കെ സ്വിഫ്റ്റിനോട് എന്തിത്ര വിരോധം ? വ്യാജ വാര്‍ത്തകള്‍ക്ക് പിന്നില്‍ ആര് ? എന്ത് ?

ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞു നില്‍ക്കുന്നത് കെഎസ്ആര്‍ടിസിയുടെ പുതിയ സംരംഭമായ കെ സ്വിഫ്റ്റ് ആണ്.

കെ.സ്വിഫ്റ്റ് ബസിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു…….
(പിന്നീട് പിക്കപ്പ് വാനിടിച്ച് എന്ന് തിരുത്തി)

കെ. സ്വിഫ്റ്റ് ബസ് വയനാട് ചുരത്തില്‍ കൂട്ടിയുരസി…….

കെ.സ്വിഫ്റ്റ് ബസ്സിന്റെ മിറര്‍ പൊട്ടി ……

കെ.സ്വിഫ്റ്റ് യാത്രക്കാരനില്‍ നിന്ന് കഞ്ചാവ് പിടികൂടി…….

കെ.സ്വിഫ്റ്റിന്റെ ടയര്‍ പൊട്ടി…….

കഴിഞ്ഞ മൂന്ന് ദിവസമായി കെ.എസ്.ആര്‍.ടി.സിയുടെ പുതിയ കെ. സ്വിഫ്റ്റ് സര്‍വ്വീസിനെ ബന്ധപ്പെടുത്തി ചില മലയാളം വാര്‍ത്താ ചാനലുകളിലും സോഷ്യല്‍ മീഡിയകളിലും വരുന്ന വാര്‍ത്തകളിതൊക്കെയാണ്. 3 ദിവസമായി കേരളത്തിലെ എല്ലാ മാധ്യമങ്ങളിലേയും പ്രധാന വാര്‍ത്തകളില്‍ ഒന്ന് സ്വിഫ്റ്റിന് സംഭവിച്ച അപകട വാര്‍ത്തകളാണ്.

സ്വിഫ്റ്റ് തട്ടി കുന്നംകുളത്ത് ഒരാള്‍ മരിച്ചതായി ആരോപണം എന്ന വാര്‍ത്തയും വരുന്നുണ്ട്. മരിച്ച ആളെ ആദ്യം ഇടിച്ചത് പിക്കപ്പ് വാന്‍ ആണെന്നത് മറ്റൊരു സത്യം.

ഈ വാര്‍ത്തകളില്‍ എന്തങ്കിലും അസ്വാഭാവികത ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ…! എങ്കില്‍ അത് വെറും തോന്നല്‍ മാത്രമല്ല. ഇതിന്റെ സത്യാവസ്ഥയും വാസ്തവവും എന്താണെന്ന് തിരിച്ചറിയാന്‍ അങ്ങ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍പോയി ബിരുദവും ബിരുദാനന്തര ബിരുദവും ഒന്നും എടുക്കണ്ട. പകരം നമുക്ക് ചുറ്റും ഒന്ന് നോക്കിയാല്‍ മാത്രം മതി. എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ നിരന്തരമായി കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിനെ മോശപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് ചോദിച്ചാല്‍ അതിന് മറുപടി പലതാണ്.

വികസന വിരുദ്ധ പ്രചരണങ്ങള്‍ നടത്തി സര്‍ക്കാരിനെയും പദ്ധതിയെയും അപകീര്‍ത്തിപെടുത്തുകയാണ് ഒരുകൂട്ടരുടെ ലക്ഷ്യം. പ്രൈവറ്റ് ബസ് ലോബിയില്‍ നിന്നും പണം, അല്ലെങ്കില്‍ കുപ്പിയും കോഴിക്കാലും വാങ്ങി നടത്തുന്ന പ്രചരണമാണ് മറ്റൊന്ന്. സ്വിഫ്റ്റ് ബസുകള്‍ക്കെതിരായി കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളില്‍ നിന്ന് ഓരോ അഞ്ചു മിനിട്ടിലും വാര്‍ത്തകള്‍ പ്രവഹിക്കുകയാണ്.

‘ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി സര്‍ക്കാര്‍ ആരംഭിച്ച കെ. സ്വിഫ്റ്റ് എന്ന പുതിയ സംരഭത്തെ തുടക്കം മുതല്‍ എഴുതി തുലയ്ക്കുവാനാണ് മലയാള മാധ്യമങ്ങളുടെ ‘പാഴ് ‘ ശ്രമം. സ്വകാര്യ ലക്ഷ്വറി ബസ് ലോബിയില്‍ നിന്ന് അച്ചാരം വാങ്ങി കെ എസ്ആര്‍ടിസിയെ പിന്നിലാക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. 3 ദിവസം മാത്രം പ്രായമുള്ള കെ സ്വീഫ്റ്റിനെതിരെയും വാര്‍ത്തകള്‍ പടച്ചുവിടുന്നതിന്റെ പിന്നില്‍ സ്വകാര്യ ലോബികള്‍ക്ക് വേണ്ടിയാണന്ന് പകല്‍ പോലെ വ്യക്തമാണ്.

