കരാറുകാരന്റെ ആത്മഹത്യ; കര്‍ണാടക മന്ത്രി കെഎസ് ഈശ്വരപ്പയ്‌ക്കെതിരെ കേസ്

അഴിമതിക്കഥകൾ തുടർക്കഥയായ കർണാടകയിലെ ബിജെപി മന്ത്രി കെഎസ് ഈശ്വരപ്പയ്ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കരാറുകാരൻ ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ച്ചയാണ് സന്തോഷ് പാട്ടീൽ എന്ന കരാറുകാരനെ ഉഡുപ്പിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ, സന്തോഷ് പാട്ടീലിനെ തനിക്ക് അറിയില്ലെന്ന നിലപാടിലാണ് ഈശ്വരപ്പ.

4 കോടിയുടെ ബില്ലുകൾ മാറാൻ 40% കമ്മീഷൻ ആവശ്യപ്പെട്ടതിനാൽ മരിക്കുകയാണെന്നു വാട്സാപ് സന്ദേശമയച്ചതിനു പിന്നാലെയാണ് കരാറുകാരനായ സന്തോഷിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

ബിജെപി ഭരിക്കുന്ന കർണാടകയിൽ ഗ്രാമവികസന മന്ത്രി കെ.എസ്.ഈശ്വരപ്പയ്‌ക്കെതിരെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഉഡുപ്പി പൊലീസ് കേസെടുത്തത്. മന്ത്രിയുടെ ഉറ്റ അനുയായികളായ ബാസവരാജ്, രമേഷ് എന്നിവർക്കെതിരെയും കേസുണ്ട്.

മരിച്ച കരാറുകാരനായ സന്തോഷ് കെ.പാട്ടീലിന്റെ സഹോദരൻ പ്രശാന്തിന്റെ പരാതി പ്രകാരമാണ് മന്ത്രിക്കും സഹായികൾക്കുമെതിരെ കേസെടുത്തത്.കമ്മീഷൻ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ഗ്രാമവികസനമന്ത്രി ഗിരിരാജ് സിങ്ങിനും കത്തെഴുതിയാണ് ബെളഗാവി സ്വദേശി സന്തോഷ് കെ.പാട്ടീൽ ആത്മഹത്യ ചെയ്തത്.

ഹിന്ദു വാഹിനി എന്ന സംഘടനയുടെ ദേശീയ സെക്രട്ടറി കൂടിയാണ് സന്തോഷ്‌ .രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഉഡുപ്പിയിലെ ലോഡ്ജിൽ തിങ്കളാഴ്ച രാത്രി മുറിയെടുത്ത സന്തോഷിനെ ഇന്നലെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.

40% കമ്മീഷൻ നൽകിയാലേ സർക്കാർ പദ്ധതികളുടെ കരാറുകൾ ലഭിക്കൂ എന്നാരോപിച്ച് നേരത്തേ തന്നെ കർണാടക കോൺട്രാക്ടേഴ്സ് ഫെ‍ഡറേഷൻ രംഗത്തുണ്ട്. പ്രധാനമന്ത്രിക്കും ഗവർണർക്കും പരാതി നൽകിയെങ്കിലും നടപടിയില്ലാത്തതിനാൽ പ്രതിഷേധത്തിനു തയാറെടുക്കുന്നതിനിടെയാണ് സന്തോഷിന്റെ മരണം. അതേസമയം, മരണത്തിൽ പങ്കില്ലെന്നും തന്റെ വകുപ്പ് അദ്ദേഹത്തിനു കരാർ നൽകിയിട്ടില്ലെന്നും മന്ത്രി ഈശ്വരപ്പ വ്യക്തമാക്കി.

സന്തോഷ് പാട്ടീലിന്റെ ആത്മഹത്യയ്ക്കു പിന്നാലെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി. ഈശ്വരപ്പ രാജിവയ്ക്കണമെന്നും ക്രിമിനൽ കേസെടുത്ത് മന്ത്രിയെ അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടും നീതി ലഭിക്കാതെ പോയെന്നു രാഹുൽഗാന്ധി പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News