നിമിഷ പ്രിയയുടെ മോചന ശ്രമങ്ങള്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് ഏകോപിപ്പിക്കും

യമന്‍ ജയിലില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടു കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശി നേഴ്സ് നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ സുപ്രിംകോടതി റിട്ടയേര്‍ഡ് ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് ഏകോപിപ്പിക്കും. ഇതിനായി രൂപീകരിച്ച സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിന്റെ ശ്രമങ്ങള്‍ക്കാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് നേതൃത്വം നല്‍കുക. രണ്ട് സംഘങ്ങളായാണ് മോചന ശ്രമം നടത്തുക. സര്‍ക്കാര്‍-സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍, അന്താരാഷ്ട്ര എജന്‍സികള്‍ തുടങ്ങിയവരുടെ സഹകരണത്തോടെ നിമിഷയുടെ മോചനത്തിനായി ശ്രമിക്കും.

നിമിഷയുടെ അമ്മ പ്രേമകുമാരി, മകള്‍ മിഷേല്‍ തുടങ്ങിയവരടങ്ങിയ സംഘം യമന്‍ സന്ദര്‍ശിച്ചു ഇര തലാലിന്റെ കുടുംബത്തെ കണ്ട് ചര്‍ച്ചകള്‍ നടത്തി നിമിഷക്ക് മാപ്പു നല്‍കണമെന്നപേക്ഷിക്കും. നിമിഷപ്രിയയെ കാണുന്നതിന് യാത്രാനുമതി തേടി അമ്മയും മകളും വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയും എട്ടുവയസ്സുകാരിയായ മകളുമാണ് സഹായം തേടിയിരിക്കുന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിലാണ് നിമിഷപ്രിയ. ബന്ധുക്കളുടെ യാത്രയ്ക്കും കോണ്‍സുല്‍ വഴി ജയില്‍ അധികൃതരെ ബന്ധപ്പെടുന്നതിനും സഹായം നല്‍കാന്‍ മന്ത്രാലയം സന്നദ്ധമാണെന്നാണ് സൂചന.

നിമിഷപ്രിയയുടെ മോചനത്തില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് നല്‍കിയ അപ്പീല്‍ തള്ളിയിരുന്നു. കേസില്‍ നയതന്ത്ര ഇടപെടലിന് കഴിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളോട് സംസാരിച്ചു ബ്ലഡ് മണി നല്‍കി, നിമിഷപ്രിയയുടെ ശിക്ഷയില്‍ ഇളവ് നല്‍കാന്‍ വേണ്ടിയാണ് കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടിയത്. കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചതോടെ ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഹരജി തീര്‍പ്പാക്കി. നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലാണ് ഹരജി സമര്‍പ്പിച്ചത്.

യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്നു കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു എന്നതാണ് കേസ്. 2017 ജൂലൈ 25നാണ് യമന്‍ പൗരനായ തലാല്‍ കൊല്ലപ്പെട്ടത്. യമനില്‍ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍, പാസ്പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷപ്രിയയുടെ വാദം. യമന്‍ സ്വദേശിനിയായ സഹപ്രവര്‍ത്തകയുടെയും മറ്റൊരു യുവാവിന്റെയും നിര്‍ദേശപ്രകാരം തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതു മരണത്തിന് ഇടയാക്കുകയായിരുന്നു. കീഴ്ക്കോടതിയാണ് നിമിഷയ്ക്കു വധശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ടയാളുടെ കുടുംബം പണം സ്വീകരിച്ച് മാപ്പ് നല്‍കിയാല്‍ നിമിഷക്ക് ജീവിതത്തിലേക്ക് മടങ്ങി വരാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇതിനായി നടത്തിയ ശ്രമങ്ങള്‍ വിജയിച്ചിരുന്നില്ല. പിന്നാലെ കേന്ദ്രസര്‍ക്കാര്‍ നയതന്ത്ര ഇടപെടല്‍ സാധ്യമല്ലെന്ന് അറിയിച്ചതോടെ നിമിഷപ്രിയയുടെ മോചനം വീണ്ടും സങ്കീര്‍ണമാവുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News