വര്‍ഗീയ സംഘര്‍ഷങ്ങളില്‍ പ്രധാനമന്ത്രിയുടെ മൗനം ഔദ്യോഗിക പങ്കിന്‌ തെളിവ്‌: സീതാറാം യെച്ചൂരി

രാജ്യത്ത്‌ വ്യാപകമായി വർഗീയ സംഘർഷവും ആക്രമണങ്ങളും ഉണ്ടാകുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിക്കുന്നത്‌ ഇതിനു പിന്നിലെ ഔദ്യോഗിക രക്ഷാകർതൃത്വത്തിനു തെളിവാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

മുമ്പുണ്ടാകാത്ത വിധത്തിൽ അപകടകരവും വ്യാപകവുമായ വർഗീയസംഘർഷങ്ങളാണ്‌ രൂപംകൊണ്ടിരിക്കുന്നത്‌. പത്തോളം സംസ്ഥാനങ്ങളിൽ ആക്രമണങ്ങളുണ്ടായി. പ്രധാനമന്ത്രി ഇതിനെ അപലപിക്കാൻ പോലും തയ്യാറാകാത്തത്‌ അങ്ങേയറ്റം ആശങ്കജകനമാണെന്ന് വാർത്താസമ്മേളനത്തിൽ സീതാറാം യെച്ചൂരി പ്രതികരിച്ചു.

വർഗീയ ധ്രുവീകരണം ശക്തിപ്പെടുത്തുകയെന്ന ഒറ്റ അജണ്ടയിലാണ്‌ ബിജെപി പ്രവർത്തിക്കുന്നത്‌. വിലക്കയറ്റവും രൂക്ഷമാകുന്ന തൊഴിലില്ലായ്‌മയും ഇതര ജീവിതദുരിതങ്ങളും മറച്ചുപിടിക്കാൻ ബിജെപി വർഗീയതയെ ആയുധമാക്കുകയാണ്‌.

ജനങ്ങളുടെ പ്രശ്‌നങ്ങളിൽ ഇവർക്ക്‌ ഉൽകണ്‌ഠയില്ല. വർഗീയത ഇളക്കിവിടാൻ ഹിജാബ്‌, ഹലാൽ എന്നിങ്ങനെ ഓരോ വിഷയങ്ങൾ കണ്ടെത്തുകയാണ്‌. ഈ വിപത്തിനെ സിപിഐ എം തനിച്ചും ഇതര മതനിരപേക്ഷ കക്ഷികളുടെ സഹകരണത്തോടെയും ചെറുക്കും.

ഹിന്ദുവർഗീയ ശക്തികളുടെ കടന്നാക്രമണത്തിൽനിന്ന്‌ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ജനാധിപത്യ, മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാനും ഭരണഘടനയും ഭരണഘടനപരമായ അവകാശങ്ങളും സംരക്ഷിക്കാനും രാജ്യസ്‌നേഹികളായ എല്ലാവരും ഒന്നിക്കണമെന്ന്‌ സിപിഐ എം 23-ാം പാർട്ടി കോൺഗ്രസ്‌ ആഹ്വാനം ചെയ്‌തു.

ബിജെപിയെ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയും ചെയ്യുകയെന്നതാണ്‌ മുഖ്യകടമയെന്ന്‌ പാർട്ടി കോൺഗ്രസ്‌ അംഗീകരിച്ച രാഷ്‌ട്രീയ നയത്തിൽ വ്യക്തമാക്കിയിട്ടുണ്ട്‌. ഈ ലക്ഷ്യം നേടിയെടുക്കാൻ സിപിഐ എമ്മിന്റെ സ്വതന്ത്രമായ കരുത്ത്‌ വളർത്തിയടുക്കുന്നതിനൊപ്പം ഇടതുപാർട്ടികളുടെ ഐക്യം ശക്തിപ്പെടുത്തും.

പരമാവധി സാധ്യമായ വിധത്തിൽ മതനിരപേക്ഷ കക്ഷികളുടെ വിപുലമായ മുന്നേറ്റം സംഘടിപ്പിക്കും. ഇത്‌ ഒന്നിനുപിന്നിൽ മറ്റൊന്ന്‌ എന്ന വിധത്തിൽ ഉണ്ടാകുന്നതല്ല, ഒരേസമയം നടക്കുന്ന പ്രക്രിയയാണെന്ന് യെച്ചൂരി വിശദീകരിച്ചു.

ഈ പ്രക്രിയയിൽ കോൺഗ്രസിന്റെ പങ്ക്‌ അവരാണ്‌ തീരുമാനിക്കേണ്ടത്‌. സിപിഐ എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടത്തിയ സെമിനാറുകളിൽ കോൺഗ്രസ്‌ നേതാക്കളെ ക്ഷണിച്ചിട്ടും നിഷേധാത്മക നിലപാടാണ്‌ ഉണ്ടായത്‌. പങ്കെടുത്ത ഒരു നേതാവിനെ അവർ എന്തുചെയ്യാൻ പോകുന്നുവെന്ന്‌ കണ്ടറിയണം.

പ്രായപൂർത്തിയായ ആർക്കും ജാതിമതഭേദമന്യേ ജീവിതപങ്കാളിയെ കണ്ടെത്താൻ രാജ്യത്ത്‌ ഭരണഘടനപരമായ അവകാശമുണ്ടെന്ന്‌ സീതാറാം യെച്ചൂരി പ്രതികരിച്ചു. അല്ലെങ്കിൽ മിശ്രവിവാഹം നിയമവിരുദ്ധമായി പ്രഖ്യാപിക്കട്ടെ.

രാജ്യത്തെ നിലവിലെ നിയമപ്രകാരം വിവാഹത്തിനു മതമോ ജാതിയോ തടസ്സമല്ല. ലവ് ജിഹാദ്‌ വിവാദം അസംബന്ധമാണെന്ന് ചോദ്യങ്ങളോട്‌ യെച്ചൂരി പ്രതികരിച്ചു. സിൽവർ ലൈൻ കേന്ദ്ര–സംസ്ഥാന പദ്ധതിയാണെന്നും ഇത്‌ പാർട്ടി കോൺഗ്രസ്‌ അജണ്ടയുടെ ഭാഗമായിരുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News