പെസഹാ അപ്പം വളരെ എളുപ്പത്തിൽ വീട്ടില്‍ തന്നെ ഉണ്ടാക്കാം

പെസഹാ വ്യാഴം ക്രൈസ്തവരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്‌. യേശുവിന്‍റെ ഒടുവിലത്തെ അത്താഴ സ്മരണയില്‍ ക്രിസ്തീയ ഭവനങ്ങളില്‍ പെസഹാവ്യാഴാഴ്ച വൈകുന്നേരം അപ്പം മുറിക്കല്‍ ചടങ്ങുകള്‍ നടത്താറുണ്ട്. അരിപ്പൊടിയും തേങ്ങാ അരപ്പും ചേര്‍ത്തുണ്ടാക്കുന്ന പുളിപ്പില്ലാത്ത അപ്പവും തേങ്ങാപ്പാലും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന പാലും ഉപയോഗിച്ച് ഗൃഹനാഥന്‍റെ കാര്‍മ്മികത്വത്തില്‍ കുടുംബാംഗങ്ങള്‍ എല്ലാവരും ഒത്തുചേര്‍ന്നാണ് പെസഹാ ആചരിക്കുന്നത്. വളരെ എളുപ്പത്തിൽ പെസഹാ അപ്പം വീട്ടില്‍ ഒരുക്കുന്നതെങ്ങനെയെന്ന് നോക്കാം .

ചേരുവകള്‍

•വറുത്ത അരിപ്പൊടി – 1 കപ്പ്
•ഉഴുന്ന് (വറുത്തതിന് ശേഷം 2 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കണം) – 1/2 കപ്പ്
•തേങ്ങ – 1 കപ്പ്
•ജീരകം – 1/4 ടീസ്പൂൺ
•കുരുമുളക് – 3-4 എണ്ണം
•വെളുത്തുള്ളി – 2 അല്ലി
•ചുവന്നുള്ളി – 4 എണ്ണം
•ഉപ്പ് – ആവശ്യത്തിന്‌
തയാറാക്കുന്ന വിധം

•ആദ്യം തന്നെ വെള്ളത്തില്‍ കുതിര്‍ത്ത ഉഴുന്ന് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് നന്നായി കുഴമ്പ് രൂപത്തില്‍ അരച്ചെടുക്കണം.

•ശേഷം ചിരകിയ തേങ്ങയും ജീരകവും ചുവന്നുള്ളിയും വെളുത്തുള്ളിയും കുരുമുളകും ആവശ്യത്തിന് വെള്ളം ചേർത്ത് പരുക്കനായി അരച്ചെടുക്കണം.

•പിന്നീട് ഒരു വലിയ പാത്രത്തില്‍ അരിപ്പൊടിയെടുത്ത് ഇതിലേക്ക് അരച്ച് വച്ച ഉഴുന്നും തേങ്ങയും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് നല്ല കുഴമ്പു പരുവത്തിൽ ആക്കുക.

• ഒരു മണിക്കൂറിന് ശേഷം ആവി വരുന്ന അപ്പച്ചെമ്പിൽ ഒരു പാത്രം വച്ച് അതിലേക്കു ഈ മാവ് കോരിയൊഴിക്കുക.

•ഇതിന്റെ മുകളിലായി കുരുത്തോല കൊണ്ട് കുരിശ് ഉണ്ടാക്കി വയ്ക്കാം. ഇത് അര മണിക്കൂർ വേവിക്കുക. പെസഹാ അപ്പം തയാര്‍.

പെസഹാ പാല്‍ ഉണ്ടാക്കുന്ന വിധം

ചേരുവകള്‍

•ശര്‍ക്കര – 150 ഗ്രാം (കട്ടിയുള്ള പാനിയാക്കി അരിച്ചെടുക്കുക)
•വെള്ളം – 1/2 കപ്പ്
•തേങ്ങാപ്പാല്‍; ഒന്നാം പാല്‍ – 1 കപ്പ്‌
•രണ്ടാം പാല്‍ – 2 1/2 കപ്പ്
•ചുക്ക് പൊടി – 1/4 ടീസ്പൂൺ
•ജീരകപ്പൊടി – 1/4 ടീസ്പൂൺ
•ഏലയ്ക്കാപ്പൊടി – 1/4 ടീസ്പൂൺ
•വറുത്ത അരിപ്പൊടി – രണ്ടു ടേബിൾസ്പൂൺ‍.
•നേന്ത്രപ്പഴം – 1 വട്ടത്തില്‍ കഷ്ണങ്ങളായി അരിഞ്ഞത് ( തിരുവിതാംകൂര്‍ ശൈലിയില്‍ )
തയാറാക്കുന്ന വിധം

ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ ശർക്കരയും വെള്ളവും ചേർത്ത് ഉരുക്കിയെടുത്തു അരിച്ചു മാറ്റി വയ്ക്കുക.

രണ്ടാം പാലിൽ അരിപ്പൊടി ചേർത്ത് കട്ടയില്ലാതെ ഇളക്കി തീ ഓൺ ചെയ്യുക. ഇതിലേക്ക് ഉരുക്കി വച്ച ശർക്കരയും ജീരകപ്പൊടിയും ഏലയ്ക്കാപ്പൊടിയും ചുക്കുപൊടിയും ചേർത്ത് നന്നായി തിളപ്പിക്കുക.

നന്നായി ഇളക്കി കൊടുത്ത് കൊണ്ടേയിരിക്കണം. ഇന്ററി അപ്പത്തിലെന്ന പോലെ പെസഹാപ്പാലിലും ചില സ്ഥലങ്ങളില്‍ കുരുത്തോലെകാണ്ട് കുരിശുണ്ടാക്കി ഇടാറുണ്ട്. കുറുകുന്നതു വെരെ നിരന്തരം ഇളക്കിക്കൊണ്ടിരിക്കുക.

കുറുകി വരുമ്പോള്‍ ഒന്നാം പാലും നേന്ത്രപ്പഴത്തിന്റെ കഷ്ണങ്ങളും ചേര്‍ത്ത് ഇളക്കി അടുപ്പില്‍ നിന്നും ഇറക്കി വയ്ക്കാം. മധുരമുള്ള പെസഹാപാല്‍ തയാര്‍. പുഴുങ്ങി വച്ചിരിക്കുന്ന അപ്പം ഈ പാലില്‍ മുക്കി കഴിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel