കരാറുകാരന്റെ ആത്മഹത്യ; കര്‍ണാടകമന്ത്രി കെ എസ് ഈശ്വരപ്പ രാജിവെച്ചു

കോഴ വിവാദത്തിൽ കുടുങ്ങിയ കർണാടക ഗ്രാമ വികസന മന്ത്രി കെ എസ് ഈശ്വരപ്പ രാജിവെച്ചു. ദിവസങ്ങൾ നീണ്ട കടുംപിടിത്തത്തിനും പ്രതിപക്ഷ പ്രതിഷേധങ്ങൾക്കും ഒടുവിലാണ് രാജി. മന്ത്രിയെ രാജിവെപ്പിച്ച് തലയൂരാനുള്ള കേന്ദ്ര നേതൃത്വത്തിൻ്റെ നീക്കം ബിജെപിയെ കൂടുതൽ വെട്ടിലാക്കും.

ബിജെപി നേതൃത്വത്തിനും സർക്കാരിനും പ്രതിസന്ധി സൃഷ്ടിക്കുന്നില്ലെന്ന പ്രഖ്യാപനത്തോടെയാണ് ഈശ്വരപ്പയുടെ പടിയിറക്കം. മുഖ്യമന്ത്രി ബസവരാജ ബോമ്മൈയുടെ ഔദ്യോഗിക വസതിയിൽ നേരിട്ടെത്തിയാണ് രാജിക്കത്ത് കൈമാറിയത്.

കോഴ വിവാദത്തിൽ കേന്ദ്രമന്ത്രിമാരും പാർട്ടി കേന്ദ്ര നേതൃത്വവും ഉൾപ്പെടെ കുടുങ്ങുമെന്ന് ഉറപ്പായതോടെയാണ് ഈശ്വരപ്പയെ രാജി വെപ്പിച്ച് ബിജെപി തലയൂരുന്നത്. എന്നാൽ, രാജിയും ഈശ്വരപ്പയുടെ പ്രതികരണങ്ങളും കേന്ദ്ര നേതൃത്വത്തെ കൂടുതൽ വെട്ടിലാക്കും.

ബിജെപിക്കകത്തെ ഗ്രൂപ്പുപോരും ഈശ്വരപ്പയുടെ പ്രതികരണങ്ങളിൽ പുറത്തായിരുന്നു. അടുത്ത വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിലും ഒബിസി വിഭാഗത്തിൽ നിന്നുള്ള നേതാവിൻ്റെ രാജി ബിജെപിക്ക് പ്രതിസന്ധി സൃഷ്ടിക്കും.

ബലഗാവിയിലെ കോൺട്രാക്ടറായ സന്തോഷ് പാട്ടീലിൻ്റെ ആത്മഹത്യയെ തുടർന്നായിരുന്നു ബിജെപി നേതൃത്വത്തെ തന്നെ പിടിച്ചുകുലുക്കിയ കോഴ വിവാദം തലപൊക്കിയത്. നേരത്തെ നടത്തിയ റോഡ് പണിയുടെ ബിൽ മാറാൻ എത്തിയപ്പോൾ അതിൽ നിന്ന് നാൽപത് ശതമാനം കമ്മീഷൻ ഈശ്വരപ്പ ആവശ്യപ്പെട്ടതായി ബിജെപി പ്രവർത്തകൻ കൂടിയായ സന്തോഷ് പാട്ടീൽ വെളിപ്പെടുത്തിയിരുന്നു.

പ്രധാനമന്ത്രിക്ക് ഉൾപ്പെടെ കത്തയച്ചായിരുന്നു ബിജെപി പ്രവർത്തകൻ കൂടിയായ സന്തോഷിൻ്റെ ആത്മഹത്യ.

ആദ്യമായല്ല ഈശ്വരപ്പ വിവാദങ്ങളിൽ പെടുന്നത്. ചെങ്കോട്ടയിൽ ത്രിവർണപതാക മാറ്റി കാവിക്കൊടി നാട്ടുമെന്ന പ്രതികരണമാണ് നേരത്തെ ഈശ്വരപ്പയെ വെട്ടിലാക്കിയത്.

ഇത്തവണ,കോഴ വാർത്ത പുറത്തുവന്നതിനെത്തുടർന്ന് പ്രതിപക്ഷം ഈശ്വരപ്പയുടെ രാജി ആവശ്യപ്പെട്ട് വലിയ പ്രതിഷേധമാണ് ഉയർത്തിയത്. രാജിയോടെ പ്രതിഷേധം അവസാനിപ്പിക്കില്ല, അറസ്റ്റ് ചെയ്യും വരെ സമരം തുടരുമെന്നാണ് പ്രതിപക്ഷത്തിൻ്റെ പ്രഖ്യാപനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News