
രാഹുല്‍ ത്രിപാഠിയും എയ്ഡന്‍ മാര്‍ക്രവും പൊരുതി നിന്നപ്പോള്‍ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തുടര്‍ച്ചയായ മൂന്നാം ജയം. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ പോരാട്ടം അവര്‍ ഏഴ് വിക്കറ്റിന് വിജയിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 175 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ 13 പന്തും ഏഴു വിക്കറ്റും ബാക്കിയാക്കി ഹൈദരാബാദ് വിജയത്തിലെത്തി. സീസണിലെ തുടര്‍ച്ചയായ മൂന്നാം ജയം കുറിച്ച ഹൈദരാബാദ് ആറ് പോയിന്റുമായി ഏഴാം സ്ഥാനത്താണ്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ജഴ്‌സിയില്‍ ആദ്യ അര്‍ധ സെഞ്ച്വറിയുമായി രാഹുല്‍ ത്രിപാഠിയും എയ്ഡന്‍ മാര്‍ക്രവും കളം നിറഞ്ഞു. രാഹുല്‍ ത്രിപാഠി 71 റണ്‍സുമായി ഹൈദരാബാദിന്റെ ടോപ് സ്‌കോററായി. പഴയ തട്ടകമായ കൊല്‍ക്കത്തയ്‌ക്കെതിരെ 37 പന്തിലാണ് ത്രിപാഠി 71 റണ്‍സടിച്ചത്. ഇതില്‍ നാല് ഫോറും ആറ് സിക്‌സും ഉള്‍പ്പെടുന്നു.
ഐപിഎലിലെ രണ്ടാമത്തെ അര്‍ധ സെഞ്ച്വറി കണ്ടെത്തിയ എയ്ഡന്‍ മാര്‍ക്രം 68 റണ്‍സുമായി പുറത്താകാതെ നിന്നു. 36 പന്തില്‍ ആറ് ഫോറും നാല് സിക്‌സും സഹിതമാണ് മാര്‍ക്രം 68 റണ്‍സെടുത്തത്. പാറ്റ് കമ്മിന്‍സ് എറിഞ്ഞ 18-ാം ഓവറില്‍ തുടര്‍ച്ചയായ പന്തുകളില്‍ ഫോറും രണ്ട് സിക്‌സും നേടിയാണ് മാര്‍ക്രം ടീമിനു വിജയം സമ്മാനിച്ചത്.
സ്‌കോര്‍ ബോര്‍ഡില്‍ 39 റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍മാരെ ഇരുവരെയും നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റില്‍ ത്രിപാഠി – മാര്‍ക്രം സഖ്യം പടുത്തുയര്‍ത്തിയ 94 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഹൈദരാബാദ് വിജയത്തിന് അടിത്തറയായത്. വെറും 54 പന്തിലാണ് ഇരുവരും 94 റണ്‍സ് അടിച്ചുകൂട്ടിയത്. വിജയത്തിനരികെ ത്രിപാഠി പുറത്തായെങ്കിലും നിക്കോളാസ് പൂരനെ സാക്ഷിനിര്‍ത്തി മര്‍ക്രം ടീമിനു വിജയം സമ്മാനിച്ചു. പൂരന്‍ എട്ട് പന്തില്‍ അഞ്ച് റണ്‍സുമായി പുറത്താകാതെ നിന്നു.
ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ (10 പന്തില്‍ മൂന്ന്), കെയ്ന്‍ വില്യംസന്‍ (16 പന്തില്‍ 17) എന്നിവരാണ് ഹൈദരാബാദ് നിരയില്‍ പുറത്തായ മറ്റുള്ളവര്‍. കൊല്‍ക്കത്തയ്ക്കായി ആന്ദ്രെ റസ്സല്‍ രണ്ട് ഓവറില്‍ 20 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. പാറ്റ് കമ്മിന്‍സ് 3.5 ഓവറില്‍ 40 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി. നാല് ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങിയ സുനില്‍ നരെയ്‌ന് വിക്കറ്റൊന്നും ലഭിച്ചില്ല.
