”ജലാശയം പോലെഴുതി ഒറ്റക്കൊരാള്‍ക്കൂട്ടമായുദിക്കുന്നു”; അംബേദ്കര്‍ ജയന്തി ദിനത്തില്‍ വിനോദ് വൈശാഖി എഴുതുന്നു…

ജാതിയ്ക്കും അസമത്വത്തിനുമെതിരെ ഉദിച്ചുയര്‍ന്ന അംബേദ്കറിനെ അനുസ്മരിച്ച് കവി വിനോദ് വൈശാഖിയുടെ ‘മഹദ്’ എന്ന കവിത. ഇന്ത്യന്‍ ഭരണഘടനാ ശില്‍പി ഡോ. ബി ആര്‍ അംബേദ്കറിന്റെ 130ാം ജന്മവാര്‍ഷികമാണിന്ന്. ഇന്ത്യന്‍ ജാതിവ്യവസ്ഥയെയും അധികാര സ്വരൂപങ്ങളെയും നിരന്തരം വെല്ലുവിളിച്ച മനുഷ്യാവകാശ പോരാളിയാണ് അംബേദ്കര്‍. മഹാരാഷ്ട്രയിലെ ‘രത്‌നഗിരി ‘ ജില്ലയിലാണ് അംബേദ്കര്‍ ജനിച്ചത്.

അംബേദ്കറുടെ രാഷ്ട്രീയ ജീവിതത്തിലെ നിര്‍ണായക പോരാട്ടമായിരുന്നു മഹദ് സത്യാഗ്രഹം. ഗാന്ധിയുടെ ഉപ്പ് സത്യാഗ്രഹത്തിന് മൂന്ന് വര്‍ഷം മുമ്പ് മഹാരാഷ്ട്രയിലെ മഹദിലെ ചവാദര്‍ ചിറയില്‍ നിന്ന് സവര്‍ണ പ്രമാണിമാര്‍ വിലക്കിയ വെള്ളം കുടിച്ച് അംബേദ്കറും കൂട്ടരും ചരിത്രം സൃഷ്ടിച്ചു. ”ഞങ്ങള്‍ ഇവിടെ വെറുതെ വെള്ളം കുടിക്കാന്‍ മാത്രം വന്നതല്ല… എല്ലാ മനുഷ്യരേയും പോലെയാണ് ഞങ്ങളെന്ന് കാണിച്ച് കൊടുക്കാന്‍ വേണ്ടി തന്നെ വന്നതാണ്” എന്നായിരുന്നു അംബേദ്കറുടെ പ്രഖ്യാപനം. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ കണ്ടെത്താവുന്ന അനവധി പ്രഖ്യാപനങ്ങള്‍ പോലൊന്ന്. കവി വിനോദ് വൈശാഖിയുടെ വരികള്‍ ഈ ദിനത്തില്‍ ഏറെ പ്രസക്തമാണ്.

കവി വിനോദ് വൈശാഖിയുടെ വരികള്‍:-

”മഹദ്”

………
മഹദ്വചനമില്ല
മഹാ പര്‍വതത്തില്‍
ഉദിക്കേണ്ടതില്ല
നിനക്കില്ല,
‘ചൗതര്‍’തടാകം
പാഠവും പാതയും.

ഈയം
ചെവിക്കുള്ളി –
ലുരുകുമ്പൊഴാരും
കരഞ്ഞതേയില്ല,
പിടഞ്ഞില്ല മേല്‍ക്കൈ –
കുടുക്കുമ്പൊഴും,
അണഞ്ഞിട്ടുമാളാന്‍
കൊതിക്കുന്ന പ്രാണനില്‍,
നീയാണ് തീയാ-
യടങ്ങിക്കിടപ്പത്.

അക്ഷരം
നാവിലൊളിപ്പി –
ച്ചടക്കമായാര്‍ക്കും
വിളമ്പാതൊടുങ്ങു-
മവര്‍ണ്ണനെ,
ഉടുപ്പായണിഞ്ഞമ്പു
മൂര്‍ച്ച, അംബേഡ്കര്‍.

വളഞ്ഞനില്‌പേട്ടി –
ലേക്കെറിയൂ;
ഒന്നാണ് നമ്മള്‍
ഒരേ രക്തമാണ്
ഒരേ വെള്ളമാണ്
പ്രാര്‍ത്ഥിക്കുവാനുള്ള
പാഠമൊന്നാണ്,
സ്വരങ്ങള്‍ക്കകത്തെ
വികാരമൊന്നാണ്,
വേഷങ്ങളില്‍ തുള്ളി –
യാടുന്ന ഭാഷകള്‍ –
ക്കൊക്കെയും സ്വാതന്ത്ര്യ – മുള്ളമണ്ണാണ്.

അന്നം വിളമ്പും
രുചിക്കൂട്ടിനുള്ളി –
ലിടയ്ക്കിടെ പൂക്കു-
മെരിയുമൊന്നാണ്.
നാം ഭരണമാണ്
ഒരേ രാജ്യമാണ്

ആശയങ്ങള്‍,
ജലാശയം പോലെഴുതി
ഒറ്റക്കൊരാള്‍ക്കൂട്ട-
മായുദിക്കുന്നു;
മുറ്റത്തെ –
രത്‌നഗിരിക്കുമേല്‍
ഭാരതം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News