
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനം നടന്നു. പുലര്‍ച്ചെ 2.30നാരംഭിച്ച വിഷുക്കണി ദര്‍ശനം 3.30 വരെ ഉണ്ടായിരുന്നു. വിഷുനാളില്‍ വലിയ ഭക്തജന തിരക്കാണ് ഗുരുവായൂരില്‍ അനുഭവപ്പെടുന്നത്.
ഇന്നലെ രാത്രി കീഴ്ശാന്തിമാര്‍ ശ്രീലകത്ത് കണി കോപ്പുകള്‍ ഒരുക്കി വെച്ചു. ഓട്ടുരുളിയില്‍ ഉണക്കലരി, വെള്ളരിക്ക, കണിക്കൊന്ന, ചക്ക, മാങ്ങ, വാല്‍ക്കണ്ണാടി, ഗ്രന്ഥം, അലക്കിയ മുണ്ട്, സ്വര്‍ണം, നാണയം എന്നിവയാണ് കണിക്കോപ്പുകള്‍. പുലര്‍ച്ചെ രണ്ടിന് മേല്‍ശാന്തി തിയ്യന്നൂര്‍ കൃഷ്ണചന്ദ്രന്‍ നമ്പൂതിരിയും കീഴ്ശാന്തിമാരും കുളിച്ചു വന്ന് ശ്രീലക വാതില്‍ തുറന്നു . നാളികേരം ഉടച്ച് തിരിയിട്ട് തെളിച്ച് ഓട്ടുരുളിയിലെ കണി കോപ്പുകള്‍ ഉയര്‍ത്തി പിടിച്ച് മേല്‍ശാന്തി കണ്ണനെ കണി കാണിച്ചു.
കെടാ വിളക്കിലെ തിരി നീട്ടി കണ്ണന്റെ കയ്യില്‍ വിഷു കൈനീട്ടം നല്‍കി. ആലവട്ടവും വെഞ്ചാമരവും നെറ്റി പട്ടവും അലങ്കരിച്ച സ്വര്‍ണ പീഠത്തില്‍ കണിക്കോപ്പുകളും കണ്ണന്റെ തങ്കത്തിടമ്പും എഴുന്നള്ളിച്ച് മുഖമണ്ഡപത്തില്‍ വെച്ചു. വിളക്കുകള്‍ തിരിനീട്ടി തെളിച്ച് എല്ലാവരും പുറത്തിറങ്ങി. തുടര്‍ന്ന് ഭക്തര്‍ക്കുള്ള അവസരമായിരുന്നു. ഭക്തര്‍ ഗുരുവായൂരപ്പനെ തൊഴുത് തങ്കത്തിടമ്പും കണിക്കോപ്പുകളും കണി കണ്ടു. കണി ദര്‍ശനം കഴിഞ്ഞവര്‍ക്ക് മേല്‍ശാന്തി വിഷുക്കൈനീട്ടം നല്‍കി. ഇന്നത്തെ വിഷു വിളക്ക് സമ്പൂര്‍ണ നെയ് വിളക്കായാണ് ആഘോഷിക്കുന്നത്. ഭക്തര്‍ക്ക് വിഷു സദ്യയും ഒരുക്കിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here