
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ പടയൊരുക്കം. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനുളള നീക്കത്തിനെതിരെ എ, ഐ ഗ്രൂപ്പുകള്‍ രംഗത്തെത്തി. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഇതുവരെ നേതൃത്വം കൂടിയാലോചന നടത്തിയിട്ടില്ലെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാനും എ ഗ്രൂപ്പ് നേതാവുമായ ഡൊമിനിക് പ്രസന്റേഷന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.
കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തൃക്കാക്കര മണ്ഡലത്തിലെത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് അറിയിച്ചതോടെയാണ് എ, ഐ ഗ്രൂപ്പിനുളളിലെ അതൃപ്തി പ്രകടമായത്. ജില്ലയില്‍ പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കള്‍ ഉണ്ടായിട്ടും ഇതുവരെ കൂടിയാലോചന ഉണ്ടായിട്ടില്ലെന്നാണ് നേതാക്കളുടെ പരാതി. കോണ്‍ഗ്രസില്‍ ഇത്തരം കീഴ്‌വഴക്കമില്ലെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കൂടിയായ ഡൊമിനിക് പ്രസന്റേഷന്‍ പ്രതികരിച്ചു.
പി ടി തോമസിന്റെ ഭാര്യ ഉമയെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സംബന്ധിച്ച വാര്‍ത്തകളും അദ്ദേഹം തളളി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിജയസാധ്യതയാണ് പരിഗണിക്കേണ്ടതെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. സുധാകരനും സതീശനും ഏകപക്ഷീയമായി തീരുമാനം എടുക്കുന്നതിനെതിരെ ഇരുഗ്രൂപ്പുകളും കടുത്ത അതൃപ്തിയിലാണ്.
സ്വന്തം അക്കൗണ്ടിലായിരുന്ന തൃക്കാക്കര സീറ്റ് തിരികെ ലഭിക്കണമെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. കുടുംബവാഴ്ചയെ എതിര്‍ത്തിരുന്ന പി ടി തോമസിന്റെ നിലപാട് ചൂണ്ടിക്കാട്ടി ഉമയുടെ സ്ഥാനാര്‍ത്ഥിത്വം ഐ ഗ്രൂപ്പും തളളുന്നു. ചുരുക്കത്തില്‍ പുതിയ നേതൃത്വത്തിനെതിരായ ഗ്രൂപ്പ് നേതാക്കളുടെ പടയൊരുക്കം തൃക്കാക്കരയില്‍ തുടങ്ങിക്കഴിഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here