നടിയെ ആക്രമിച്ച കേസ്; കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി

നടിയെ ആക്രമിച്ച കേസില്‍, ദൃശ്യങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി.ശിരസ്തദാര്‍,തൊണ്ടി മുതല്‍ സൂക്ഷിപ്പ് ചുമതല വഹിക്കുന്ന ക്ലര്‍ക്ക് എന്നിവരെ ചോദ്യം ചെയ്യാനാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ക്രൈംബ്രാഞ്ചിന് അനുമതി നല്‍കിയത്.ഇതിനിടെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയ്യാറാണെന്നറിയിച്ച് ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരീഭര്‍ത്താവ് സുരാജും ക്രൈംബ്രാഞ്ച് നോട്ടീസിന് മറുപടി നല്‍കി. അതേ സമയം കേസില്‍ തുടരന്വേഷണ പുരോഗതി, ക്രൈംബ്രാഞ്ച് മറ്റന്നാള്‍ കോടതിയെ അറിയിക്കും.

നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന മെമ്മറി കാര്‍ഡിന്റെ ക്ലോണ്‍ഡ് കോപ്പി, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ അനുമതിയോടെ തിരുവനന്തപുരത്തെ ഫോറന്‍സിക്ക് ലാബില്‍ പരിശോധിച്ചപ്പോഴായിരുന്നു ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.2017 ഫെബ്രുവരി 18നാണ് ദൃശ്യങ്ങള്‍ അവസാനമായി കണ്ടത് എന്നായിരുന്നു ഔദ്യോഗിക രേഖ.എന്നാല്‍ പരിശോധനയില്‍ 2018 ഡിസംബര്‍ 13നാണ് ദൃശ്യങ്ങള്‍ അവസാനമായി കണ്ടത് എന്ന നിലയില്‍ ഹാഷ് വാല്യു മാറിയതായി വ്യക്തമായി.പരിശോധനാഫലത്തെ മുന്‍നിര്‍ത്തി, കേസിലെ തൊണ്ടിമുതല്‍ കോടതിയിലിരിക്കെ ചോര്‍ന്നുവെന്ന നിഗമനത്തിലെത്തിയ ക്രൈംബ്രാഞ്ച് ജീവനക്കാരെ ചോദ്യം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.ഈ സാഹചര്യത്തിലാണ് ഇതിന് അനുമതി തേടി ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കിയത്.അപേക്ഷ പരിഗണിച്ച കോടതി ശിരസ്തദാര്‍,തൊണ്ടി മുതല്‍ സൂക്ഷിപ്പ് ചുമതലയുള്ള ക്ലര്‍ക്ക് എന്നിവരെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കുകയായിരുന്നു.

ഇതിനിടെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സന്നദ്ധതയറിയിച്ച് ദിലീപിന്റെ സഹോദരന്‍ അനൂപ്,സഹോദരീഭര്‍ത്താവ് സുരാജ് എന്നിവര്‍ ക്രൈംബ്രാഞ്ച് നോട്ടീസിന് മറുപടി നല്‍കി.ഏതു ദിവസമാണെങ്കിലും ചോദ്യം ചെയ്യലിനെത്താന്‍ തയ്യാറാണെന്ന് രണ്ടുപേരും അറിയിച്ചു.സ്ഥലത്തില്ലാതിരുന്നതിനാലാണ് നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതെന്നാണ് ഇരുവരുടെയും വിശദീകരണം.അതേ സമയം കേസിലെ തുടരന്വേഷണ പുരോഗതി ക്രൈംബ്രാഞ്ച്, തിങ്കളാഴ്ച്ച വിചാരണക്കോടതിയെ അറിയിക്കും.കാവ്യാ മാധവന്‍ അടക്കമുള്ളവരെ ചോദ്യം ചെയ്യാന്‍ കഴിയാതിരുന്ന സാഹചര്യം ഉള്‍പ്പടെ വിശദമാക്കിയുള്ള റിപ്പോര്‍ട്ടില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടും.അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് മൂന്ന് മാസത്തെ സാവകാശം തേടിയുള്ള ക്രൈംബ്രാഞ്ചിന്റെ അപേക്ഷ ഹൈക്കോടതിയുടെയും പരിഗണനയിലുണ്ട്.ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്‍ അപേക്ഷയും തിങ്കളാഴ്ച്ച വിചാരണക്കോടതിയുടെ പരിഗണനയ്‌ക്കെത്തുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here