”ദാ മലയാളത്തിലെ റോക്കി ഭായി ഇവിടെയുണ്ട്…”അരുണ്‍ മനസ് തുറക്കുന്നു…

ബോക്‌സ് ഓഫീസിനെ തകര്‍ത്തെറിഞ്ഞ് തേരോട്ടം തുടരുകയാണ് കെജിഎഫ്2. യാഷ് റോക്കി ഭാഷ് എന്ന വേഷത്തില്‍ എത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ തരംഗം തീര്‍ത്തിരിക്കുകയാണ്. 2018ല്‍ എത്തിയ ചിത്രത്തിന്റെ ആദ്യ ഭാഗവും ബോക്‌സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ചിരുന്നു.

അരുണ്‍ സി എമ്മാണ് മലയാളത്തില്‍ റോക്കി ഭാഷിയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്. വെള്ളിത്തിരയില്‍ അരുണിന്റെ ശബ്ദത്തോടൊപ്പമാണ് റോക്കി ഭായി മലയാളത്തില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. അരുണുമായി കൈരളി ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ പ്രത്യേക അഭിമുഖത്തില്‍ നിന്നും..

– ഡബ്ബിംഗ് ഫീല്‍ഡിലേക്കുള്ള തുടക്കം എങ്ങനെയായിരുന്നു?

2006 ലാണ് ഡബ്ബിംഗ് ഫീല്‍ഡിങ്ങിലേക്കുള്ള തുടക്കം കുറിച്ചത്. അശ്വാരുഢന്‍ എന്ന ജയരാജ് സാറിന്റെ ചിത്രത്തിലാണ് ഡബ്ബ് ചെയ്ത് തുടങ്ങുന്നത്. 2008ല്‍ മാടമ്പി എന്ന ചിത്രത്തിലാണ് കാര്യമായ ഒരു ബ്രേക്ക് ഉണ്ടാക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലത്തെ കഥാപാത്രത്തിന് ഡബ്ബ് ചെയ്യാന്‍ കഴിഞ്ഞു എന്നത് വലിയൊരു നേട്ടമായിരുന്നു. 2017ല്‍ ബാഹുബലിയില്‍ ഡബ്ബ് ചെയ്തതോടെയാണ് ആളുകള്‍ അത്യവശ്യം തിരിച്ചറിയാന്‍ തുടങ്ങിയത്.

-ഫിലിം ഫീല്‍ഡിലേക്ക് എത്തിയത് ഡബ്ബിംഗ് എന്ന പാഷനിലൂടെയായിരുന്നോ?

സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കണമെന്നായിരുന്നു ആഗ്രഹം. അസോസിയേറ്റായും അസിസ്റ്റന്റായിട്ടുമൊക്കെ വര്‍ക്ക് ചെയ്തിട്ടുണ്ട്. കുറച്ച് സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണമെന്ന് തന്നെയായിരുന്നു ആഗ്രഹം. ഒരു ബ്രാന്‍ഡ് ഉണ്ടായി വന്നത് ഡബ്ബിംഗിലാണെന്ന് മാത്രം.

– കെജിഎഫ് ഒന്നാം ഭാഗത്തിന്റെ ഡബ്ബിംഗ് രണ്ടര മണിക്കൂര്‍ കൊണ്ട് തീര്‍ക്കേണ്ടി വന്നു. വളരെ കുറച്ച് സമയം കൊണ്ട് ഇത്രയും വലിയൊരു പ്രോജക്ട് പൂര്‍ത്തീകരിക്കുക എന്നത് വലിയൊരു ടാസ്‌ക് ആയി തോന്നിയിരുന്നോ?

താരതമ്യേന ഒന്നാം ഭാഗത്തില്‍ ഡയലോഗുകള്‍ കുറവായിരുന്നു. അതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് അത് ചെയ്യാന്‍ പറ്റി. ആ സമയത്ത് പടം എടുത്തത് സജിത്ത് പല്ലവി ആയിരുന്നു. എന്നാല്‍ അദ്ദേഹത്തിന് വളരെ ചുരുങ്ങിയ സമയമാണ് അതിന്റെ പ്രൊഡക്ഷന് ലഭിച്ചത്. പടം റിലീസാകുന്നതിന് രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിന് ചിത്രം ലഭിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ വോയ്‌സ് കാസ്റ്റ് ചെയ്യുകയും സ്‌ക്രിപ്പ്റ്റ് തയാറാക്കുകയും പാട്ടുകള്‍ എഴുതി തീര്‍ക്കുകയും ചെയ്തിരുന്നു. അദ്ദേഹവും ആ ടാസ്‌ക് വളരെ ഭംഗിയായി ചെയ്തു. ഒന്നാം ഭാഗം ഗംഭീരമായി വിജയിക്കുകയും ചെയ്തു. എന്നാല്‍ രണ്ടാം ഭാഗത്തേക്ക് എത്തിയപ്പോള്‍ കൂടുതല്‍ സമയം കിട്ടി.

– ശങ്കര്‍ രാമകൃഷ്ണന്റെ കൂടെ ദീര്‍ഘ സമയം വര്‍ക്ക് ചെയ്യാന്‍ പറ്റി. ശങ്കര്‍ രാമകൃഷ്ണന്റെ കൂടെയുള്ള വര്‍ക്ക് എക്‌സ്പീരിയന്‍സ് എങ്ങനെ ഉണ്ടായിരുന്നു?

