണം. സ്‌കൂളുകളിൽ വെള്ളിയാഴ്ചകളിലും, സ്ഥാപനങ്ങളിൽ ശനിയാഴ്ചകളിലും ഡ്രൈ ഡേ ആചരിക്കണം.

വീടും, സ്ഥാപനവും, പരിസരവും ശുചിയാക്കണം. കൊതുകുജന്യ, ജന്തുജന്യ, ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. എന്തെങ്കിലും രോഗ ലക്ഷണങ്ങൾ കാണുന്നെങ്കിൽ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

എലിപ്പനി ശ്രദ്ധിച്ചില്ലെങ്കിൽ ഏറെ അപകടം

രോഗാണുവാഹകരയായ എലി, അണ്ണാൻ, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസർജ്യം മുതലായവ കലർന്ന വെള്ളവുമായോ മണ്ണുമായോ സമ്പർക്കം വരുന്നവർക്കാണ് ഈ രോഗം പകരുന്നത്. പെട്ടെന്നുണ്ടാവുന്ന ശക്തമായ പനിയും പനിയോടൊപ്പം ചിലപ്പോൾ വിറയലും ഉണ്ടാവാം.

കഠിനമായ തലവേദന, പേശീവേദന, കാൽമുട്ടിന് താഴെയുള്ള വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകൾക്കും മഞ്ഞനിറമുണ്ടാവുക, മൂത്രം മഞ്ഞ നിറത്തിൽ പോവുക എന്നീ രോഗലക്ഷണങ്ങളുമുണ്ടാകാം.

പ്രതിരോധ മാർഗങ്ങൾ

· മലിനജലവുമായും മണ്ണുമായും സമ്പർക്കത്തിൽ ഏർപ്പെടുന്നവരും, ശുചീകരണ തൊഴിലാളികളും, വെള്ളത്തിലിറങ്ങുന്ന സന്നദ്ധ പ്രവർത്തകരും വ്യക്തി സുരക്ഷാ ഉപാധികളായ കയ്യുറ, മുട്ട് വരെയുള്ള പാദരക്ഷകൾ, മാസ്‌ക് എന്നിവ ഉപയോഗിക്കുക.
· കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുട്ടികളെ കളിക്കാൻ അനുവദിക്കരുത്. വെള്ളത്തിലിറങ്ങിയാൽ കൈയ്യും കാലും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകേണ്ടതാണ്.
· മലിനജലവുമായി സമ്പർക്കം വരുന്ന കാലയളവിൽ പരമാവധി ആറാഴ്ചത്തേക്ക് ആഴ്ചയിലൊരിക്കൽ ഡോക്‌സിസൈക്ലിൻ ഗുളിക 200 മില്ലീഗ്രാം (100 മില്ലീഗ്രാമിന്റെ രണ്ട് ഗുളിക) കഴിച്ചിരിക്കേണ്ടതാണ്.
· എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ, ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടുകയോ ചികിത്സ തേടുകയോ ചെയ്യേണ്ടതാണ്. യാതൊരു കാരണവശാലും സ്വയം ചികിത്സ പാടില്ല.

ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. വിദ്യ, അസി. ഡയറക്ടർ ഡോ. അനിൽ, സ്റ്റേറ്റ് മാസ് മീഡിയ ടീം എന്നിവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here