3 ദിവസം മുന്‍പ് മാത്രം സര്‍വ്വീസ് ആരംഭിച്ച കെ സ്വിഫ്റ്റ് എന്ന കുറഞ്ഞ ചിലവിലുള്ള സമയ ലാഭവും സാമ്പത്തിക ലാഭവുമുള്ള സുഖയാത്രയ്ക്കതിരെയും കള്ളക്കഥകള്‍ യാതൊരു അറപ്പുമില്ലാതെ മെനയുന്ന മാധ്യമങ്ങള്‍ സ്വകാര്യ ബസ്സ് മാഫിയയ്ക്കു വേണ്ടിയാണന്നത് ബോധമുള്ള ആര്‍ക്കും മനസിലാകും.

കെ സ്വിഫ്റ്റ്‌നെതിരെ മാത്രമല്ല കേരളത്തിനെ ആധുനിക വത്കരിക്കുവാനുള്ള, അടിസ്ഥാന സൗകാര്യ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ എല്ലാം വ്യാപകമായി സംഘടിത ആക്രമണവും ഗൂഡാലോചനയുമാണ് ഒരുകൂട്ടം ആളുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ ചില വാര്‍ത്ത മാധ്യമങ്ങള്‍ ഇത്രയും നെഗറ്റീവ് അടിച്ചു ഇന്നലെ തുടങ്ങിയ ഒരു സര്‍വീസിന്റെ അപകടം പോലും ആഘോഷം ആക്കുകയാണ്.

കൈ പിടിച്ചു ഉയര്‍ത്തേണ്ട നമ്മുടെ ആനവണ്ടിയെ എങ്ങനെ നെഗറ്റീവ് അടിച്ചു ആളുകള്‍ക്ക് മുന്‍പില്‍ കോമാളി ആയി അവതരിപ്പിക്കാം എന്ന് ചിന്തിക്കുന്ന ചില ജന്മങ്ങളെപ്പോലെ അധപധിക്കുകയാണവര്‍.സ്വിഫ്റ്റ് ദീര്‍ഘദൂര സര്‍വ്വീസ് ലക്ഷ്യം വെച്ച് കെ എസ് ആര്‍ ടി സി ആരംഭിച്ച പുതിയ സംവിധാനം ആണ്. നിലവില്‍ കേരളത്തിലെ പ്രധാന നഗരങ്ങളിലേയ്ക്കാണ് സര്‍വ്വീസ് എങ്കിലും അധികം വൈകാതെ ചെന്നൈ, ബാംഗ്ലൂര്‍, തുടങ്ങിയ സംസ്ഥാനത്തിന് പുറത്തുള്ള നഗരങ്ങളിലേയ്ക്കും സര്‍വ്വീസ് ആരംഭിക്കും.

നിലവില്‍ തിരുവനന്തപുരത്ത് നിന്നും ചെന്നയിലേയ്ക്ക് തിരുനെല്‍വേലി, മധുര വഴി 1953 രൂപയും ആലപ്പുഴ,പാലക്കാട്, സേലം വഴി 2181 രൂപയുമാണ് സ്വിഫ്റ്റ് നിശ്ചയിച്ചിരിക്കുന്ന തുക. മറ്റ് സ്വകാര്യ സര്‍വീസുകളെ അപേക്ഷിച്ച് മുന്നൂറു രൂപ മുതല്‍ കുറവാണ് ഈ റേറ്റ്, സീസണ്‍ ടൈമുകളില്‍ ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുന്ന സ്വകാര്യ ബസ്സ് കമ്പനികളെ കൂടി ഓര്‍ത്താല്‍ , സൗകര്യങ്ങളില്‍ സ്വകാര്യ ബസ്സുകള്‍ക്ക് ഒപ്പം കിടപിടിക്കും സ്വിഫ്റ്റ്. ചാര്‍ജ്ജ് കുറവും…! ഇപ്പോള്‍ ഒരു വിധം സത്യാവസ്ഥ നിങ്ങള്‍ക്കും മനസിലായിക്കാണുമല്ലോ അല്ലേ… അത്രയേ ഒള്ളൂ…നിലവില്‍ ഉള്ള സര്‍വീസ് തീര്‍ച്ചയായും വളരെ നന്നായി KSRTC യില്‍ മുന്നോട്ട് പോകുന്നുണ്ട്.

കോവിഡ് കാലത്തില്‍ നിന്നും നമ്മുടെ ആനവണ്ടിയും കര കയറാന്‍ ശ്രമിക്കുമ്പോള്‍ കൈ പിടിച്ചു ഉയര്‍ത്തുന്നതിന് പകരം നെഗറ്റീവ് മാത്രം ഉന്നയിക്കുന്നവരോട് ഒരു കാര്യം മാത്രമേ പറയാനുള്ളൂ… നിങ്ങള്‍ നിങ്ങളുടെ വ്യാജ പ്രചരണവുമായി മുന്നോട്ട് പോവുക. കെഎസ്ആര്‍ടിസിയെ സാധാരണക്കാര്‍ക്ക് നന്നായിട്ടറിാം. അതുണ്ട് തന്നെ ഈ പേടിപ്പിക്കലൊന്നും ഇവര്‍ക്ക് ഏല്‍ക്കുകയുമില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News