ശ്രീലങ്കയിൽ രജപക്‌സെ സർക്കാരിനെതിരെ മൂന്നു ദിവസം നീണ്ട പ്രതിഷേധ മാർച്ച് നടത്താൻ പ്രതിപക്ഷം. ജനത വിമുക്തി പെരമുന (ജെവിപി)യുടെ നേതൃത്വത്തിൽ 17 മുതൽ 19 വരെയാണ് മാർച്ച്.
ജനങ്ങളുടെ ആവശ്യം കേൾക്കാതെ അധികാരത്തിൽ കടിച്ചുതൂങ്ങുന്ന രജപക്‌സെ സർക്കാരിന്റെ പിടിവാശിക്കെതിരയാണ് പ്രതിഷേധം.
കലുതാര ജില്ലയിലെ ബെരുവാലയിൽനിന്ന് 17ന് രാവിലെ ഒമ്പതിന് മാർച്ച് ആരംഭിക്കുമെന്ന് ജെവിപി ജനറൽ സെക്രട്ടറി ടിൽവിൻ സിൽവ പറഞ്ഞു. 19ന് കൊളംബോയിൽ എത്തിച്ചേരും.
സാമ്പത്തികപ്രതിസന്ധി രൂക്ഷമാകുന്നതിനിടയിൽ പ്രസിഡന്റ് ഗോതബായ രജപക്‌സെയുടെ രാജി ആവശ്യപ്പെട്ട് കൊളംബോയിലെ വസതിക്കു സമീപം തുടരുന്ന പ്രതിഷേധം ആറു ദിവസം പിന്നിട്ടു. പ്രസിഡന്റിന്റെ വസതിയ്‌ക്ക് മുമ്പിൽ പ്രതിഷേധക്കാർ സിംഹള, തമിഴ് പുതുവർഷം ആഘോഷിച്ചു.
പാൽ തിളപ്പിച്ചും പരമ്പരാഗത മധുരപലഹാരങ്ങൾ വിതരണം ചെയ്തുമായിരുന്നു ആഘോഷം. ചർച്ചയ്‌ക്കുള്ള പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെ ക്ഷണം പ്രതിഷേധക്കാർ നിരസിച്ചു.
ശ്രീലങ്കയ്‌ക്ക് സാമ്പത്തികപ്രതിസന്ധിയിൽനിന്ന് പുറത്തുകടക്കാൻ ഈ വർഷം ഏകദേശം 400 കോടി ഡോളറെങ്കിലും വേണമെന്ന് (ഏകദേശം 30000 കോടിയിലധികം രൂപ) ധനമന്ത്രി അലി സാബ്രി പറഞ്ഞു.
അന്താരാഷ്‌ട്ര നാണ്യനിധിയുമായുള്ള ചർച്ച 18 മുതൽ വാഷിങ്ടണിൽ ആരംഭിക്കുമെന്നും അടിയന്തര സഹായമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും സാബ്രി പറഞ്ഞു. ഇന്ത്യ 200 കോടി ഡോളർ(ഏകദേശം 15000കോടി രൂപ) സഹായംകൂടി ശ്രീലങ്കയ്‌ക്ക് നൽകിയേക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here