ഇടുക്കിയുടെ മുഖം മാറുന്നു; കോടികളുടെ വികസന പദ്ധതികളുമായി ഡി റ്റി പി സി

ഇടുക്കിയിലെ ടൂറിസം മേഖലയ്ക്ക് ഉണര്‍വ്വ് പകര്‍ന്ന് കോടികളുടെ വികസന പദ്ധതി നടപ്പിലാകുന്നു. മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ അന്താരാഷ്ട്ര ഡെസ്റ്റിനേഷനാക്കാനാണ് ഡി റ്റി പി സി തയാറെടുക്കുന്നത്. ആമപ്പാറയും രാമക്കല്‍മേടും അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലടക്കം പതിനെട്ട് കോടിയുടെ വികസന പദ്ധതികളാണ് നടപ്പിലാക്കുക.

കൊവിഡിനെ തുടര്‍ന്ന് നിലച്ചിരുന്ന പദ്ധതികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും പുനരാരംഭിച്ചു. ഡി റ്റി പി സിയുടെ കീഴില്‍ വരുന്ന വിവിധ കേന്ദ്രങ്ങളില്‍ രണ്ടാം ഘട്ടമെന്ന രീതിയില്‍ പതിനെട്ട് കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തുക.

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് തെക്കിന്റെ കാശ്മീരിലെത്തുന്ന സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍. മൂന്ന് കോടിയുടെ വികസന പദ്ധതിയാണ് ഇവിടെ നടപ്പിലാക്കുന്നത്. മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ അന്താരാഷ്ട്ര ഡെസ്റ്റിനേഷനാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും ഡി റ്റി പി സി സെക്രട്ടറി ജിദേഷ് അറിയിച്ചു.

മൂന്നാറില്‍ എല്ലാവര്‍ഷവും മുടങ്ങാതെ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി പുഷ്പമേള സംഘടിപ്പിക്കാനും ടൂറിസം കലണ്ടറില്‍ ഉള്‍പ്പെടുത്താനുമാണ് ഡി റ്റി പി സിയുടെ ശ്രമം. ഇതോടൊപ്പം മലയോരത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ രാമക്കല്‍ മേടിനോട് ചേര്‍ന്ന് കിടക്കുന്ന ആമപ്പാറ ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 96 ലക്ഷം രൂപയാണ് ചെലവഴിക്കുക.

പാറയിടുക്കള്‍ക്കിടയിലൂടെ സുരക്ഷിതമായ ട്രക്കിംഗ് അടക്കം ആമപ്പാറയിലെത്തുന്ന സഞ്ചാരികള്‍ക്ക് വ്യത്യസ്ഥമായ അനുഭവം പകര്‍ന്ന് നല്‍കുന്ന പദ്ധതികളാണ് ഇവിടെയും നടപ്പിലാക്കുന്നത്. നിലവില്‍ ജില്ലയിലാകെ നടന്നുവരുന്ന പദ്ധതികള്‍ പൂര്‍ത്തിയാകുന്നകതോടെ ടൂറിസം മേഖലയില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഡി റ്റി പി സി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here