കേന്ദ്രീയ വിദ്യാലയ പ്രവേശനം ; എംപിമാരുടെ ക്വോട്ട റദ്ദാക്കി കേന്ദ്രം

കേന്ദ്രീയ വിദ്യാലയ പ്രവേശനത്തിൽ എംപിമാരുടെ ക്വോട്ട റദ്ദാക്കി കേന്ദ്രം. മറ്റ് സ്പെഷ്യൽ ക്വോട്ടകളും റദ്ദാക്കുന്നതായി കേന്ദ്രീയ വിദ്യാലയ സംഗഠൻ. നേരത്തേ എംപി ക്വോട്ട തുടരണോ വേണ്ടയോ എന്ന വിഷയത്തിൽ സർവകക്ഷിയോഗം വിളിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പെട്ടെന്നായിരുന്നു പുതിയ തീരുമാനം.

കേന്ദ്രീയ വിദ്യാലയ സംഗഠൻ വിവിധ കേന്ദ്രീയ വിദ്യാലയങ്ങളിലേക്ക് നൽകിയ നിർദേശത്തിലാണ് എംപിമാർക്കുള്ള ക്വോട്ട ഉൾപ്പെടെ സ്പെഷ്യൽ ക്വോട്ടകളെല്ലാം റദ്ദാക്കാനുള്ള തീരുമാനം ഉള്ളത്.

എംപിമാരുടെ മക്കളെയും പേരക്കുട്ടികളെയും പ്രവേശിപ്പിക്കാനുള്ള ക്വോട്ടയും ഇനിയുണ്ടാകില്ല. ജനറൽ ക്വോട്ടയും കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്കുള്ള ക്വോട്ടയും മാത്രമാണ് തുടരുക.

കേന്ദ്രീയ വിദ്യാലയ പ്രവേശനത്തിനുള്ള സമയം അവസാനിച്ച ഘട്ടത്തിലാണ് കേന്ദ്രസർക്കാരിൻ്റെ നടപടി.1975ൽ ആരംഭിച്ച എംപി ക്വോട്ട സംവിധാനം ഇടയ്ക്ക് പലകാലങ്ങളിൽ താൽക്കാലികമായി നിർത്തലാക്കിയിരുന്നു. എന്നാൽ, കൂടുതൽ സീറ്റുകൾക്ക് ക്വോട്ട അനുവദിച്ച് പുനരാരംഭിക്കുകയായിരുന്നു.

ഇപ്പോഴത്തെ എംപി ക്വോട്ട അപര്യാപ്തമാണെന്ന് ഭരണപക്ഷ- പ്രതിപക്ഷ ഭേദമെന്യേ എല്ലാ എംപിമാരും ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട പാർലമെൻ്റ് ചർച്ചകളിന്മേൽ സർവകക്ഷിയോഗം വിളിക്കാമെന്ന് ലോക്സഭാ സ്പീക്കർ അറിയിച്ചിരുന്നുവെങ്കിലും പെട്ടെന്നായിരുന്നു പുതിയ തീരുമാനം.

നേരത്തെ കൊവിഡ് കാലത്ത് ഒരറിയിപ്പും കൂടാതെയായിരുന്നു കേന്ദ്രസർക്കാർ എംപിമാരുടെ ആസ്തി വികസന ഫണ്ട് വെട്ടിയത്. ആദ്യം അനുവദിച്ച ഫണ്ടിൻ്റെ പകുതി മാത്രം നൽകി ബാക്കി തുക അനുവദിക്കാതെ തടഞ്ഞുവയ്ക്കാനും കേന്ദ്രം ശ്രമിച്ചിരുന്നു.

പാർലമെൻ്റിൽ ഉയർത്തുന്ന ചോദ്യങ്ങളെ കേന്ദ്രമന്ത്രിമാർ അവഗണിക്കുകയാണെന്നും ചർച്ചകൾക്ക് അവസരം നൽകുന്നില്ലെന്നും എംപിമാർ രൂക്ഷമായ പരാതി ഉന്നയിക്കുന്ന ഘട്ടത്തിലാണ് കേന്ദ്രത്തിൻ്റെ പുതിയ നടപടി. എംപിമാരുടെ അവകാശങ്ങൾ തട്ടിപ്പറിക്കുന്നതിലൂടെ പാർലമെൻ്റും പാർലമെൻ്ററി പ്രവർത്തനങ്ങളും ഇല്ലാതാക്കുന്നതിൻ്റെ കേന്ദ്ര മുന്നൊരുക്കമാണ് പ്രതിഫലിക്കുന്നതെന്നും വിമർശനമുയരുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here