
IPL ക്രിക്കറ്റിൽ ഇന്ന് രാജസ്ഥാൻ റോയൽസ് – ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം. രാത്രി 7:30 ന് നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് മത്സരം. കളിച്ച 4 മത്സരങ്ങളിൽ നിന്നും 3 ജയം ഉൾപ്പെടെ 6 പോയിന്റ് വീതമാണ് രാജസ്ഥാനും ഗുജറാത്തിനും ഉള്ളത്.
ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനമാണ് ഇരു ടീമുകളുടെയും ലക്ഷ്യം. സീസണിലെ ഏറ്റവും സന്തുലിതമായ നിരയാണ് രാജസ്ഥാൻ റോയല്‍സ്. ദേവ്ദത്ത് പടിക്കലിന് ഓപ്പണിങ്ങിലേക്ക് പ്രമോഷൻ നൽകിയതിലൂടെ മുൻനിര കൂടുതൽ കരുത്തായി.
നായകൻ സഞ്ജു സാംസണിന് പുറമെ ഷിമ്രോൺ ഹെറ്റ്മെയർ, റാസ്സി വാൻഡർ ഡസൻ, റിയാൻ പരാഗ് എന്നിങ്ങനെ പവർഹിറ്റർമാർ നിരവധി. ട്രെന്‍റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ്‌വേന്ദ്ര ചാഹൽ, ആര്‍ അശ്വിൻ എന്നിവരടങ്ങുന്ന ബൗളിംഗിലും ആശങ്കയില്ല. ലഖ്‌നൗവിനെ തോൽപ്പിച്ചെത്തുന്ന രാജസ്ഥാന് ഒന്നാംസ്ഥാനം ഉറപ്പിക്കുക കൂടി ലക്ഷ്യമാണ്.
അതേസമയം പോയിന്‍റ് പട്ടികയിൽ ആദ്യ നാലിലുണ്ടെങ്കിലും ബാറ്റിംഗിലും ബൗളിംഗിലും ആശങ്കയുണ്ട് ഗുജറാത്തിന്. ഓപ്പണർ മാത്യു വെയ്ഡിൽ നിന്ന് വലിയ സ്കോർ വരുന്നില്ല. മറ്റൊരു വിദേശതാരമായ ഡേവിഡ് മില്ലറിന്‍റെ വെടിക്കെട്ടും സീസണിൽ കണ്ടില്ല.
ശുഭ്മാൻ ഗില്ലും ഹാർദിക് പാണ്ഡ്യയും ഉത്തരവാദിത്തം ഒറ്റയ്ക്ക് നിറവേറ്റേണ്ട അവസ്ഥയാണ്. രാഹുല്‍ തെവാത്തിയയുടെ ഫിനിഷിംഗ് മികവിൽ മാത്രമാണ് പ്രതീക്ഷ.
ലോക്കി ഫെർഗ്യൂസൻ, മുഹമ്മദ് ഷമി ബൗളിംഗ് സഖ്യം ഏത് ബാറ്റിംഗ് നിരയ്ക്കും വെല്ലുവിളിയാവും. റാഷിദ് ഖാന്‍റെ നാല് ഓവറുകളും പ്രധാനം.എന്നാൽ അഞ്ചാം ബൗളറുടെ കാര്യത്തിൽ അനിശ്ചിതത്വമുണ്ട്. വൃദ്ധിമാൻ സാഹ, ഗുർബാസ്, അൽസാരി ജോസഫ് തുടങ്ങി പകരക്കാരുടെ ഒരുനിരയുണ്ടെങ്കിലും മാറ്റത്തിന് സാധ്യത കുറവാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here