മലയാളത്തിലെ മികച്ചൊരു സംവിധായകനും എഴുത്തുകാരനുമായ ശങ്കര്‍ സാറിന്റെ കൂടെ പ്രവര്‍ത്തിച്ചത് നല്ലൊരു അനുഭവമായിരുന്നു. ഒറിജിനല്‍ കണ്ടെന്റിനോട് നീതി പുലര്‍ത്താന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. ചിത്രത്തിനായി അദ്ദേഹം നല്ല രീതിയില്‍ വര്‍ക്ക്ഔട്ട് ചെയ്തിട്ടുണ്ട്. അഭിനയത്തിന്റേതായ പല വശങ്ങളെക്കുറിച്ച് സാര്‍ പറഞ്ഞുതന്നിട്ടുണ്ട്.

– റോക്കി ഭായി എന്ന കഥാപാത്രം ഒരേ സമയത്ത് തന്നെ നല്ല രീതിയില്‍ വോയ്‌സ് മോഡുലേഷന്‍ ചെയ്യുന്നുണ്ട്. പെട്ടെന്നുണ്ടാകുന്ന ആ മാറ്റം ഡബ്ബിംഗ് ചെയ്തപ്പോള്‍ എങ്ങനെയായിരുന്നു?

രണ്ടാം ഭാഗത്ത് എത്തിയപ്പോള്‍ യാഷിന്റെ അഭിനയത്തിന്റെ പാറ്റേണില്‍ തന്നെ മാറ്റം വന്നിട്ടുണ്ട്. ആ അഭിനയം കണ്ട് വിസ്മയിച്ച് ഒരുപാട് ആസ്വദിച്ചാണ് ഡബ്ബ് ചെയ്തത്.

– ഡബ്ബിംഗിന്റെ സമയത്ത് യാഷിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും തരത്തിലുള്ള അഭിപ്രായമോ നിര്‍ദേശങ്ങളോ മറ്റോ ലഭിച്ചിരുന്നോ?

മലയാളത്തിന് മാത്രമായി പ്രത്യേകിച്ച് നിര്‍ദേശങ്ങളൊന്നും ലഭിച്ചില്ല. എന്നാല്‍ സിനിമയിലെ പല ഡയലോഗുകള്‍ക്കും അദ്ദേഹം പല മോഡുലേഷനുകള്‍ വരുത്തിയിരുന്നു. സിനിമയിലെ ചില പഞ്ച് ഡയലോഗുകള്‍ക്ക് പലവട്ടം അദ്ദേഹം പ്ലാന്‍ ചെയ്ത് പാറ്റേണില്‍ മാറ്റം വരുത്തിയിരുന്നു.

– അന്യഭാഷാ ചിത്രങ്ങളെ മലയാളികള്‍ പൊതുവേ ഇരുകൈനീട്ടിയും സ്വീകരിക്കാറുണ്ട്. റോക്കി ഭായി എന്ന കഥാപാത്രത്തിന് ആദ്യ ഭാഗത്തിനു ശേഷം തന്നെ കേരളത്തില്‍ നല്ല ഫാന്‍ബേസ് ഉണ്ടായിട്ടുണ്ട്. മലയാളത്തിലേക്ക് ചിത്രമെത്തുമ്പോള്‍ ആ കഥാപാത്രത്തിന്റെ ശബ്ദം താങ്കളാണ്. താങ്കളുടെ ശബ്ദത്തിലാണ് റോക്കി ഭായി പ്രേക്ഷകരിലേക്ക് എത്തുന്നത്. എന്താണ് തോന്നുന്നത്?

ഒരുപാട് സന്തോഷമുണ്ട്. വലിയൊരു ഉത്തരവാദിത്തമായിരുന്നു. കന്നട ഇന്‍ഡസ്ട്രിയില്‍ നിന്ന് മലയാളം ഇന്‍ഡസ്ട്രിയെ റെപ്രസന്റ് ചെയ്യുമ്പോള്‍ ആ ഒരു കമിറ്റ്‌മെന്റ് നല്ല രീതിയില്‍ ഉണ്ടായിരുന്നു. അതിന് വേണ്ടി നന്നായി ഹാര്‍ഡ് വര്‍ക്കും ചെയ്തിട്ടുണ്ട്. അതിന്റെ റിസള്‍ട്ടാണ് ഇപ്പോള്‍ ലഭിക്കുന്നത്.

– ഏറ്റവും പുതിയ പ്രോജക്ട് ഏതാണ്?

ഇനി വരാനുള്ളത് വിക്രാന്ത് റോണ എന്ന സിനിമയാണ്. ഈച്ചയിലെ നായകന്‍ സുദീപ് സാറാണ് അതിലെ പ്രധാന കഥാപാത്രമായി എത്തുന്നത്. ജൂണ്‍ 28ന് ചിത്രം റിലീസ് ആകും. ഒറു ഹൊറര്‍ എന്റര്‍ടേയ്‌നര്‍ വിഷ്വല്‍ മാജിക്കായിരിക്കും ചിത്രം. ഞാനതില്‍ ഡബ്ബിംഗ് ഡയറക്ടര്‍ ആണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News