ഇടവേളയ്ക്കു ശേഷം ഐപിഎലില്‍ അര്‍ധ സെഞ്ച്വറിയുമായി മിന്നിയ നിതീഷ് റാണയുടെ മികവിലാണ് കൊല്‍ക്കത്ത 176 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 175 റണ്‍സെടുത്തത്. 19 ഇന്നിങ്‌സുകള്‍ക്കിടെ ആദ്യമായി അര്‍ധ സെഞ്ച്വറി തികച്ച നിതീഷ് റാണ 54 റണ്‍സുമായി കൊല്‍ക്കത്തയുടെ ടോപ് സ്‌കോററായി. 36 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതമാണ് റാണ 54 റണ്‍സെടുത്തത്.
റാണയ്ക്കു പുറമേ കൊല്‍ക്കത്ത നിരയില്‍ രണ്ടക്കം കണ്ടത് രണ്ട് പേര്‍ മാത്രമാണ്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ആന്ദ്രെ റസ്സല്‍ 49 റണ്‍സുമായി പുറത്താകാതെ നിന്നു. 25 പന്തില്‍ നാല് വീതം സിക്‌സും ഫോറും സഹിതമാണ് റസ്സല്‍ 49 റണ്‍സെടുത്തത്. 25 പന്തില്‍ മൂന്ന് ഫോറുകളുടെ അകമ്പടിയോടെ 28 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് രണ്ടക്കം കണ്ട മറ്റൊരു താരം. കൊല്‍ക്കത്ത താരങ്ങള്‍ക്ക് ഒരു അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പോലും പടുത്തുയര്‍ത്താനായില്ല.
കൊല്‍ക്കത്ത ജഴ്‌സിയില്‍ ആദ്യ മത്സരത്തിന് ഇറങ്ങിയ ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് ചെറിയ സ്‌കോറില്‍ പുറത്തായി. ഫിഞ്ച് ഒരു സിക്‌സര്‍ നേടിയെങ്കിലും അഞ്ച് പന്തില്‍ നേടാനായത് ഏഴ് റണ്‍സ് മാത്രം. സീസണിലെ മോശം ഫോം തുടരുന്ന മറ്റൊരു ഓപ്പണര്‍ വെങ്കടേഷ് അയ്യര്‍ 13 പന്തില്‍ ഒരേയൊരു ഫോര്‍ സഹിതം ആറ് റണ്‍സെടുത്തും പുറത്തായി.
സുനില്‍ നരെയ്ന്‍ (രണ്ട് പന്തില്‍ ആറ്), ഷെല്‍ഡന്‍ ജാക്‌സന്‍ (ഏഴ് പന്തില്‍ ഏഴ്), പാറ്റ് കമ്മിന്‍സ് (മൂന്ന് പന്തില്‍ മൂന്ന്), ഐപിഎല്‍ അരങ്ങേറ്റത്തില്‍ ആദ്യ പന്തില്‍ത്തന്നെ ബൗണ്ടറി കണ്ടെത്തിയ അമന്‍ ഹക്കിം ഖാന്‍ (മൂന്ന് പന്തില്‍ അഞ്ച്) എന്നിവര്‍ക്കും കാര്യമായി തിളങ്ങാനായില്ല. ഉമേഷ് യാദവ് (1) പുറത്താകാതെ നിന്നു.
ഹൈദരാബാദിനായി നാല് ഓവറില്‍ 37 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് പിഴുത ടി നടരാജന്റെ പ്രകടനം ശ്രദ്ധേയമായി. ഉമ്രാന്‍ മാലിക്ക് നാല് ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തു. മാര്‍ക്കാന്‍ ജാന്‍സന്‍ നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങിയും ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 37 റണ്‍സ് വഴങ്ങിയും ജഗദീശ സുചിത് മൂന്ന് ഓവറില്‍ 32 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here