ഉപതെരഞ്ഞെടുപ്പുകളിൽ കനത്ത തിരിച്ചടി നേരിട്ട്‌ ബിജെപി; നാല്‌ സംസ്ഥാനങ്ങളിൽ തോറ്റു

നാല് സംസ്ഥാനങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ കാലിടറി ബിജെപി. എല്ലായിടത്തും പരാജയം ഏറ്റുവാങ്ങി കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി. അതേസമയം, ബംഗാളിലെ ബാളിഗഞ്ച് മണ്ഡലത്തില്‍ രണ്ടാം സ്ഥാനവും 30 ശതമാനം വോട്ടും നേടി വന്‍ തിരിച്ച് വരവ് നടത്തുകയാണ് സിപിഐഎം.

ബംഗാള്‍, ഛത്തീസ്ഗഡ്, ബിഹാര്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലായി നടന്ന തെരഞ്ഞെടുപ്പുകളില്‍ വന്‍ പരാജയമാണ് കേന്ദ്ര ഭരണ കക്ഷി ഏറ്റുവാങ്ങിയത്. അസന്‍സോള്‍ ലോക്‌സഭാ മണ്ഡലത്തിലെയും നാല് നിയമസഭാ മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പ് കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ വിധിയെഴുത്തായി മാറി. അഞ്ചിടങ്ങളിലും ബിജെപി വിരുദ്ധ പാര്‍ട്ടികള്‍ വിജയം പിടിച്ചെടുത്തു.

ബംഗാളിലെ ബാളിഗഞ്ച് നിയമസഭാ മണ്ഡലം തൃണമൂലിന്റെ ബാബുല്‍ സുപ്രിയോ പിടിച്ചപ്പോള്‍, രണ്ടാം സ്ഥാനം നേടിക്കൊണ്ട് സിപിഐഎം വന്‍ തിരിച്ചുവരവിനൊരുങ്ങുകയാണ്. സിപിഐഎം സ്ഥാനാര്‍ത്ഥി സൈറ ഷാ ഹലിം മുപ്പത് ശതമാനത്തിലധികം വോട്ടുകളാണ് നേടിയത്. ബുദ്ധദേവിന്റെ വാര്‍ഡില്‍ സിപിഐഎം നേടിയത് 1200 വോട്ടിന്റെ ഭൂരിപക്ഷം. ബിജെപിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളാനും സിപിഐഎമ്മിനായി. വരുംതെരഞ്ഞെടുപ്പുകളിലും മികച്ച പ്രവര്‍ത്തനം നടത്തി ബംഗാളില്‍ പഴയ പ്രതാപം തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് സിപിഐഎം.

അസന്‍സോള്‍ ലോക്‌സഭാ മണ്ഡലത്തില്‍ നടന്‍ ശത്രുഘ്‌നന്‍ സിന്‍ഹയിലൂടെ തൃണമൂല്‍ ബിജെപി സീറ്റ് പിടിച്ചെടുത്തു. മൂന്ന് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് തൃണമൂല്‍ വിജയം.

ബിഹാറിലെ ബോച്ചഹനില്‍ മഹാഗഡ്ബന്ധന്‍ സഖ്യത്തിനായി ആര്‍ജെഡി സ്ഥാനാര്‍ത്ഥി അമര്‍ പാസ്വാന്‍ 36,653 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. എന്‍ഡിഎ ഘടകകക്ഷിയായ വികാസ് ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടി സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് ബിജെപിക്ക് തിരിച്ചടിയായി. വികാസ് ശീല്‍ പാര്‍ട്ടി നേതാവ് മുസാഫിര്‍ പാസ്വാന്റെ മരണത്തെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പിലാണ് മകന്റെ വിജയത്തേരോട്ടം. സ്വന്തം പാര്‍ട്ടിയില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ആര്‍ജെഡിയില്‍ ചേക്കേറുകയായിരുന്നു അമര്‍ പാസ്വാന്‍.

ഛത്തീസ്ഗഡിലെ ഖൈറാഗഞ്ചിലും മഹാരാഷ്ട്രയിലെ കോലാപ്പൂര്‍ നോര്‍ത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ് വിജയിച്ചുകയറിയത്. കോലാപ്പൂരില്‍ യാദവ് ജയശ്രീ ചന്ദ്രകാന്ത് 19,307 വോട്ടിന് ബിജെപിയെ പരാജയപ്പെടുത്തി. ഖൈറാഗഞ്ചില്‍ യശോദ നിലമ്പര്‍ വര്‍മ 20,176 വോട്ടുകളുടെ ഭൂരിപക്ഷം നേടി ബിജെപിയുടെ പരാജയം സമ്പൂര്‍ണമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News